'ഞങ്ങളുടെ പിഴവ്'; ആരാധകരോട് ക്ഷമാപണം നടത്തി വാല്‍വര്‍ഡേയും എംബാപ്പെയും

ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അത്‌ലറ്റിക് ക്ലബ്ബ് റയലിനെ തകർത്തത്

Update: 2024-12-05 07:39 GMT
Advertising

ലാലിഗയിൽ അത്‌ലറ്റിക്ക് ക്ലബ്ബിനോടേറ്റ തോൽവിക്ക് പിറകേ ആരാധകരോട് മാപ്പ് പറഞ്ഞ് റയൽ താരങ്ങളായ കിലിയൻ എംബാപ്പെയും ഫെഡെ വാൽവർഡേയും. മത്സരത്തിൽ വാൽവർഡേയുടെ പിഴവിൽ നിന്നാണ് അത്‌ലറ്റിക് ക്ലബ്ബിന്റെ വിജയഗോൾ പിറന്നത്. കിലിയൻ എംബാപ്പെ നിർണായക പെനാൽട്ടി പാഴാക്കിയതും റയലിന് വിനയായി.

സോഷ്യൽ മീഡിയ കുറിപ്പിലൂടെയായിരുന്നു ഇരുവരുടേയും ക്ഷമാപണം. ''ഇന്നൊരു കഠിനമായ ദിനമാണ്. ആരാധകരോടും എന്റെ സഹതാരങ്ങളോടും ഞാൻ മാപ്പ് ചോദിക്കുന്നു. ഫുട്‌ബോളിൽ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് എനിക്ക് നന്നായറിയാം. പക്ഷെ എന്റെ പിഴവ് പിഴവല്ലാതാവില്ല. ഇനിയും ഒരുപാട് മത്സരങ്ങൾ നടക്കാനുണ്ട്. എനിക്കുറപ്പുണ്ട് റയൽ തിരിച്ച് വരും''- വാൽവർഡേ കുറിച്ചു.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് എംബാപ്പെ ആരാധകരോട് ക്ഷമാപണം നടത്തിയത്. ''ഒരു മോശം റിസൽട്ടാണ് നമുക്ക് ലഭിച്ചത്. വലിയ പിഴവാണ് ഞാൻ വരുത്തിയത്. അതിനാൽ തോൽവിയുടെ ഉത്തരവാദിത്തം മുഴുവൻ ഞാൻ ഏറ്റെടുക്കുന്നു. മോശം സമയത്തിലൂടെയാണ് കടന്നു പോവുന്നത് എന്നറിയാം. പക്ഷെ എന്നെ മാറ്റിപ്പണിയാൻ ഏറ്റവും മികച്ച സമയം ഇതാണെന്നാണ് ഞാൻ കരുതുന്നത്''- എംബാപ്പെ കുറിച്ചു.

ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അത്‌ലറ്റിക് ക്ലബ്ബ് റയലിനെ തകർത്തത്. അലെജാൻഡ്രോ റെമിറോയും ഗോർകാ ഗുരുസേട്ടയുമാണ് ആതിഥേയർക്കായി വലകുലുക്കിയത്. ജൂഡ് ബെല്ലിങ്ഹാമാണ് റയലിനായി സ്‌കോർ ചെയ്തത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News