'കൂടുതല്‍ ഉയരങ്ങളിലേക്ക് പി.എസ്.ജി'; ഔദ്യോഗിക സ്പോണ്‍സറായി ഖത്തർ എയർവേയ്‌സ്
നേരത്തെ പ്രവാചക നിന്ദ വിവാദം കത്തിനില്‍ക്കുമ്പോഴായിരുന്നു 'നാഗ്പൂരിൽ നിന്ന് പറന്ന് ലോകം കാണൂ' എന്ന ഖത്തര്‍ എയർവേയ്സിന്‍റെ പരസ്യം ശ്രദ്ധിക്കപ്പെടുന്നത്.
ഫ്രഞ്ച് ഫുട്ബോള്‍ ക്ലബ്ബായ പി.എസ്.ജിയുടെ ഔദ്യോഗിക ജഴ്സി സ്പോണ്‍സര്‍മാരായി ഖത്തര്‍ എയര്‍വേയ്സ്. നേരത്തെ 2020 സീസണ്‍ മുതല്‍ പി.എസ്.ജിയുടെ പ്രീമിയം സ്പോണ്‍സര്‍ഷിപ്പ് ഖത്തര്‍ എയര്‍വേയ്സിനാണ്. ജഴ്സിയുടെ ഔദ്യോഗിക സ്പോണ്‍സറായിരുന്നത് പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പായ അക്കോര്‍ ആയിരുന്നു. അവരുമായുള്ള കരാര്‍ അവസാനിച്ചതോടെയാണ് ഇപ്പോള്‍ ഖത്തര്‍ എയര്‍വേയ്സും പി.എസ്.ജിയും തമ്മില്‍ ധാരണയായിരിക്കുന്നത്.
നേരത്തെ 'നാഗ്പൂരിൽ നിന്ന് പറന്ന് ലോകം കാണൂ' എന്ന ഖത്തർ എയർവേയ്സിന്‍റെ പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഔദ്യോഗിക വെബ്സൈറ്റിലെ ഹോം സ്ക്രീന്‍ ബാനറിലാണ് ഈ പരസ്യം പ്രത്യക്ഷപ്പെട്ടത്. ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ ഖത്തർ അടക്കമുള്ള ലോകരാഷ്ട്രങ്ങൾ രംഗത്തുവന്നപ്പോൾ, ഖത്തർ എയർവേയ്സ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ചില സംഘപരിവാര്‍ ഗ്രൂപ്പുകള്‍ രംഗത്തെത്തിയിരുന്നു. ട്വിറ്ററിലടക്കം ഖത്തര്‍ എയര്‍വേയ്സിനെതിരെ ക്യാമ്പയിൻ നടക്കുകയും ചെയ്തു.
ഖത്തര്‍ എയര്‍വേയ്സ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തുള്ള ഹാഷ്ടാഗ് ക്യാമ്പയിൻ ട്വിറ്ററിൽ ആരംഭിച്ചെങ്കിലും അക്ഷരപ്പിശക് സംഭവിച്ചു. Boycott എന്ന വാക്കിന് Bycott എന്നാണ് ഉപയോഗിച്ചത്. ഈ അമളിയും വലിയ തരത്തില്‍ ട്രോള്‍ ചെയ്യപ്പെട്ടു.
ഉത്തർപ്രദേശ് ബി.ജെ.പി വക്താവ് ഗൗരവ് ഗോയൽ, ഛണ്ഡീഗഢ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അമിത് റാണ തുടങ്ങിയ പ്രമുഖരടക്കം തെറ്റായ ഹാഷ്ടാഗാണ് ഉപയോഗിച്ചത്. തീവ്രഹിന്ദുത്വ ഗ്രൂപ്പുകളുടെ ക്യാമ്പയിൻ ഹാഷ് ടാഗിലെ തെറ്റ് പിന്നീട് ട്വിറ്ററില്‍ ട്രെൻഡിങ്ങാകുകയും ചെയ്തു. 'ആദ്യം ബോയ്കോട്ട് എന്ന് തെറ്റാതെ എഴുതാൻ പഠിക്കൂ' എന്നുവരെ പരിഹാസങ്ങളുണ്ടായി. അങ്ങനെ വിവാദം കത്തിനില്‍ക്കുമ്പോഴായിരുന്നു 'നാഗ്പൂരിൽ നിന്ന് പറന്ന് ലോകം കാണൂ' എന്ന ഖത്തര്‍ എയർവേയ്സിന്‍റെ പരസ്യം ശ്രദ്ധിക്കപ്പെടുന്നത്.