റോജർ നല്ല മനുഷ്യനാണ്, അദ്ദേഹത്തോടൊപ്പം ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്: മുഹമ്മദ് അസ്ഹറുദ്ദീൻ

ബി.സി.സി.ഐ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ഗാംഗുലിക്ക് ഐ.പി.എൽ ചെയർമാൻ പദവി വാഗ്ദാനം ചെയ്തെങ്കിലും ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല

Update: 2022-10-18 15:00 GMT
Editor : afsal137 | By : Web Desk
Advertising

മുംബൈ: റോജർ ബിന്നിയെ ബി.സി.സിഐ അധ്യക്ഷനായി തെരഞ്ഞെടുത്തതിൽ സന്തോഷം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീൻ. റോജർ ബിന്നി നല്ല മനുഷ്യനാണ്. അദ്ദേഹത്തോടൊപ്പം ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ടെന്നും ഇരുവർക്കും ഒരുപാട് ഓർമ്മകളുണ്ടെന്നും അസ്ഹറുദ്ദീൻ പറഞ്ഞു. അതേസമയം ഐസിസി സ്ഥാനത്തേക്കുള്ള ഇന്ത്യയുടെ മത്സരാർത്ഥിയെ സംബന്ധിച്ച ബോർഡിന്റെ തീരുമാനവും അദ്ദേഹം അറിയിച്ചു.

ഐസിസി ചെയർമാൻ സ്ഥാനത്തെക്കുറിച്ച് ഇന്ന് ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും അക്കാര്യം ബോർഡ് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബി.സി.സി.ഐയുടെ 36ാമത് അധ്യക്ഷനായാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോജർ ബിന്നിയെ തെരഞ്ഞെടുത്തത്. സൗരവ് ഗാംഗുലിയുടെ പിൻഗാമിയായാണ് റോജർ എത്തുന്നത്. ബോർഡിന്റെ മുഖ്യ സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ച ഏക സ്ഥാനാർത്ഥി റോജർ മാത്രമായിരുന്നു.

ചൊവ്വാഴ്ച മുംബൈ താജ് മഹൽ ഹോട്ടലിൽ നടന്ന 91-ാമത് ബി.സി.സി.ഐ വാർഷിക ജനറൽ ബോഡി യോഗത്തിലായിരുന്നു അധികാരകൈമാറ്റം. ബിസിസിഐ സെക്രട്ടറിയായി ജയ് ഷാ തുടരും. ട്രഷററായി ആശിഷ് ഷെലാറിനെയാണ് നിയമിച്ചത്. രാജീവ് ശുക്ല വൈസ് പ്രസിഡന്റും ദേവജിത് സൈകിയ ജോയിന്റ് സെക്രട്ടറിയുമായിരിക്കും. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ചെയർമാനായി അരുൺ ധുമൽ നിയമിതനായി.

ബി.സി.സി.ഐ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ഗാംഗുലിക്ക് ഐ.പി.എൽ ചെയർമാൻ പദവി വാഗ്ദാനം ചെയ്തെങ്കിലും സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന് ഗാംഗുലി വ്യക്തമാക്കിയിട്ടുണ്ട്. കർണാടക ക്രിക്കറ്റ് അസോസിയേഷനിലടക്കം പ്രവർത്തിച്ച് പരിചയ സമ്പത്തുള്ള വ്യക്തിയാണ് റോജർ ബിന്നി. ഇന്ത്യക്കായി 27 ടെസ്റ്റുകളിൽ കളിച്ചിട്ടുള്ള ബിന്നി 47 വിക്കറ്റെടുകളെടുത്തിട്ടുണ്ട്. 72 ഏകദിനങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ ബിന്നി 1983ലെ ലോകകപ്പിൽ എട്ട് മത്സരങ്ങളിൽ 18 വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ ഹീറോ ആയിരുന്നു. കോച്ചിംഗ് കരിയറിൽ 2012 മുതൽ രഞ്ജി ട്രോഫിയിൽ ബംഗാൾ, കർണാടക ടീമുകൾക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. ദേശീയ സീനിയർ സെലക്ഷൻ കമ്മിറ്റിയുടെ ഭാഗമായിരുന്നു. മുൻ ഇന്ത്യൻ താരം സ്റ്റുവർട്ട് ബിന്നി മകനാണ്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News