കോഹ്ലി ക്യാപ്റ്റൻസി കൈമാറും; രോഹിത് ഉടൻ നായകനാകുമെന്ന് കിരൺ മോറെ
ഇംഗ്ലണ്ട് പര്യടനത്തിനുശേഷം 'സ്പ്ലിറ്റ് ക്യാപ്റ്റൻസി' കാര്യത്തിൽ തീരുമാനം വന്നേക്കുമെന്ന് ബിസിസിഐ സെലക്ഷൻ കമ്മിറ്റി മുൻ ചെയർമാൻ കൂടിയായ മോറെ സൂചിപ്പിച്ചു
ഇന്ത്യൻ ക്രിക്കറ്റിൽ 'സ്പ്ലിറ്റ് ക്യാപ്റ്റൻസി' നയം നടപ്പാക്കണമെന്ന് ആവശ്യമുയരാൻ തുടങ്ങിയിട്ട് കുറച്ചുനാളായി. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ പോലുള്ള ടീമുകൾ പരീക്ഷിച്ചു വിജയിച്ച ഈ തന്ത്രം ഇന്ത്യയും ഒരു ഘട്ടത്തിൽ പിന്തുടർന്നിരുന്നു. എംഎസ് ധോണി ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞപ്പോഴായിരുന്നു അത്. ടെസ്റ്റിൽ വിരാട് കോഹ്ലിയും ഏകദിനത്തിലും ടി20യിലും ധോണിയുമായിരുന്നു ഇന്ത്യയെ കുറേനാൾ നയിച്ചിരുന്നത്. പിന്നീട് എല്ലാ ഫോർമാറ്റുകളിലും നായകസ്ഥാനം കോഹ്്‌ലി ഏറ്റെടുത്തു.
എന്നാൽ, ഇപ്പോൾ മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പറും ബിസിസിഐ സെലക്ഷൻ കമ്മിറ്റി മുൻ ചെയർമാനുമായ കിരൺ മോറെ ഇന്ത്യ വീണ്ടും 'സ്പ്ലിറ്റ് ക്യാപ്റ്റൻസി'യിലേക്കു പോകുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ്. ഏകിദനത്തിലും ടി20യിലും ക്യാപ്റ്റൻസി കോഹ്ലി ഉടൻ തന്നെ രോഹിത് ശർമയ്ക്ക് കൈമാറുമെന്നാണ് മോറെ പറയുന്നത്. ടെസ്റ്റിൽ കോഹ്ലി തുടരുകയും ചെയ്യും. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനു തൊട്ടുശേഷമോ ടി20 ലോകകപ്പിനു മുൻപോ ഇക്കാര്യത്തിൽ തീരുമാനമാകുമെന്നാണ് മോറെ സൂചിപ്പിക്കുന്നത്.
രോഹിത് ശർമയ്ക്ക് അധികം വൈകാതെ അവസരം ലഭിക്കുമെന്നാണ് വിശ്വസിക്കുന്നത്. ധോണിക്കു കീഴിൽ കളിച്ച സമർത്ഥനായ നായകനാണ് കോഹ്ലി. എത്ര കാലം ഇങ്ങനെ ടി20, ഏകദിന ക്യാപ്റ്റനായി തുടരും? കോഹ്ലി തന്നെ ഇതേക്കുറിച്ച് ആലോചിക്കും. ഇംഗ്ലണ്ട് പര്യടനത്തിനുശേഷം ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനാകും-ഒരു ദേശീയ മാധ്യമത്തോട് മോറെ വെളിപ്പെടുത്തി.
'സ്പ്ലിറ്റ് ക്യാപ്റ്റൻസി' ഇന്ത്യയിൽ ഫലപ്രദമാകും. ഇന്ത്യൻ ടീമിന്റെ ഭാവിയെക്കുറിച്ച് സീനിയർ താരങ്ങൾ എന്തു ചിന്തിക്കുന്നുവെന്നത് വളരെ പ്രധാനമാണ്. വിരാട് ബാറ്റിങ്ങിൽ മികച്ച പ്രകടനം തുടരുമ്പോൾ തന്നെ മൂന്ന് ഫോർമാറ്റിലും ടീമിനെ നയിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ എല്ലാ ക്രെഡിറ്റും കോഹ്ലിക്കു നൽകുകയാണ്. മൂന്ന് ഫോർമാറ്റിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ടീമിനെ നയിച്ചു വിജയങ്ങൾ തുടരുകയും ചെയ്യുന്നു അദ്ദേഹം. എന്നിരുന്നാലും, മതിയായി, ഇനി രോഹിത് നയിക്കട്ടെയെന്ന് കോഹ്ലി തന്നെ പറയുന്ന ഒരു സമയം വരും-മോറെ കൂട്ടിച്ചേർത്തു.