'റിയൽ റോയൽസ്'; ഡൽഹിയെ 57 റൺസിന് തകർത്ത് സഞ്ജുവും സംഘവും
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ രാജസ്ഥാനായി ജോസ് ബട്‍ലറും യശസ്വി ജയ്സ്വാളും ചേര്‍ന്ന് മിന്നും തുടക്കമാണ് നല്‍കിയത്.
ടോസ് നേടി ബൌളിങ് തെരഞ്ഞെടുത്തതിനെക്കുറിച്ചോര്‍ത്ത് ഡല്‍ഹി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ അല്‍പമെങ്കിലും നിരാശപ്പെട്ടിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. പവര്‍പ്ലേ ഓവറുകളില്‍ കൈയ്യില്‍ കിട്ടിയ എല്ലാ ബൌളര്‍മാരെയും രാജസ്ഥാന്‍ ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും ജോസ് ബട്‍ലറും ചേര്‍ന്ന് തല്ലിച്ചതച്ചു. പിന്നീട് 200 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയപ്പോഴോ ആദ്യത്തെ ഓവറില്‍ അക്കൌണ്ട് തുറക്കുന്നതിന് മുമ്പേ രണ്ട് വിക്കറ്റും നഷ്ടമായി.
തൊട്ടതെല്ലാം പിഴച്ച ഡൽഹി ക്യാപിറ്റൽസിനെ 57 റൺസിന് തോൽപ്പിച്ച് കൊണ്ട് രാജസ്ഥാൻ റോയൽസ് സീസണിലെ തങ്ങളുടെ രണ്ടാം വിജയം സ്വന്തമാക്കി. രാജസ്ഥാൻ ഉയർത്തിയ 200 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് 20 ഓവറിൽ 142/9 റൺസ് മാത്രമെ എടുക്കാൻ ആയുള്ളൂ. ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റെടുത്ത ട്രെന്‍റ് ബൌള്‍ട്ടാണ് ഡല്‍ഹിക്കെതിരായ ആക്രമണം തുടങ്ങിവെച്ചത്. ബോള്‍ട്ടിനൊപ്പം ചാഹലും അശ്വിനും കൂടി ദൌത്യം ഏറ്റെടുത്തതോടെ ഡല്‍ഹി അമ്പേ തകര്‍ന്നു.
65 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറിന്‍റെ പ്രകടനമൊഴിച്ചാല്‍ ഡല്‍ഹിയുടെ മറ്റ് ബാറ്റര്‍മാരുടെ അവസ്ഥ പരിതാപകരമായിരുന്നു. വാര്‍ണര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മാത്രമാണ് ഡല്‍ഹി നിരയില്‍ ആകെ രണ്ടക്കം കടന്നത്. ട്രെന്‍റ് ബോള്‍ട്ടും ചാഹലും മൂന്ന് വിക്കറ്റ് വീതവും അശ്വിനും സന്ദീപ് ശര്‍മയും യഥാക്രമം രണ്ടും ഒന്നും വീതം വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ഡല്‍ഹിക്കായി ലളിത് യാദവ് 38 റണ്‍സും റിലീ റോസോവ് 14 റണ്‍സുമെടുത്ത് പുറത്തായി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ രാജസ്ഥാനായി ജോസ് ബട്‍ലറും യശസ്വി ജയ്സ്വാളും ചേര്‍ന്ന് മിന്നും തുടക്കമാണ് നല്‍കിയത്. ആദ്യം കത്തിക്കയറിയത് യുവരക്തം ജയ്സ്വാളാണ്. പവര്‍പ്ലേ ഓവറുകളില്‍ ജയ്സ്വാളിന്‍റെ ബാറ്റില്‍ നിന്ന് നിര്‍ലോഭം ബൌണ്ടറികള്‍ പിറന്നു. 25 ബോളില്‍ അര്‍ധസെഞ്ച്വറി തികച്ച ജയ്സ്വാള്‍ ടീം സ്കോര്‍ 98 റണ്‍സില്‍ നില്‍ക്കെയാണ് പുറത്താകുന്നത്. ആദ്യ വിക്കറ്റില്‍ റണ്‍സിന്‍റെ പാര്‍ട്ണര്‍ഷിപ്പ്. 31 പന്തില്‍ 11 ബൌണ്ടറിയും ഒരു സിക്സറുമുള്‍പ്പെടെയായിരുന്നു ജയ്സ്വാളിന്‍റെ 60 റണ്‍സ് ഇന്നിങ്സ്.
പിന്നാലെയെത്തിയ നായകന്‍ സഞ്ജു സാംസണും (0) റിയാന്‍ പരാഗും (7) നിരാശപ്പെടുത്തിയപ്പോള്‍ ഹെറ്റ്മെയറും ധ്രുവ് ജുറേലും ചേര്‍ന്ന് അവസാന ഓവറുകളില്‍ രാജസ്ഥാന്‍ സ്കോര്‍ ഉയര്‍ത്തി. 21 പന്തില്‍ നാല് സിക്സറും ഒരു ബൌണ്ടറിയുമുള്‍പ്പെടെ ഹെറ്റ്മെയര്‍ പുറത്താകാതെ 39 റണ്‍സെടുത്തു. മൂന്ന് പന്തില്‍ എട്ട് റണ്‍സുമായി ധ്രുവ് ജുറെലും പുറത്താകാതെ നിന്നു. ഡല്‍ഹിക്കായി മുകേഷ് കുമാര്‍ രണ്ടുംം കുല്‍ദീപ് യാദവും റോവ്മാന്‍ പവലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മലയാളി താരങ്ങളെ പുറത്തിരുത്തിയാണ് സഞ്ജു സാംസണും സംഘവും ഇന്ന് ഇറങ്ങിയത്. മധ്യനിരയിൽ താളംകണ്ടെത്താനാകാത്ത ദേവ്ദത്ത് പടിക്കലും ആദ്യ രണ്ട് മത്സരത്തിലും മോശം പ്രകടനം പുറത്തെടുത്ത പേസ് താരം കെ.എം ആസിഫുമാണ് പുറത്തായത്. പകരം, പഞ്ചാബിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ് കൊണ്ട് ഞെട്ടിച്ച 'ഇംപാക്ട്' താരം ധ്രുവ് ജുറേൽ ടീമിൽ ഇടംപിടിച്ചു. ആസിഫിനു പകരം സന്ദീപ് ശർമയും ടീമിലെത്തി.
അതേസമയം നാല് മാറ്റങ്ങളുമായാണ് ഡൽഹി ഇറങ്ങുന്നത്. പൃഥ്വി ഷായും മിച്ചൽ മാർഷും ആദ്യ ഇലവനിൽ ഇടംപിടിക്കാത്തതു തന്നെയാണ് പ്രധാന മാറ്റ. സർഫറാസ് ഖാനും അമാൻ ഖാനും പുറത്താണ്. പകരം മനീഷ് പാണ്ഡെയും റിലി റൂസോയും അഭിഷേക് പൊറേലുമാണ് ടീമിലെത്തിയത്.