'ഹല്ലാ ബോല്‍ കൊഞ്ചം നല്ലാ ബോല്‍'; ജയം തുടരാന്‍ സഞ്ജുവും സംഘവും; രാജസ്ഥാന്‍ ഇന്ന് ലഖ്‌നൗവിനെ നേരിടും

കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും ജയിച്ച് പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായാണ് രാജസ്ഥാന്‍റെ വരവ്.

Update: 2023-04-19 05:57 GMT
RR,LSG, IPL 2023:,Rajasthan Royals ,sanju samson,Lucknow Super Giants
AddThis Website Tools
Advertising

തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ ജയിച്ച് ആത്മവിശ്വാസത്തിന്‍റെ കൊടുമുടിയില്‍ നില്‍ക്കുന്ന രാജസ്ഥാന്‍ റോയല്‍സും പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സും തമ്മില്‍ ഇന്ന് ഏറ്റുമുട്ടും. ജയ്പൂരിലെ സവായി മാന്‍സിങ് സ്റ്റേഡിയത്തില്‍ വെച്ച് രാത്രി 7.30 നാണ് മത്സരം.

കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും ജയിച്ച് പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായാണ് രാജസ്ഥാന്‍റെ വരവ്. തോല്‍വി വഴങ്ങിയ ഒരേയൊരു മത്സരത്തിലാകട്ടെ പഞ്ചാബിനോട് വെറും അഞ്ച് റണ്‍സിനാണ് രാജസ്ഥാന്‍ കീഴടങ്ങിയത്. അതേസമയം അഞ്ചില്‍ മൂന്നും ജയിച്ച ലഖ്‌നൗ ആകട്ടെ പോയിന്‍റ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ്. ആറ് പോയിന്‍റുള്ള അഞ്ച് ടീമുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റിന്‍റെ ആനുകൂല്യമാണ് ലഖ്‌നൗവിനെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നിലനിര്‍ത്തുന്നത്.

മൊത്തത്തില്‍ സെറ്റ് ആയ ടീമെന്ന നിലയില്‍ ആണ് ആരാധകര്‍ രാജസ്ഥാനെ ഉറ്റുനോക്കുന്നത്. സീസണിൽ രാജസ്ഥാന്‍റെ ടോപ്‌ സ്കോററായ ജോസ് ബട്‍ലറും യശ്വസി ജൈസ്വാളും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ട് തന്നെയാണ് ടീമിന്‍റെ കരുത്ത്. കഴിഞ്ഞ മത്സരത്തിൽ പക്ഷേ രണ്ടാള്‍ക്കും തിളങ്ങാന്‍ കഴിഞ്ഞില്ലെന്നത് രാജസ്ഥാനെ ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാല്‍ ബട്‍ലറും ജൈസ്വാളും തിളങ്ങിയാല്‍ത്തന്നെ ടീമിന് വേണ്ടതില്‍ പകുതിയും അവിടെ നിന്ന് ലഭിക്കും. ഫോമിലല്ലെങ്കിലും ദേവ്ദത്ത് പടിക്കലിനെ പുറത്തിരുത്താന്‍ സാധ്യതയില്ല. മൂന്നാം നമ്പരിൽ പടിക്കല്‍ തന്നെ എത്താനാണ് സാധ്യത. എന്നാല്‍ വീണ്ടും പരാജയപ്പെട്ടാല്‍ പടിക്കലിന്‍റെ ഭാവി തുലാസിലാകുമെന്ന് ഉറപ്പാണ്.

നാലാം നമ്പരിൽ ടീമിന്‍റെ നെടുന്തൂണ്‍ ആയ നായകൻ സഞ്ജു സാംസൺ തന്നെ ഇറങ്ങും. അവസാന മത്സരത്തിലേതുള്‍പ്പെടെ മികച്ച പ്രകടനം തുടരുന്ന സഞ്ജുവും ഫോം ആവര്‍ത്തിച്ചാല്‍ രാജസ്ഥാന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. അതേസമയം തുടര്‍ച്ചയായി പരാജയപ്പെടുന്ന റിയാൻ പരാഗിനെ ഇന്ന് രാജസ്ഥാൻ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയേക്കും. പകരം ഇംഗ്ലണ്ട് താരം ജോ റൂട്ട് ടീമിലെത്താനാണ് സാധ്യത. ഐ.പി.എല്ലില്‍ ആദ്യമായെത്തുന്ന റൂട്ടിനെ ഇതുവരെ രാജസ്ഥാന്‍ പരീക്ഷിച്ചിട്ടില്ല. ഒരു കോടി രൂപക്കാണ് രാജസ്ഥാന്‍ ജോ റൂട്ടിനെ സ്വന്തമാക്കിയത്.

മിന്നും ഫോമിലുള്ള ഷിംറോൺ ഹെറ്റ്മെയറും ധ്രുവ് ജൂറലും തന്നെയാകും ടീമിന്‍റെ ഫിനിഷർമാർ. ഇരുവരുടേയും മികച്ച ഫോം രാജസ്ഥാന്‍റെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്. ഗുജറാത്തിനെതിരായ കഴിഞ്ഞ മത്സരത്തില്‍ അവസാന ഓവറുകളില്‍ ഹെറ്റ്മെയര്‍ നടത്തിയ വെടിക്കെട്ടാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. ജുറേലും കിട്ടിയ അവസരം നന്നായി ഉപയോഗിക്കുന്നുണ്ട്.

രാജസ്ഥാന്‍റെ ബൌളിങ് നിരയിലേക്ക് വരുമ്പോള്‍ ന്യൂസിലൻഡ് പേസര്‍ ട്രെന്‍റ് ബോൾട്ട് തന്നെയാകും ടീമിന്‍റെ ബൌളിങ് സൈഡിനെ നയിക്കുക. പവർ പ്ലേയിൽ നേട്ടമുണ്ടാക്കാന്‍ ബോൾട്ടിന് സാധിച്ചാല്‍ രാജസ്ഥാന് അത് ബോണസ് ആകും. സന്ദീപ് ശർമ്മയാകും ബോൾട്ടിന്‍റെ ബൌളിങ് പങ്കാളി. യുസ്വേന്ദ്ര ചഹലും അശ്വിനുമുള്‍പ്പെട്ട സ്പിന്‍ മാന്ത്രികര്‍ ഏത് ബാറ്റിങ് നിരയെയും വെള്ളം കുടിപ്പിക്കാന്‍ കഴിവുള്ളവരാണ്. സീസണില്‍ ഇരുവരും മികച്ച ഫോമിലാണെന്നതും രാജസ്ഥാന് ആശ്വാസം നല്‍കുന്നു. നിലവിൽ പർപ്പിൾ ക്യാപ്പ് പട്ടികയില്‍ ഒന്നാമതാണ് ചഹൽ. ആറ് വിക്കറ്റുകളോടെ അശ്വിനും ഗംഭീര പ്രകനമാണ് കാഴ്ചവെക്കുന്നത്. അതുകൊണ്ട് തന്നെ ടീമിന്‍റെ സ്പിന്‍ ഡിപ്പാര്‍ട്മെന്‍റിനെ നായകന്‍ സഞ്ജുവിന് കണ്ണടച്ചുവിശ്വസിക്കാം.

ലഖ്‌നൗവിലേക്ക് വരുമ്പോള്‍ പ്രതിഭാധാരാളിത്തമുണ്ടെങ്കിലും സ്ഥിരതയില്ലായ്മയാണ് ടീമിനെ അലട്ടുന്നത്. ക്യാപ്റ്റൻ കെ.എൽ രാഹുൽ, കൈൽ മയേഴ്സ്, ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാൻ തുടങ്ങി മത്സരം ഒറ്റക്ക് ജയിപ്പിക്കാൻ തന്നെ ശേഷിയുള്ള ബാറ്റിങ് നിരയുണ്ടെങ്കിലും കണ്‍സിസ്റ്റന്‍സി ഇല്ലെന്നതാണ് പ്രശ്നം. ബൌളിങ്ങിലേക്ക് വരുമ്പോള്‍ ആവേശ് ഖാന്‍റെ മോശം ഫോമും ആശങ്കയാണ്. ഇതിനുമുമ്പ് നടന്ന രണ്ട് നേർക്കുനേർ പോരാട്ടങ്ങളിലും രാജസ്ഥാനായിരുന്നു ജയം.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News