ഇന്ത്യയുടെ ബാറ്റിങ് സൂപ്പര്‍ഫാസ്റ്റ്; ഏറ്റവും വേഗത്തില്‍ ആയിരം റണ്‍സ്, റെക്കോര്‍ഡ് നേട്ടവുമായി ശുഭ്മാന്‍ ഗില്‍
ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും വേഗം ആയിരം റണ്‍സ് കണ്ടെത്തുന്ന താരമെന്ന റെക്കോര്‍ഡാണ് ഗില്‍ സ്വന്തമാക്കിയത്.
തുടര്‍ച്ചയായ രണ്ടാം ഏകദിന സെഞ്ച്വറിയുമായി ശുഭ്മാന്‍ ഗില്‍ കുതിപ്പ് തുടരുമ്പോള്‍ പഴങ്കഥയായത് മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെ റെക്കോര്‍ഡ്. ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും വേഗം ആയിരം റണ്‍സ് കണ്ടെത്തുന്ന താരമെന്ന റെക്കോര്‍ഡാണ് ഗില്‍ സ്വന്തമാക്കിയത്. ഇതിന് മുന്‍പ് വിരാട് കോഹ്ലിയുടെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. ന്യൂസിലന്‍ഡിനെതിരായ സെഞ്ച്വറി പ്രകനത്തോടെയാണ് ഗില്‍ ഈ റെക്കോര്‍ഡ് നേട്ടം തന്‍റെ പേരിലാക്കുന്നത്.
19 ഇന്നിങ്സുകളില്‍ നിന്നാണ് ഗില്‍ ആയിരം റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടത്. കോഹ്ലി 24 ഇന്നിങ്സുകളില്‍ നിന്ന് സ്വന്തമാക്കിയ നേട്ടമാണ് വെറും 19 ഇന്നിങ്സുകളില്‍ നിന്നായി ശുഭ്മാന്‍ ഗില്‍ മറികടന്നത്. അതേസമയം ലോകക്രിക്കറ്റിലും ഗില്‍ ഈ നേട്ടത്തില്‍ ഏറെ മുന്നിലാണ്. 18 ഇന്നിങ്സുകളില്‍ നിന്നായി 1000 റണ്‍സ് തിച്ച പാക് ബാറ്റര്‍ ഫഖര്‍ സമാന്‍ മാത്രമാണ് ഗില്ലിനേക്കാള്‍ വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കിയ ഒരേയൊരു താരം. പാകിസ്താന്‍റെ മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉല്‍ ഹഖും ശുഭ്മാന്‍ ഗില്ലുമാണ് പട്ടികയിലെ രണ്ടാം സ്ഥാനക്കാര്‍. ഇരുവരും 19 ഇന്നിങ്സുകളില്‍ നിന്നാണ് ആയിരത്തിലെത്തിയത്.
ഗില്ലിന് തൊട്ടുതാഴെ മൂന്നാം സ്ഥാനം അലങ്കരിക്കുന്നത് വെസ്റ്റിന്‍ഡീസ് ഇതിഹാസം സാക്ഷാല്‍ വിവിയന്‍ റിച്ചാര്‍ഡ്സാണ്. 21 ഇന്നിങ്സുകളില്‍നിന്നാണ് കരീബിയന്‍ പഞ്ച് ഹിറ്റര്‍ ഈ നേട്ടത്തിലെത്തിയത്. 19 ഇന്നിങ്സുകളില്‍ നിന്ന് മൂന്ന് സെഞ്ച്വറിയും അഞ്ച് അര്‍ധസെഞ്ച്വറിയുമുള്‍പ്പെടെ 60+ റണ്‍സ് ആവറേജിലാണ് ഗില്‍ ആയിരം റണ്‍സെന്ന നാഴികക്കല്ലിലെത്തിയത്.
ഗില്ലിന് സെഞ്ച്വറി ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍
ശ്രീലങ്കയോട് നിര്‍ത്തിയടത്തുനിന്ന് ശുഭ്മാന്‍ ഗില്‍ തന്‍റെ റണ്‍വേട്ട തുടങ്ങിയതോടെ പിടിമുറുക്കാന്‍ ലഭിച്ച അവസരം കിവീസിന് നഷ്ടമായി.തുടര്‍ച്ചയായ രണ്ടാം ഏകദിന സെഞ്ച്വറിയോടെ ഓപ്പണറായ ഗില്‍ മുന്നില്‍ നിന്ന് നയിച്ചതോടെ ടീം ഇന്ത്യ മികച്ച സ്കോറിലേക്ക്. ഓപ്പണിങ് വിക്കറ്റില്‍ രോഹിത്തും ഗില്ലും ചേര്‍ന്ന് 60 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും പിന്നീട് തുടരെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായതോടെ ഇന്ത്യ പ്രതിസന്ധിയിലായി. വിരാട് കോഹ്ലി എട്ട് റണ്‍സോടെയും ഇഷാന്‍ കിഷന്‍ അഞ്ച് റണ്‍സോടെയുമാണ് പുറത്തായത്. ഇതോടെ ഇന്ത്യ 19 ഓവറില്‍ 119 റണ്‍സിന് മൂന്ന് വിക്കറ്റെന്ന നിലയിലെത്തി. എന്നാല്‍ പിന്നീടെത്തിയ സൂര്യകുമാര്‍ യാദവ് ഗില്ലിന് മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യന്‍ സ്കോര്‍ കാര്‍ഡ് ടോപ് ഗിയറില്‍ കുതിച്ചു.
88 പന്തില്‍ 14 ബൌണ്ടറിയും രണ്ട് സിക്സറുമുള്‍പ്പെടെയാണ് ഗില്‍ തന്‍റെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി കണ്ടെത്തിയത്. 18 മത്സരം മാത്രം കളിച്ചിട്ടുള്ള ഗില്ലിന്‍റെ അന്താരാഷ്ട്ര കരിയറിലെ മൂന്നാം ഏകദിന സെഞ്ച്വറിയാണിത്. ഗില്ലിന്‍റെ സെഞ്ച്വറി മികവില്‍ 40 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ 251ന് അഞ്ചെന്ന നിലയിലാണ്.