ഗില്ലിനെ പുറത്താക്കാൻ സ്മിത്തിന്‍റെ മൈൻഡ് ഗെയിം; ഒടുവില്‍ വീണു
സ്മിത്തും ലബൂഷൈനും സ്ലിപ്പില്‍ നിന്ന് ഗില്ലിനെ തുടര്‍ച്ചയായി സ്ലഡ്ജ് ചെയ്യുന്നത് കാണാമായിരുന്നു
സിഡ്നി: ഏറെ നിർണായകമായ ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ അവസാന ടെസ്റ്റിൽ പതറുകയാണ് ഇന്ത്യ. മെൽബണിലേതിന് സമാനമായി ഒരിക്കൽ കൂടി ബാറ്റിങ് നിര തകർന്നടിഞ്ഞപ്പോൾ 185 റൺസിന് സന്ദര്‍ശകര്‍ കൂടാരം കയറി. ഇക്കുറി ക്യാപ്റ്റൻ രോഹിത് ശർമക്ക് പകരക്കാരനായി ടീമിലെത്തിയ ശുഭ്മാൻ ഗില്ലിനും ടീമിനായി അധികം സംഭാവനകളൊന്നും നൽകാനായില്ല. 64 പന്ത് നേരിട്ട ഗിൽ 20 റൺസിനാണ് പുറത്തായത്.
ഗില്ലിനെ പുറത്താക്കാൻ സ്റ്റീവൻ സ്മിത്ത് പുറത്തെടുത്തൊരു മൈൻഡ് ഗെയിം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്. ഇന്ത്യൻ ഇന്നിങ്‌സിലെ 25ാം ഓവറാണ് രംഗം. നേഥൻ ലിയോൺ പന്തെറിയുന്നതിനിടെ സ്ലിപ്പിൽ നിന്ന സ്മിത്ത് ഗില്ലിനെ ഉന്നം വച്ച് സ്ലഡ്ജിങ് ആരംഭിച്ചു. 'ദിസ് ഈസ് ബുൾ ഷിറ്റ്' എന്ന് തുടങ്ങി കടുത്ത വാക്കുകൾ വരെ പ്രയോഗിച്ചു ഓസീസ് താരം. മാർനസ് ലബൂഷൈനും സ്മിത്തിനൊപ്പം കൂടിക്കൊടുത്തതോടെ മൈതാനത്തിന് ചൂടുപിടിച്ചു.
കുറച്ച് നേരം അടങ്ങിയിരുന്ന ഗില്ലിന് പക്ഷെ പെട്ടെന്ന് നിയന്ത്രണം നഷ്ടമായി. സ്മിത്തിനോട് 'നിങ്ങൾ സമയമെടുത്ത് കളിയാക്കൂ.. ആര് മറുപടി തരാനാണെന്ന്' ഇന്ത്യന്‍ താരത്തിന്‍റെ റിപ്ലേ. തന്റെ മൈൻഡ് ഗെയിമിൽ ഗിൽ വീണെന്നുറപ്പായ സ്മിത്ത് അത് തുടർന്നു. ഗില്ലിന്റെ മറുപടിക്ക് ശേഷം നേഥൻ ലിയോൺ എറിഞ്ഞ തൊട്ടടുത്ത പന്തിൽ സ്ലിപ്പിൽ നിന്ന സ്മിത്തിന് തന്നെ ക്യാച്ച് നൽകി ഗില്ലിന്‍റെ മടക്കം. ആസ്‌ത്രേലിയൻ താരങ്ങൾ ഈ വിക്കറ്റ് മതിമറന്നാണോഘോഷിച്ചത്. ഗില്ലിനെ സ്ലെഡ്ജ് ചെയ്യുന്ന സ്മിത്തിന്‍റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.