സ്വപ്ന ഫൈനലിന് കളമൊരുങ്ങുമോ? ലോകകപ്പ് സെമിയില്‍ ഇന്ന് ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം
അഡ്‍ലൈഡിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം. ജയിക്കുന്നവർ ഫൈനലിൽ പാകിസ്താനെ നേരിടും
അഡ്‍ലെയ്ഡ്: ട്വന്‍റി 20 ലോകകപ്പിൽ ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. സെമിയിൽ ഇംഗ്ലണ്ടാണ് എതിരാളികൾ. അഡ്‍ലൈഡിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം. ജയിക്കുന്നവർ ഫൈനലിൽ പാകിസ്താനെ നേരിടും.
വീണ്ടും ഒരു ഇന്ത്യ - പാക് ഫൈനൽ. 2007 ആവർത്തിക്കുമെന്ന് പ്രതീക്ഷിക്കുകയാണ് ഇന്ത്യൻ ആരാധകർ. ഒരൊറ്റ മത്സരം അരികെ ആ സ്വപ്ന ഫൈനലുണ്ട്. അതിന് ഇംഗ്ലണ്ടെന്ന കടമ്പ കടക്കണം. തുല്യശക്തികളുടെ പോരാട്ടത്തിനാണ് അഡ്‍ലെയ്ഡില്‍ കളമൊരുങ്ങുന്നത്. നാല് മത്സരവും ജയിച്ചെത്തുന്ന ഇന്ത്യ സൂര്യകുമാർ യാദവ് - വിരാട് കോഹ്‍ലി ദ്വയത്തിലാണ് പ്രതീക്ഷ വയ്ക്കുന്നത്. തുടക്കം മുതൽ അടിച്ചുകളിക്കുന്ന സൂര്യയും കൃത്യമായി സ്കോർ ഉയർത്തുന്ന കോഹ്‍ലിയും ഒരിക്കൽ കൂടി ക്ലിക്കായാൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാകും.
ബൗളർമാരൊക്കെയും മികച്ച പ്രകടനമാണ് നടത്തുന്നത്. ഓപ്പണിങ് പാളുന്നത് ഇന്ത്യക്ക് തിരിച്ചടിയാണ്. നായകൻ രോഹിത് ശർമ ഫോമില്ല. ഋഷഭ് പന്താണോ ദിനേശ് കാർത്തിക്കാണോ വിക്കറ്റിന് പിന്നിലെന്ന് കളിക്ക് മുൻപേ അറിയാനാകൂ. ഓൾറൗണ്ട് മികവിൽ ജയിച്ചുകയറാമെന്നാണ് ഇംഗ്ലണ്ടിന്‍റെ കണക്കുകൂട്ടൽ. പരിക്കേറ്റ ഡേവിഡ് മാലനും മാർക്ക് വുഡും കളിക്കില്ല.