ഫിഫ ക്ലബ് ലോകകപ്പ് നറുക്കെടുപ്പ് പൂർത്തിയായി; ആദ്യ മത്സരം ഡിസംബർ 12ന്
ആദ്യ റൗണ്ടിൽ സൗദി റോഷൻ ലീഗ് ചാമ്പ്യൻമാരായ അൽ ഇത്തിഹാദും ന്യൂസിലാൻ്റിൻ്റെ ഓക് ലാൻഡ് സിറ്റിയും തമ്മിൽ ഏറ്റ് മുട്ടും.
ജിദ്ദയിൽ നടക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ലൈനപ്പായി. മാഞ്ചസ്റ്റർ സിറ്റിയും സൗദി ക്ലബ്ബുമടക്കം ഏഴു ടീമുകൾ അണിനിരക്കുന്ന മത്സരത്തിന്റെ തുടക്കം ഡിസംബർ 12ന്. ഫൈനൽ ഡിസംബർ 22നാണ്. ജിദ്ദയിൽ നടന്ന നറുക്കെടുപ്പിലൂടെയാണ് ഫിഫ ക്ലബ്ബ് ലോകകപ്പ് ഫുട്ബോൾ മത്സരത്തിൻ്റെ ലൈനപ്പായത്. ജിദ്ദയിലെ രണ്ട് സ്റ്റേഡിയങ്ങളിലായാണ് മത്സരം നടക്കുക. ഒന്നാം റൗണ്ടിൽ സൗദി റോഷൻ ലീഗ് ചാമ്പ്യൻമാരായ അൽ ഇത്തിഹാദും ന്യൂസിലാൻ്റിൻ്റെ ഓക് ലാൻഡ് സിറ്റിയും തമ്മിൽ ഏറ്റുമുട്ടും.
ഡിസംബർ 15നാണ് രണ്ടാമത്തെ മത്സരം. ഈ മത്സരത്തിൽ ഈജിപ്തിലെ അൽ അഹ്ലിയും ആദ്യ മത്സരത്തിലെ വിജയികളും തമ്മിലാണ് പോരാട്ടം. രണ്ടാം റൌണ്ടിൽ അന്ന് തന്നെ നടക്കുന്ന മൂന്നാമത്തെ മത്സരം മെക്സിക്കൻ അരങ്ങേറ്റക്കാരായ ക്ലബ് ലിയോണും ഏഷ്യൻ ചാമ്പ്യൻമാരായ ജപ്പാൻ്റെ ഉറവ റെഡ്സും തമ്മിലാണ്. ഡിസംബർ 18നാണ് ആദ്യ സെമി ഫൈനൽ. ഈ മത്സരത്തിൽ കോപ്പ ലിബർട്ടോറസ് ക്ലബ്ബ് മത്സര ചാമ്പ്യൻമാരും രണ്ടാം മത്സരത്തിലെ വിജയികളുമായി ഏറ്റുമുട്ടും.
തൊട്ടുടത്ത ദിവസമായ ഡിസംബർ 19നാണ് രണ്ടാം സെമി ഫൈനൽ. മൂന്നാം മത്സരത്തിലെ വിജയികളും ഇംഗ്ലണ്ടിൻ്റെ മാഞ്ചസ്റ്റർ സിറ്റിയും തമ്മിലാണ് രണ്ടാം സെമി ഫൈനൽ പോരാട്ടം. ഡിസംബർ 22ന് രാത്രി 9 മണിക്കാണ് ഫൈനൽ മത്സരം. നിലവിലെ ഫോർമാറ്റിൽ നടക്കുന്ന അവസാനത്തെ ക്ലബ്ബ് ലോകകപ്പ് മത്സരമാണിത്. 2025 ൽ അമേരിക്കയിലാണ് അടുത്ത മത്സരം.