ആസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസിൽ കിരീടം ചൂടി ബെലാറസ് താരം അര്യാന സബലേങ്ക
ആദ്യ സെറ്റ് റിബാക്കിനക്ക് മുന്നിൽ അടിയറവ് വെച്ചതിന് ശേഷമായിരുന്നു സബലേങ്കയുടെ ഐതിഹാസിക തിരിച്ചുവരവ്.
മെല്‍ബണ്‍: ആസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസിൽ കിരീടം ചൂടി ബെലാറസ് താരം അര്യാന സബലേങ്ക. ഫൈനലില്‍ കസഖിസ്താന്‍ താരം എലെനെ റിബാക്കിനയെ പരാജയപ്പെടുത്തിയാണ് സബലെങ്കയുടെ കന്നി ഗ്രാന്‍ഡ്സ്ലാം. സ്‌കോര്‍: 4-6, 6-3, 6-4. ആദ്യ സെറ്റ് റിബാക്കിനക്ക് മുന്നിൽ അടിയറവ് വെച്ചതിന് ശേഷമായിരുന്നു സബലേങ്കയുടെ ഐതിഹാസിക തിരിച്ചുവരവ്.
ജയത്തോടെ താരം ലോക റാങ്കിങില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. ഈ വര്‍ഷം സബലെങ്ക നേടുന്ന തുടര്‍ച്ചയായ 11-ാം ജയമായിരുന്നു ശനിയാഴ്ചത്തേത്. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തില്‍ റഷ്യന്‍, ബെലാറസ് താരങ്ങള്‍ക്ക് ടൂര്‍ണമെന്റില്‍ തങ്ങളുടെ രാജ്യത്തിന്റെ പതാകയ്ക്ക് കീഴില്‍ മത്സരിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല.
പകരം അവരുടെ പേരിനൊപ്പം വെള്ള പതാകയാണ് ഉപയോഗിച്ചിരുന്നത്. ഇത്തരത്തില്‍ സ്വന്തം രാജ്യത്തിന്റെ പതാകയ്ക്ക് കീഴിലല്ലാതെ മത്സരിച്ച് ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ആദ്യ താരം കൂടിയാണ് സബലെങ്ക. അതേസമയം നാളെയാണ് ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം സിംഗിൾസ് ഫൈനൽ. സെർബിയയുടെ ഇതിഹാസ താരം നൊവാക്ക് ജോക്കോവിച്ചും, ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസും തമ്മിലാണ് ഫൈനൽ.