'ഞാനൊരു പുരുഷനായിരുന്നെങ്കിലെന്നു കൊതിക്കുന്നു'; ആർത്തവ വേദനയിൽ കൈവിട്ട ജയത്തെക്കുറിച്ച് ചൈനീസ് താരം

കഴിഞ്ഞ ദിവസം നടന്ന ഫ്രഞ്ച് ഓപണിൽ ലോക ഒന്നാം നമ്പറുകാരിയായ ഇഗയ്‌ക്കെതിരെ ആദ്യ സെറ്റ് ജയിച്ച ശേഷമായിരുന്നു 19കാരിയായ ചൈനീസ് താരം ഷെങ് ചിൻവൻ അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്

Update: 2022-05-31 14:03 GMT
Editor : Shaheer | By : Web Desk
Advertising

പാരിസ്: ഫ്രഞ്ച് ഓപണിലെ അപ്രതീക്ഷിത പരാജയത്തിൽ പ്രതികരണവുമായി ചൈനീസ് താരം ഷെങ് ചിൻവൻ. ആർത്തവസമയത്ത് നടന്ന മത്സരത്തിൽ ലോക ഒന്നാം നമ്പർ താരം പോളണ്ടിന്റെ ഇഗ സ്വ്യാംതെക്കിനെതിരെ ഞെട്ടിക്കുന്ന പരാജയം നേരിട്ടിരുന്നു ഷെങ്. അട്ടിമറിജയം ഉറപ്പിച്ചശേഷമായിരുന്നു ആർത്തവ സംബന്ധമായ വേദനകളെത്തുടർന്ന് തിരിച്ചടി നേരിട്ടത്. താനൊരു പുരുഷനായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുകയാണെന്നാണ് മത്സരശേഷം താരം പ്രതികരിച്ചത്.

19കാരിയായ ഷെങ് ചിൻവൻ ഇതാദ്യമായാണ് ഫ്രഞ്ച് ഓപണിൽ മത്സരിക്കുന്നത്. ഇഗയ്‌ക്കെതിരെ നടന്ന മത്സരത്തിൽ ആദ്യ സെറ്റിൽ വിസ്മയകരമായ പ്രകടനമാണ് താരം പുറത്തെടുത്തത്. ആദ്യ സെറ്റ് സ്വന്തമാക്കിയ താരം മെഡിക്കൽ ടൈംഔട്ടിനുശേഷം വലിയ മാർജിനിൽ പരാജയപ്പെടുകയായിരുന്നു.

ഞെട്ടിപ്പിച്ച ആദ്യ സെറ്റിനുശേഷം രണ്ടാം സെറ്റിനിടെ വലതു കാലിൽ പരിക്കേറ്റു. തുടർന്ന് മെഡിക്കൽ ടൈംഔട്ട് എടുക്കുകയായിരുന്നു. ഇടവേളയ്ക്കിടയിൽ വലതുതുടയിൽ കെട്ടിയായിരുന്നു തിരിച്ച് കോർട്ടിലെത്തിയത്. എന്നാൽ, പിന്നീട് ആദ്യ സെറ്റിൽ കണ്ട പ്രകടനത്തിന്റെ അടുത്തു പോലുമെത്താൻ താരത്തിനായില്ല.

കാലിലെ വേദനയ്ക്കപ്പുറം ആർത്തവത്തെ തുടർന്നുള്ള വയറുവേദനയാണ് ഷെങ്ങിന് വിനയായത്. ആദ്യ സെറ്റിലെ അപ്രതീക്ഷിത തിരിച്ചടിക്കുശേഷം ഏകപക്ഷീയമായാണ് പിന്നീടങ്ങോട്ട് ഇഗ തിരിച്ചുവന്നത്. 6-7(5), 6-0, 6-2ന് മുഴുവൻ സെറ്റും പൂർത്തിയാക്കി തുടർച്ചയായ 32-ാമത്തെ വിജയവുമായി ഇഗ മുന്നേറുകയും ചെയ്തു.

മത്സരശേഷമാണ് ആർത്തവവേദനയെക്കുറിച്ച് ഷെങ് വെളിപ്പെടുത്തിയത്. ''കാലിനു വേദനയുണ്ടായിരുന്നുവെന്നതു ശരിയാണ്. എന്നാൽ, വയറുവേദനയെ അപേക്ഷിച്ച് ചെറുതായിരുന്നു അത്. എനിക്ക് ടെന്നീസ് കളിക്കാനായില്ല. അത്രമാത്രം വേദനാജനകമായിരുന്നു വയറ്റിലെ വേദന.'' ഷെങ് പ്രതികരിച്ചു.

നിങ്ങൾക്കറിയാം, പെൺകുട്ടികൾക്കു വരുന്ന കാര്യമാണിത്. ആദ്യദിവസം എപ്പോഴും കഠിനമായിരിക്കും. ആദ്യദിവസത്തെ വേദനയുമായാണ് ഞാൻ കളിക്കിറങ്ങിയത്. എന്റെ പ്രകൃതത്തിനു വിരുദ്ധമായി കളിക്കാനുമായില്ല. കോർട്ടിലൊരു പുരുഷനായിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നു. ശരിക്കുമൊരു പുരുഷനായിരുന്നെങ്കിൽ ഇങ്ങനെയൊരു വേദന എനിക്ക് അനുഭവിക്കേണ്ടിവരുമായിരുന്നില്ലല്ലോ..-ഷെങ് കൂട്ടിച്ചേർത്തു.

ലോക റാങ്കിങ്ങിൽ 74-ാം സ്ഥാനക്കാരിയാണ് ഷെങ് ചിൻവൻ. ഈ വർഷം ഓസ്‌ട്രേലിയൻ ഓപണിലൂടെയാണ് താരം ഗ്രാൻഡ് സ്ലാം അരങ്ങേറ്റം കുറിച്ചത്. ഫ്രഞ്ച് ഓപണിൽ ഇഗയ്‌ക്കെതിരായ തോൽവിയോടെ ടൂർണമെന്റിൽനിന്ന് പുറത്താകുകയും ചെയ്തു.

Summary: 19 year old Chinese tennis player Zheng Qinwen responds to the lose in French Open match she played while getting menstrual cramps, says she wishes she were a man

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News