വാക്‌സിൻ നിർബന്ധമെങ്കിൽ ഓസ്‌ത്രേലിയൻ ഓപണിനില്ല: ദ്യോകോവിച്ച്
കഴിഞ്ഞ വർഷം ഏപ്രിലിൽ ഫേസ്ബുക്ക് ചാറ്റിനിടെയാണ് വാക്‌സിൻ വിരുദ്ധ നിലപാട് ദ്യോകോവിച്ച് ആദ്യമായി വെളിപ്പെടുത്തിയത്.
കോവിഡ് വാക്‌സിൻ എടുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന് ലോക ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക് ദ്യോകോവിച്ച്. വാക്‌സിൻ നിർബന്ധമാണെങ്കിൽ അടുത്ത വർഷം നടക്കുന്ന ഓത്രേലിയൻ ഓപണിൽ നിന്ന് വിട്ടുനിൽക്കുമെന്നും താരം പറഞ്ഞു. വാക്‌സിൻ എടുക്കാൻ താൽപര്യമില്ലെന്ന് സെർബിയൻ താരമായ ദ്യോകോവിച്ച് 2020 ഏപ്രിലിൽ വ്യക്തമാക്കിയിരുന്നു.
ഓസ്‌ത്രേലിയൻ ഓപൺ നടക്കുന്ന വിക്ടോറിയ സ്‌റ്റേറ്റ് പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ്, കളിക്കാർ വാക്‌സിനെടുക്കണമെന്ന് നിർദേശിച്ചതിനു പിന്നാലെയാണ് ദ്യോകോവിച്ചിന്റെ നിലപാട്. വാക്‌സിൻ എടുക്കാത്ത കളിക്കാർക്ക് ഓസ്‌ത്രേലിയയിലേക്കുള്ള വിസ ലഭിക്കില്ലെന്നാണ് താൻ കരുതുന്നതെന്നും, ലഭിച്ചാൽ തന്നെ രണ്ടാഴ്ച ക്വാറന്റൈനിൽ ഇരിക്കേണ്ടി വരുമെന്നും ആൻഡ്ര്യൂസ് പറഞ്ഞു. പ്രൊഫഷണൽ കളിക്കാർ ഔദ്യോഗിക ജോലിക്കാരുടെ ഗണത്തിലാണ് വരികയെന്നും അതിനാൽ ഡബിൾ ഡോസ് വാക്‌സിൻ എടുക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെപ്തംബർ 12-ന് അവസാനിച്ച യു.എസ് ഓപണിൽ കളിക്കാർക്ക് കോവിഡ് വാക്‌സിൻ നിർബന്ധമായിരുന്നില്ല. ടൂർണമെന്റിൽ ഫൈനലിലെത്തിയ ദ്യോകോവിച്ച് റഷ്യൻ താരം ദാനിൽ മെദ്‌വദിനോട് തോറ്റിരുന്നു. മുൻനിര താരങ്ങളിൽ പകുതിയോളം പേർ മാത്രമേ ഇതുവരെ വാക്‌സിനെടുത്തിട്ടുള്ളൂ.
കഴിഞ്ഞ വർഷം ഫേസ്ബുക്ക് ചാറ്റിനിടെയാണ് വാക്‌സിൻ വിരുദ്ധ നിലപാട് ദ്യോകോവിച്ച് വെളിപ്പെടുത്തിയത്. 'വ്യക്തിപരമായി ഞാൻ വാക്‌സിനേഷന് എതിരാണ്. യാത്ര ചെയ്യുന്നതിനുള്ള അനുമതിക്കായി ആരെങ്കിലും വാക്‌സിനെടുക്കാൻ നിർബന്ധിക്കുന്നത് എനിക്കിഷ്ടവുമല്ല.' താരം പറഞ്ഞു.
'പക്ഷേ, അത് നിർബന്ധമാവുകയാണെങ്കിലോ? അപ്പോൾ ഒരു തീരുമാനം എടുക്കേണ്ടിവരും. ഞാൻ ഒരു തീരുമാനത്തിലെത്തേണ്ടി വരും. ഇക്കാര്യത്തിൽ എനിക്ക് എന്റേതായ ചിന്തകളുണ്ട്. ആ ചിന്തകൾ എപ്പോഴെങ്കിലും മാറുമോ എന്നറിയില്ല.' 34 കാരൻ വ്യക്തമാക്കി.