നന്ദി എയ്ഞ്ചൽ; ഡി മരിയക്ക് അർജന്‍റൈന്‍ താരങ്ങളുടെ വൈകാരിക യാത്രയയപ്പ്
കോപ്പ അമേരിക്കയോടെ വിരമിക്കുമെന്ന് താരം നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു
അർജന്റൈൻ ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ എയ്ഞ്ചൽ ഡി മരിയക്ക് വൈകാരിക യാത്രയയപ്പൊരുക്കി സഹതാരങ്ങൾ. ചിലിക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുമ്പാണ് താരത്തെ ആകാശത്തേക്ക് ഉയർത്തി താരങ്ങൾ യാത്രയയപ്പ് നൽകിയത്. ഒന്നരപ്പതിറ്റാണ്ട് നീണ്ട ഫുട്‌ബോൾ സഞ്ചാരത്തിനിടെ അർജന്റീനക്ക് ലോകകപ്പ് അടക്കം നിരവധി കിരീടങ്ങൾ ഡി മരിയ സമ്മാനിച്ചിട്ടുണ്ട്. കോപ്പ അമേരിക്ക ടൂര്‍ണമെന്‍റോടെ താന്‍ വിരമിക്കുമെന്ന് താരം നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു.
അർജന്റീനക്കൊപ്പം ലോകകപ്പ്, രണ്ട് കോപ്പ അമേരിക്ക , ഫൈനലിസിമ കിരീടനേട്ടങ്ങളിൽ ഡി മരിയ പങ്കാളിയായി. ഫൈനലിസിമയിലും 2021 കോപ്പ, 2022 ലോകപ്പ് ഫൈനലുകളിലും മരിയ ഗോൾ നേടിയിരുന്നു. 2008ൽ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച ഡി മരിയ അർജന്റീനക്കായി ഇതുവരെ 140 ലേറെ മത്സരങ്ങളിൽ ബൂട്ടണിഞ്ഞു. നാല് ലോകകപ്പുകളിലും ഏഴ് കോപ്പ അമേരിക്ക ടൂർണമെന്റുകളിലും പങ്കെടുത്തു.
ക്ലബ് ഫുട്‌ബോളിൽ നിലവിൽ ബെൻഫിക്കക്ക് വേണ്ടിയാണ് ഡി മരിയ കളിക്കുന്നത്. റയൽ മാഡ്രിഡ്, പി.എസ്.ജി, യുവന്റസ്, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയ ക്ലബുകൾക്ക് വേണ്ടിയും ഡി മരിയ കളിച്ചിട്ടുണ്ട്.