'അങ്ങനെയങ്ങ് പോയാലോ'; അട്ടിമറികളുടെ ലോകകപ്പ്; വമ്പന്മാരുടെ വഴിമുടക്കിയ കുഞ്ഞന്മാര്‍

രണ്ട് തവണ ടി20 ലോകചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസിന് പോലും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകേണ്ടി വന്ന കളിയില്‍ നിന്ന് തുടങ്ങുന്നു ഈ ലോകകപ്പിലെ അട്ടിമറിയുടെ കഥ. ഒടുവില്‍ ദക്ഷിണാഫ്രിക്കയെ സെമി കാട്ടാതെ പുറത്താക്കിയ നെതര്‍ലന്‍ഡ്സ് വരെ ഈ ലോകകപ്പില്‍ ഉണ്ടാക്കിയ ഇംപാക്ട് ചെറുതല്ല.

Update: 2022-11-07 12:07 GMT
Advertising

2022 ടി20 ലോകകപ്പ് അട്ടിമറികളുടെ കൂടെ ലോകകപ്പായാകും ചരിത്രത്തില്‍ അടയാളപ്പെടുത്തുക. പരിചയസമ്പത്തിലും കടലാസിലുമെല്ലാം ഇത്തിരിക്കുഞ്ഞന്മാരായ ടീമുകള്‍ കാരണം വമ്പന്മാര്‍ക്ക് വരെ പകുതിവഴിക്ക് ടൂര്‍ണമെന്‍റ് അവസാനിപ്പിക്കേണ്ടി വന്നു. രണ്ട് തവണ ടി20 ലോകചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസിന് പോലും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകേണ്ടി വന്ന കളിയില്‍ നിന്ന് തുടങ്ങുന്നു ഈ ലോകകപ്പിലെ അട്ടിമറിയുടെ കഥ. ഒടുവില്‍ ദക്ഷിണാഫ്രിക്കയെ സെമി കാട്ടാതെ പുറത്താക്കിയ നെതര്‍ലന്‍ഡ്സ് വരെ ഈ ലോകകപ്പില്‍ ഉണ്ടാക്കിയ ഇംപാക്ട് ചെറുതല്ല.

ഈ ലോകകപ്പിലെ അട്ടിമറികളുടെ കണക്ക് പരിശോധിക്കാം


ഏഷ്യൻ രാജാക്കന്മാരെ തകർത്ത് നമീബിയ; ലോകകപ്പിന് 'അട്ടിമറിത്തുടക്കം'


ഇത്തവണത്തെ ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ട മത്സരം തുടങ്ങുന്നത് തന്നെ അട്ടിമറിയിലൂടെയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഏഷ്യൻ ചാംപ്യന്മാരായ ശ്രീലങ്കയെ നമീബിയ 55 റണ്‍സിന് തകർത്തത് ഞെട്ടലോടെയാണ് ലോകം കണ്ടത്.

നമീബിയ ഉയർത്തിയ 164 എന്ന വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയുടെ പോരാട്ടം 19-ാം ഓവറിൽ തന്നെ അവസാനിച്ചു. വെറും 108 റൺസുമായാണ് ലങ്കൻ ബാറ്റിങ് നിര കൂടാരം കയറിയത്. ജോനാഥൻ ഫ്രൈലിങ്കിന്റെയും ജൊനാഥൻ സ്മിറ്റിന്റെയും ഓൾറൗണ്ട് പ്രകടനമാണ് നമീബിയയ്ക്ക് ചരിത്രവിജയം സമ്മാനിച്ചത്. അവസാന ഓവറുകളിൽ ജൊനാഥൻ സ്മിത്തിനൊപ്പം തകർത്തടിച്ചാണ് ഫ്രൈലിങ്ക് നമീബിയയെ മികച്ച സ്‌കോറിലെത്തിച്ചത്. ബൗളിങ്ങിൽ രണ്ടു വിക്കറ്റെടുത്തും താരം തിളങ്ങി. സ്മിത്തിന് ഒരു വിക്കറ്റും ലഭിച്ചു.

വിന്‍ഡീസിന് സ്കോട്ടിഷ് ഷോക്ക്; ജയം 42 റണ്‍സിന് 



ലോകകപ്പിന്‍റെ ആദ്യ ദിവസത്തെ ഞെട്ടല്‍ മാറുന്നതിന് മുമ്പ് ക്രിക്കറ്റ് ലോകം വീണ്ടും കണ്ണുതള്ളി. ഇത്തവണ തോറ്റത് രണ്ട് ടി20 ലോകകപ്പുകളുടെ പകിട്ടുമായെത്തിയ കരീബിയന്‍ കരുത്തരാണ്. വീണതാകട്ടെ സ്കോട്‍ലന്‍ഡിന് മുന്നിലും. യുറോപ്യൻ കുഞ്ഞന്മാരായ സ്കോട്‍ലന്‍ഡ് 42 റൺസിനാണ് വെസ്റ്റിന്‍ഡീസിനെ അട്ടിമറിച്ചത്. സ്കോർ: സ്കോട്‍ലൻഡ്-160/5, വെസ്റ്റ് ഇൻഡീസ്-118/10.  ഓപ്പണിങ് ഇറങ്ങി പുറത്താകാതെ 63 റൺസ് നേടിയ ജോർജ് മൻസെയുടെ ഇന്നിം​ഗ്സാണ് സ്കോട്‍ലന്‍ഡിന് മികച്ച സ്കോര്‍ സമ്മാനിച്ചത്.

വിൻഡീസിനെ സംബന്ധിച്ച് മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യ ഓവറുകളില്‍ അവർക്ക് തിരിച്ചടി നേരിട്ടു. 27 റൺസെടുക്കുന്നതിനിടയിൽ അവർക്ക് ആറ് വിക്കറ്റ് കൂടി നഷ്ടമായി.അവസാന വിക്കറ്റുകളിൽ ഒഡെയിൻ സ്മിത്ത്, ഒബെഡ് മക്കോയി എന്നിവരെ കൂട്ടുപിടിച്ച് വിജയത്തിനായി ജേസൺ ഹോൾഡർ പൊരുതിയെങ്കിലും അതുകൊണ്ട് ഫലമുണ്ടായില്ല. 38 റൺസെടുത്ത ഹോൾഡറാണ് വിന്‍ഡീസിന്‍റെ ടോപ് സ്കോറർ. നാല് ഓവറിൽ നിന്ന് 12 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മാർക്ക് വാട്ടാണ് വിൻ‍ഡീസിനെ തകർത്തത്.


വീണ്ടും ഞെട്ടി വിന്‍ഡീസ്; അയര്‍ലന്‍ഡിന് ഒന്‍പത് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം, വെസ്റ്റിന്‍ഡീസ് ലോകകപ്പില്‍ നിന്ന് പുറത്ത്



വീണ്ടും ഞെട്ടിക്കുന്ന അട്ടിമറി. ഇത്തവണ വിന്‍ഡീസിന് ലോകകപ്പ് സ്വപ്നങ്ങള്‍ തന്നെ അടിയറവ് പറയേണ്ടി വന്നു. രണ്ടുവട്ടം ടി20 ലോകകപ്പ് കിരീട ജേതാക്കളായ വെസ്റ്റിൻഡീസിനെ അയര്‍ലന്‍ഡ് ഒന്‍പത് വിക്കറ്റിനാണ് തകര്‍ത്തത്. 2016ലും 2021ലും ലോകകിരീടം ചൂടിയ ടീമിന് ഇതോടെ ഗ്രൂപ്പ് ഘട്ടം പോലും കടക്കാനായില്ല.

വിൻഡീസിനെ എറിഞ്ഞൊതുക്കിയ അയർലൻഡ് ബൗളർ ഗാരെത് ഡെലാനിയാണ് മത്സരത്തിലെ മികച്ച താരം. നാലോവറിൽ 16 റൺസ് വിട്ടു നൽകി മൂന്നു പ്രധാന വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 146 റൺസാണ് ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ വിൻഡീസിന് സ്കോര്‍ ചെയ്യാന്‍ കഴിഞ്ഞത്. എന്നാൽ 17.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അയർലൻഡ് ലക്ഷ്യം മറികടന്നു. പുറത്താകാതെ പൊരുതിയ വെറ്ററൻ ഓപ്പണർ പോൾ സ്റ്റിർലിംഗ് (66), ലോർകൻ ടക്കർ(45) എന്നിവരുടെ മികവിലാണ് ടീം വിജയതീരമണഞ്ഞത്. ഓപ്പണറായ ആൻഡ്രൂ ബാൽബ്രിനി 23 പന്തിൽ 37 റൺസ് നേടി പുറത്തായി. ബാൽബ്രിനിയെ അകീൽ ഹൊസൈന്റെ പന്തിൽ മായേർസ് പിടികൂടുകയായിരുന്നു. എന്നാൽ മറ്റൊരു വിക്കറ്റും നേടാൻ വിൻഡീസ് ബൗളർമാർക്കായില്ല

ക്രിസ് ഗെയിൽ, ഡെയ്വിൻ ബ്രാവോ, കീരൺ പൊള്ളാർഡ് എന്നിവർ വിരമിച്ച ശേഷം ആന്ദ്രേ റസ്സലിനെ അവഗണിച്ച് തയ്യാറാക്കിയ ടീമാണ് പ്രധാന മത്സരങ്ങളിലേക്ക് കടക്കും മുമ്പേ പുറത്തായത്. ഐ.പി.എല്ലിൽ തകർപ്പൻ പ്രകടനം നടത്താറുള്ള ഷിംറോൺ ഹെറ്റ്‌മെയറിനെ നിശ്ചയിക്കപ്പെട്ട ഫ്ളൈറ്റിന് വിമാനത്താവളത്തിൽ എത്താൻ വൈകിയതിന് ടീമിൽനിന്ന് പുറത്താക്കിയിരുന്നു. പകരം ഷമറ ബ്രൂക്സിനെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു

 

ഇംഗ്ലീഷ് പരീക്ഷയില്‍ അയര്‍ലന്‍ഡിന് വിജയം



2011 ഏകദിന ലോകകപ്പിന്‍റെ തനിയാവര്‍ത്തനമായിരുന്നു ഇംഗ്ലണ്ട്- അയര്‍ലന്‍ഡ് പോരാട്ടം. അന്ന് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അയര്‍ലന്‍ഡ് 2022ലും അത് ആവര്‍ത്തിച്ചു. അയല്‍ക്കാരുടെ ആവേശപ്പോരില്‍ അയര്‍ലന്‍ഡിന്‍റെ വിജയം അഞ്ച് റണ്‍സിനായിരുന്നു. മഴ തടസപ്പെടുത്തിയ മത്സരത്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു അയർലാൻഡിന്‍റെ വിജയം. അയർലൻഡ് ഉയർത്തിയ 158 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 14.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 105 റൺസെന്ന നിലയിൽ നിൽക്കെയാണ് മഴ എത്തിയത്. മുഈൻ അലിയും(24) ലിയാം ലിവിങ്‌സ്റ്റണു(1)മായിരുന്നു ക്രീസിൽ. ഇതോടെ മഴനിയമത്തിലൂടെ വിജയിയെ പ്രഖ്യാപിക്കുകയായിരുന്നു.

 2011ലെ ഏകദിന ലോകകപ്പ് അട്ടിമറി

2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടിയ ടൂര്‍ണമെന്‍റിലായിരുന്നു ഇംഗ്ലണ്ട് ആദ്യമായി അയര്‍ലന്‍ഡിന് മുന്നില്‍ വീഴുന്നത്. റണ്‍മഴ കണ്ട പോരാട്ടത്തില്‍ മൂന്നു വിക്കറ്റിനായിരുന്നു ഐറിഷ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ എട്ടു വിക്കറ്റിനു 327 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തി. ജൊനാതന്‍ ട്രോട്ട് (92), ഇയാന്‍ ബെല്‍ (81), കെവിന്‍ പീറ്റേഴ്‌സന്‍ (56) എന്നിവരായിരുന്നു ഇംഗ്ലണ്ടിന്‍റെ പ്രധാന സ്‌കോറര്‍മാര്‍. എന്നാല്‍ റണ്‍ചേസിങ്ങില്‍ അവിശ്വസനീയമായ കുതിപ്പാണ് അന്ന് അയര്‍ലന്‍ഡ് ബാറ്റിങ് നിര പുറത്തെടുത്തത്. 63 ബോളില്‍ 113 റണ്‍സ് വാരിക്കൂട്ടിയ കെവിന്‍ ഒബ്രെയാന്‍ അന്ന് ഐറിഷ് ഹീറോ ആയി അവതരിക്കുകയായിരുന്നു. ഒടുവില്‍ അഞ്ചു ബോള്‍ ബാക്കിനില്‍ക്കെ ഏഴു വിക്കറ്റിന് അയര്‍ലന്‍ഡ് വിജയറണ്‍സ് കുറിച്ചു.

പാകിസ്താന് സിംബാബ്വേയുടെ ഇരുട്ടടി; ത്രില്ലര്‍ പോരാട്ടത്തില്‍ സിംബാബ്വേയുടെ ജയം ഒരു റണ്‍സിന് 




ലോകകപ്പിനു തൊട്ടുമുൻപ് ഓസ്‌ട്രേലിയയെ അവരുടെ സ്വന്തം തട്ടകത്തിൽ തോൽപിച്ചു തുടങ്ങിയ അട്ടിമറിയാത്ര സിംബാബ്‌വേ ലോകകപ്പിലും തുടര്‍ന്നു. ഫലമോ പാകിസ്താനെന്ന വന്മരവും വീണു. പെർത്തിലെ ബൗളർമാരുടെ സ്വർഗത്തിൽ കരുത്തരായ പാകിസ്താനെ ഒരു റൺസിന് കീഴടക്കിയായിരുന്നു സിംബാബ്വേയുടെ അട്ടിമറി.

അവസാന പന്തുവരെ നീണ്ട ത്രില്ലർ പോരാട്ടത്തിലാണ് സിംബാബ്‌വേയുടെ ചരിത്ര വിജയം. പേസർമാർ റൺസ് വിട്ടുകൊടുക്കാതെ പച്ചപ്പടയെ വരിഞ്ഞുമുറുക്കിയപ്പോൾ, മൂന്നു വിക്കറ്റ് പിഴുത് പാക് വംശജന്‍ സിക്കന്ദർ റാസ ബാബറിന്റെ സംഘത്തിന്റെ അന്തകനായി. ഫീല്‍ഡിലും സിംബാബ്‍വേ താരങ്ങള്‍ നിറഞ്ഞാടുന്ന കാഴ്ചയ്ക്കാണ് പെര്‍ത്ത് സാക്ഷ്യംവഹിച്ചത്.

130 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താനെ തുടക്കത്തിൽ തന്നെ സിംബാബ്‌വേ ബൗളർമാർ ഞെട്ടിച്ചു. മൂന്നാം ഓവറിൽ തന്നെ പാക് നായകൻ ബാബർ അസം നാല് റൺസുമായി കൂടാരം കയറി. ബ്രാഡ് ഇവാൻസിന്റെ പന്തിൽ റയാൻ ബേൾ പിടിച്ചാണ് പുറത്തായത്. അഞ്ചാമത്തെ ഓവറിൽ ഫോമിലുള്ള മുഹമ്മദ് റിസ്‌വാനും മടങ്ങി. ഇത്തവണ ബ്ലെസിങ് മുസർബാനിയുടെ പന്ത് റിസ്‌വാന്റെ വിക്കറ്റ് പിഴുതാണ് കടന്നുപോയത്.

നാല് ഓവറിൽ 25 റൺസ് മാത്രം വിട്ടുകൊടുത്താണ് സിക്കന്ദർ റാസ മൂന്ന് പാക് വിക്കറ്റുകൾ കൊയ്തത്. ഇവാൻസ് നാല് ഓവറിൽ 25 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും സ്വന്തമാക്കി. മുസറബാനി നിശ്ചിത ഓവറിൽ 18 റൺസ് മാത്രം നൽകി ഒരു വിക്കറ്റ് വീഴ്ത്തിയപ്പോൾ ല്യൂക് ജോങ്‌വേയ്ക്കും ഒരു വിക്കറ്റ് ലഭിച്ചു.


അങ്ങനെയങ്ങ് പോയാലോ... സൌത്താഫ്രിക്കയെ സെമി കാണിക്കാതെ നെതര്‍ലന്‍ഡ്; 13 റണ്‍സിന്‍റെ അട്ടിമറിജയം




ഈ ലോകകപ്പിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നില്‍ ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത് സെമിഫൈനല്‍ ടിക്കറ്റാണ്. ജയിച്ചാല്‍ ഒരുപക്ഷേ ഈ ലോകകപ്പ് കിരീടം തന്നെ ഉയര്‍ത്താന്‍ ഏറ്റവുമധികം സാധ്യതയുണ്ടായിരുന്ന ടീമുകളിലൊന്നായിരുന്നു ദക്ഷിണാഫ്രിക്ക. പക്ഷേ നെതര്‍ലന്‍ഡിന്‍റെ പോരാട്ടവീര്യത്തിന് മുന്നില്‍ ദക്ഷിണാഫ്രിക്ക് മുട്ടുമടക്കേണ്ടി വന്നു. 13 റൺസിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ സെമി മോഹങ്ങള്‍ അസ്തമിച്ചത്.

ഒന്നും നഷ്ടപ്പെടാനില്ലാത്ത നെതർലൻഡ് വര്‍ധിത വീര്യത്തോടെ കളിച്ചപ്പോള്‍ 159 റൺസിന്‍റെ വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക് മുന്‍പില്‍ ഉയര്‍ന്നത്. സമ്മർദ്ദത്തിലായ ദക്ഷിണാഫ്രിക്കക്ക് മറുപടി ബാറ്റിങില്‍ 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ബാറ്റർമാരിലൊരാൾക്കും പിടിച്ച് നിൽക്കാനാകാതെ വന്നതോടെ പ്രധാന ടൂർണമെൻറുകളിൽ മുന്നേറാൻ കഴിയാത്ത പതിവ് ദൗർഭാഗ്യത്തിന് ഇക്കുറിയും ദക്ഷിണാഫ്രിക്ക കീഴടങ്ങുകയായിരുന്നു

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

Byline - ഷെഫി ഷാജഹാന്‍

contributor

Similar News