''നിങ്ങള്‍ ഇത്രയും ഭീരുക്കളാണോ?''; ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ വിനേഷ് ഫോഗട്ട്

കായികമേഖലയിലെ പ്രമുഖരുടെ മൗനത്തെ ചോദ്യം ചെയ്തുകൊണ്ടാണ് ഗുസ്തി താരം വിനേഷ് ഫോഗട്ട് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

Update: 2023-04-28 12:43 GMT
Advertising

ഗുസ്തി താരങ്ങളുടെ സമരത്തില്‍ മൌനം തുടരുന്ന മുന്‍നിര ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വിനേഷ് ഫോഗട്ട്. ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റുമായിരുന്ന ബ്രിജ്ഭൂഷൻ സിങ്ങിനെതിരായ ലൈംഗിക പീഡന പരാതിയില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ ഗു​സ്തി താരങ്ങളെല്ലാം ഡല്‍ഹിയില്‍ സമരത്തിലാണ്. എന്നാല്‍ ഈ പ്രതിഷേധത്തോട് ഐക്യദാര്‍ഢ്യപ്പെട്ടുകൊണ്ട് ക്രിക്കറ്റര്‍മാരുള്‍പ്പെടെയുള്ള പ്രമുഖ കായിക താരങ്ങളൊന്നും രംഗത്തെത്തിയിട്ടില്ല. കായികമേഖലയിലെ പ്രമുഖരുടെ മൗനത്തെ ചോദ്യം ചെയ്തുകൊണ്ടാണ് ഗുസ്തി താരം വിനേഷ് ഫോഗട്ട് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഗുസ്തിയില്‍ ലോക ചാമ്പ്യൻഷിപ്പിലെ മെഡൽ നേട്ടക്കാരിയാണ് വിനേഷ് ഫോഗട്ട്.

ലോകശ്രദ്ധ നേടിയ ഗുസ്തി താരങ്ങളുടെ സമരത്തെ കണ്ടില്ലെന്ന് ഇനിയും നടിക്കുന്നവര്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് വിനേഷ് ഫോഗട്ട്  പ്രതികരിച്ചിരിക്കുന്നത്. അധികാരത്തിലിരിക്കുന്നവർക്കെതിരെ എഴുന്നേറ്റു നിൽക്കാനുള്ള ധൈര്യം പലരും കാണിക്കാത്തത് വേദനിപ്പിക്കുന്നുവെന്നായിരുന്നു ഫോഗട്ടിന്‍റെ പ്രതികരണം. എന്തെങ്കിലും നേട്ടം സ്വന്തമാക്കുമ്പോള്‍ അഭിനന്ദിക്കാൻ ഓടിവരുന്നവര്‍ എന്തുകൊണ്ടാണ് ഈ വിഷയത്തിൽ നിശബ്ദത പാലിക്കുന്നതെന്നും ഫോഗട്ട് ചോദിച്ചു. രാജ്യത്തെ മുൻനിര ക്രിക്കറ്റ് താരങ്ങളെ ഉന്നംവെച്ചായിരുന്നു ഫോഗട്ടിന്‍റെ വിമര്‍ശന ശരങ്ങള്‍. 

''രാജ്യം മുഴുവൻ ക്രിക്കറ്റിനെയാണ് ആരാധിക്കുന്നത്. പക്ഷേ ഈ വിഷയത്തില്‍ ഇവിടെ ഒരു ക്രിക്കറ്റ് താരം പോലും പ്രതികരിച്ചില്ല. നിങ്ങൾ ഞങ്ങൾക്ക് അനുകൂലമായി സംസാരിക്കണമെന്നില്ല, എങ്കിലും കുറഞ്ഞപക്ഷം നിഷ്പക്ഷമായ നിലപാടെങ്കിലും എടുക്കുക, പ്രതികരിക്കുക, നീതി നടപ്പാക്കണമെന്ന് പറയാനുള്ള ആര്‍ജവമെങ്കിലും കാണിക്കുക. എന്നാല്‍ ഇതൊന്നും സംഭവിക്കുന്നില്ല, അതാണ് എന്നെ ഇത്രയും വേദനിപ്പിച്ചത്."- വിനേഷ് ഫോഗട്ട് പറഞ്ഞു

"യു.എസിൽ ബ്ലാക്ക് ലൈവ്‌സ് മാറ്റർ മൂവ്മെന്‍റുണ്ടായ സമയത്ത് ഇവരൊക്കെ പിന്തുണ അറിയിച്ചിരുന്നല്ലോ. ഗുസ്തി താരങ്ങള്‍ അത്രയും പോലും അർഹിക്കുന്നില്ല എന്നാണോ ഇപ്പോള്‍ തുടരുന്ന മൌനം കാണുമ്പോള്‍ മനസിലാക്കേണ്ടത് " ഫോഗട്ട് തുറന്നടിച്ചു.

ബ്രിജ് ഭൂഷണെതിരായ ലൈംഗിക ആരോപണം ഗുരുതരമെന്ന് സുപ്രിം കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡൽഹി പൊലീസിന് കോടതി നോട്ടീസ് അയക്കുകയും ചെയ്തു. "അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഗുസ്തി താരങ്ങൾ തങ്ങൾക്കെതിരായ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളാണ് ഹരജിയിൽ ഉന്നയിച്ചിരിക്കുന്നത്'' സുപ്രിം കോടതി പറഞ്ഞു.

പരാതിയുടെ പകർപ്പും മറ്റ് രേഖകളും ഗുസ്തി താരങ്ങൾക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ സമർപ്പിച്ചു . പരാതിക്കാരുടെ പേരുകൾ രഹസ്യമായിരിക്കണമെന്നും കേസെടുക്കാത്തതിന് പൊലീസുകാർക്കെതിരെ നടപടി വേണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു . ഏപ്രില്‍ 28ന് കേസില്‍ വാദം കേള്‍ക്കും. ലൈംഗികാതിക്രമ ആരോപണത്തിൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തില്ലെന്ന് ആരോപിച്ച് ഏഴ് വനിതാ ഗുസ്തി താരങ്ങൾ സുപ്രിം കോടതിയെ സമീപിച്ചിരുന്നു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News