കോവിഡിനെ പ്രതിരോധിക്കാന്‍ ക്രിക്കറ്റ് താരങ്ങള്‍ എന്തു നല്‍കി ?

ജൂനിയർ-സീനിയർ താരങ്ങളും റിട്ടയർ ചെയ്ത താരങ്ങളും രാജ്യത്തിന്‍റെ കൂടെ നിന്നു.

Update: 2021-05-09 09:45 GMT
Editor : Nidhin | By : Sports Desk
Advertising

ഇന്ത്യ കോവിഡ് പ്രതിസന്ധിയിലായിരിക്കുമ്പോഴും ഐപിഎൽ നടത്തിയതിനെതിരേ നിരവധി പേരാണ് വിമർശനവുമായി രംഗത്ത് വന്നത്. കോവിഡ് വ്യാപനം മൂലം ഐപിഎല്ലിന്റെ 14-ാം എഡിഷൻ പാതിവഴിയിൽ നിർത്തുകയും ചെയ്തു. പക്ഷേ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഒന്നടങ്കം കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമാകുന്നതാണ് പിന്നീട് കണ്ടത്. ജൂനിയർ-സീനിയർ താരങ്ങളും റിട്ടയർ ചെയ്ത താരങ്ങളും രാജ്യത്തിന്‍റെ കൂടെ നിന്നു.ആരൊക്കയാണ് ഇന്ത്യയുടെ കോവിഡ് പ്രതിരോധത്തിൽ കൂടെനിന്ന ആ താരങ്ങളെന്ന നോക്കാം.

വിരാട് കോലി

ഇന്ത്യയുടെയും ഐപിഎല്ലിൽ ബാഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന്റെ നായകനായ വിരാട് കോലിയും ഭാര്യ ചലചിത്ര താരം അനുഷ്‌കയും ചേർന്ന് 2 കോടി രൂപ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്തു. കൂടാതെ അവർ ഓൺലൈനിൽ നടത്തിയ ഒരു ഫണ്ട് റൈസിങ് ക്യാമ്പയിനിലൂടെ 24 മണിക്കൂറിൽ മൂന്നുകോടിയിലധികം രൂപ സമാഹരിച്ചു. ഇന്ത്യൻ താരം യുസ്വേന്ദ്ര ചഹലും ഈ ക്യാമ്പയിനിൽ തുക സംഭാവന ചെയ്തിരുന്നു. കോവിഡ് പ്രതിരോധ പോരാളികൾക്ക് നന്ദി പറഞ്ഞുകൊണ്ട് കോലിയും അനുഷ്‌കയും ഇന്ന് രംഗത്ത് വന്നിരുന്നു.

റിഷഭ് പന്ത്

നേരത്തെ സമൂഹ മാധ്യമങ്ങളിലൂടെ റിഷഭ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകിയിരുന്നു. കൂടാതെ കോവിഡ് പ്രതിരോധത്തിന് സാമ്പത്തിക സഹായവും നൽകി താരം. ഓക്സിജൻ സിലിണ്ടർ വാങ്ങാനും ബെഡുകൾ വാങ്ങാനും റിലീഫ് കിറ്റുകൾ തുടങ്ങിയ ആവശ്യങ്ങൾക്കായാണ് റിഷഭ് പന്ത് പണം നൽകിയത്. ഇന്ത്യ ഓക്സിജൻ ക്ഷാമത്തിൽ പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് കൂടുതൽ താരങ്ങൾ ഇതുപോലെ സഹായവുമായി രംഗത്ത് വരുന്നത്. അതേസമയം എത്ര രൂപയാണ് താൻ നൽകുക എന്ന് റിഷഭ് പന്ത് പുറത്തു വിട്ടിട്ടില്ല. താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ സംഭാവനയുടെ വിവരം പുറത്തുവിട്ടത്. കൂടുതലായും ഗ്രാമപ്രദേശങ്ങളിലും ചെറിയ നഗരങ്ങളിലുമാണ് താൻ നൽകുന്ന തുക ചെലവഴിക്കേണ്ടതെന്ന് താരം അഭിപ്രായപ്പെട്ടു. ഹേംകുന്ത് ഫൗണ്ടേഷനിലേക്കാണ് പന്ത് പണം നൽകിയത്.

പാണ്ഡ്യ സഹോദരങ്ങൾ

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ്-മുബൈ ഇന്ത്യൻസ് മത്സരത്തിന് തൊട്ടുമുമ്പാണ് തങ്ങളുടെ കുടുംബം കോവിഡ് പ്രതിരോധത്തിനായി സഹായം ചെയ്യുന്നതായി ഹർദിക്ക് പാണ്ഡ്യയും ക്രുണാൽ പാണ്ഡ്യയും അറിയിച്ചത്. 200 ഓക്‌സിജൻ കോൺസട്രേറ്റർ അവർ അടിയന്തരമായി അവർ നൽകി. കൂടാതെ ഇനിയും സഹായം ചെയ്യുമെന്നും അറിയിച്ചു.

പത്താൻ സഹോദരങ്ങൾ

ഇർഫാൻ പത്താൻ-യൂസഫ് പത്താൻ സഹോദരങ്ങൾ തങ്ങളുടെ ക്രിക്കറ്റ് അക്കാദമി വഴിയാണ് സഹായം നൽകുന്നത്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ കോവിഡ് പ്രതിസന്ധിയിൽപെട്ടവർക്ക് സൗജന്യമായി ഭക്ഷണം തങ്ങളുടെ അക്കാദമി വഴി നൽകുമെന്നാണ് അവർ അറിയിച്ചത്.

അജിങ്ക്യ രഹാനെ

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനും ഡൽഹി ക്യാപിറ്റൽസ് താരവുമായ അജിങ്ക്യ രഹാനെ ആദ്യം 30 ഓക്‌സിജൻ കോൺസൻട്രേറ്ററുകളും പിന്നാലെ മറ്റൊരു 30 കോൺസൻട്രേറ്ററുകളും നൽകി. മഹാരാഷ്ട്രയിൽ കോവിഡ് തീവ്രമായി ബാധിച്ച ജില്ലകളിലേക്കാണ് രഹാനെ സംഭാവന നൽകിയത്.

ശിഖർ ധവാൻ

ഡൽഹി ക്യാപിറ്റൽസ് താരമായ ശിഖർ ധവാൻ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്ലാസ്മ ചികിത്സയ്ക്ക് ആവശ്യമായ ഹാമിനോറ്റിക്‌സ് അപ്രഹെർസിസ് മെഷീനാണ് വാങ്ങി നൽകിയത്. കൂടാതെ തനിക്ക് ഐപിഎല്ലിൽ നിന്ന് കിട്ടിയ 20 ലക്ഷം രൂപ സമ്മാനതുകയും കോവിഡ് പ്രതിരോധത്തിനായി അദ്ദേഹം സംഭാവന നൽകി.

ഗൗതം ഗംഭീർ

മുൻ ഇന്ത്യൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ 200 ഓക്‌സിജൻ കോൺസട്രേറ്ററുളാണ് സംഭാവന നൽകിയത്.

സച്ചിൻ ടെൻഡുൽക്കർ

ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ഒരു കോടി രൂപയാണ് കോൺസട്രേറ്റർ വാങ്ങാനായി നൽകിയത്.

ഇവരെ കൂടാതെ പാറ്റ് കമ്മിൻസ്, ബ്രെറ്റ് ലീ, നിക്കോളാസ് പൂരൻ, ജയ്ദേവ് ഉനദ്ക്കട്ട് തുടങ്ങിയ താരങ്ങളും കൂടാതെ ഐപിഎൽ ടീമുകളായ രാജസ്ഥാൻ റോയൽസും ഡൽഹി ക്യാപിറ്റൽസും കോവിഡ് പ്രതിരോധത്തിന് സംഭാവന നൽകിയിരുന്നു.

Tags:    

Editor - Nidhin

contributor

By - Sports Desk

contributor

Similar News