'നീ പുതിയ ആളല്ല.. രാജ്യത്തിനായി കളി ജയിച്ച് തുടങ്ങൂ'; സഞ്ജുവിനോട് ഗംഭീർ
ഐ.പി.എല്ലില്‍ ഈ സീസണില്‍ 13 മത്സരങ്ങളിൽ നിന്ന് 504 റൺസാണ് സഞ്ജുവിന്‍റെ സമ്പാദ്യം
നീണ്ട ഇടവേളക്ക് ശേഷമാണ് മലയാളി താരം സഞ്ജു സാംസണ് ഇന്ത്യൻ ദേശീയ ടീമിലേക്ക് വിളിയെത്തുന്നത്. ജൂണിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ സഞ്ജുവിന്റെ മിന്നലാട്ടങ്ങൾ കാണാനായുള്ള തയ്യാറെടുപ്പിലാണ് ആരാധകർ. കരിയറിലാദ്യമായാണ് ലോകകപ്പിൽ സഞ്ജു ദേശീയ ജഴ്‌സിയണിയുന്നത്. കരിയർ തുടങ്ങി പത്ത് വർഷത്തോളം ഈ അസുലഭ മുഹൂർത്തത്തിനായി താരത്തിന് കാത്തിരിക്കേണ്ടി വന്നു. ഐ.പി.എല്ലിൽ ഈ സീസണിൽ മികച്ച ഫോമിലാണ് സഞ്ജു ബാറ്റ് വീശുന്നത്. ഇത് ലോകകപ്പിലും തുടരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഇപ്പോഴിതാ സഞ്ജുവിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കൊൽക്കത്ത മെന്റററുമായ ഗൗതം ഗംഭീർ. ലോക വേദിയിൽ തന്റെ മികവ് കാണിക്കാനുള്ള അസുലഭ മുഹൂര്‍ത്തമാണ് സഞ്ജുവിനെ തേടിയെത്തിയിരിക്കുന്നത് എന്ന് ഗംഭീർ പറഞ്ഞു.
'നിങ്ങളെ തേടി ആ സുവർണാവസരമെത്തിയിരിക്കുന്നു. ഇന്ത്യക്കാർക്ക് നിങ്ങളുടെ മുഖം പുതിയതല്ല. ഇനി രാജ്യത്തിനായി കളികൾ ജയിച്ച് തുടങ്ങണം. അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ച പരിചയം നിങ്ങൾക്കുണ്ട്. ഐ.പി.എല്ലിൽ മികച്ച പ്രകടനമാണ് നിങ്ങള്‍ പുറത്തെടുക്കുന്നത്. ലോകകപ്പിലും അത് തുടരാനാവട്ടെ. ലോക വേദിയിൽ നിങ്ങളാരാണെന്ന് ലോകത്തിന് കാണിച്ച് കൊടുക്കണം. മികച്ച പ്രകടനം പുറത്തെടുത്താൽ ലോകമത് ശ്രദ്ധിക്കും'- ഗംഭീര്‍ പറഞ്ഞു.
ഐ.പി.എല്ലിൽ സഞ്ജുവിന്റെ ചിറകിലേറിയാണ് രാജസ്ഥാൻ പ്ലേ ഓഫിൽ പ്രവേശിച്ചത്. 13 മത്സരങ്ങളിൽ നിന്ന് 504 റൺസാണ് ഈ സീസണിൽ താരത്തിന്റെ സമ്പാദ്യം. 56 ആണ് ബാറ്റിങ് ആവറേജ്. 156 ആണ് സ്‌ട്രൈക്ക് റൈറ്റ്. ഈ സീസണിൽ ഇതുവരെ അഞ്ച് അർധ സെഞ്ച്വറികൾ സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്ന് കഴിഞ്ഞു.