വിൽപ്പന ഇടിഞ്ഞു; 1400 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി നോക്കിയ

സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ വിപണിയിലെ കമ്പനിയുടെ 5ജി ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ ഇടിവ് സംഭവിച്ചതോടെയാണ് കമ്പനി ചെവല് ചുരുക്കൽ നടപടി സ്വീകരിക്കുന്നത്

Update: 2023-10-19 09:52 GMT
Advertising

1400 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഫിന്നിഷ് ടെലികോം ഗ്രൂപ്പായ നോക്കിയ. സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ വിപണിയിലെ കമ്പനിയുടെ 5ജി ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ ഇടിവ് സംഭവിച്ചതോടെയാണ് കമ്പനി ചെലവ് ചുരുക്കൽ നടപടി സ്വീകരിക്കുന്നത്.

ഇത്തരം തീരുമാനം തങ്ങളുടെ ജീവനക്കാരെ ബുദ്ധിമുട്ടിക്കും. ഈ തീരുമാനം കാരണം കഷ്ടപ്പെടുന്ന ജീവനക്കാരെ തങ്ങളാൽ കഴിയുന്നത് പോലെ സഹായിക്കുമെന്നും ചെലവ്  നിയന്ത്രിക്കേണ്ടത് അനിവാര്യമായതിനാലാണ് ഇത്തരമൊരു നടപടിയെന്നും നോക്കിയ പ്രസിഡന്‍റും സിഇഒയുമായ പെക്ക ലെൻഡ്മാർക്ക് പറഞ്ഞു.


തൊഴിലാളികളുടെ എണ്ണം കുറച്ച് 2026 ആകുമ്പോഴേക്കും 800 മില്യൺ യൂറോ (842 മില്യൺ ഡോളർ) മുതൽ 1.2 ബില്യൺ യൂറോ വരെ സേവിങ്ങ്സ് ഇനത്തിൽ കണ്ടെത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2024-ൽ കുറഞ്ഞത് 400 ദശലക്ഷം യൂറോയും 2025-ൽ 300 ദശലക്ഷം യൂറോയും ഇത്തരത്തിൽ ലാഭം ഉണ്ടാക്കാൻ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷ. നിലവിൽ കമ്പനിയിൽ 86000 ജീവനക്കാരാണുള്ളത്.

നോക്കിയയുടെ മൊത്തം വിൽപ്പന കഴിഞ്ഞ വർഷത്തെ 6.24 ബില്യൺ യൂറോയിൽ നിന്നും 4.98 ബില്യൺ യൂറോയായി കുറഞ്ഞിരുന്നു. ടെലികോം നിർമാണ രംഗത്തെ നോക്കിയയുടെ എതിരാളികളായ നെക്സോണും ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുകയാണ്.


ഇന്ത്യയിൽ ബെംഗളൂരു, ചെന്നൈ, ഗുഡ്‌ഗാവ്, മുംബൈ, നോയ്‌ഡ എന്നിവിടങ്ങളിലാണ് പ്രധാനമായും നോക്കിയയുടെ പ്രവർത്തനം. കമ്പനിയുടെ നിർമ്മാണ കേന്ദ്രം ചെന്നൈയിലാണ്. ബെംഗളൂരുവിൽ ഒരു ഫാക്ടറിയും നോക്കിയക്കുണ്ട്. ഇതിന് പുറമെ രാജ്യത്തെ 26 നഗരങ്ങളിൽ കമ്പനിക്ക് പ്രൊജക്‌ട് ഓഫീസുകളുണ്ട്. നോയ്ഡയിലും ചെന്നൈയിലും ഗ്ലോബൽ സർവീസ് ഡെലിവറി സെന്‍ററുകളുണ്ട്. ഇവിടെ മാത്രം 4,200 പേർ ജോലി ചെയ്യുന്നുണ്ട്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News