രാജ്യത്ത് 5ജി സേവനങ്ങൾ ഒക്ടോബർ 12 മുതൽ: മൂന്ന് വർഷത്തിനകം രാജ്യത്തെല്ലായിടത്തും
ഇന്ത്യ കണ്ടതിൽ ഏറ്റവും വലിയ സ്‌പെക്ട്രം ലേലമായിരുന്നു ഏഴ് ദിവസങ്ങളിലായി നടന്നത്
ന്യൂഡൽഹി: രാജ്യത്ത് 5ജി സേവനങ്ങൾ ഒക്ടോബർ 12 മുതൽ ലഭ്യമാകുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. അടുത്ത മൂന്ന് വർഷത്തിനകം രാജ്യത്തെല്ലായിടത്തും 5ജി സേവനം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
"ഒക്ടോബർ 12 മുതൽ രാജ്യത്ത് 5ജി സേവനങ്ങൾ ലഭ്യമായിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവർക്കും താങ്ങാനാവുന്ന വിലയിൽ സേവനങ്ങൾ ലഭ്യമാക്കും. നഗര-ഗ്രാമ പ്രദേശങ്ങളിൽ ഒരു പോലെ സേവനം ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി ടെലികോം ഓപ്പറേറ്റർമാർ പരിശ്രമിക്കുകയാണ്".മന്ത്രി അറിയിച്ചു.
ഭാർതി എയർടെൽ,റിലയൻസ് ജിയോ,ആദാനി ഡാറ്റ നെറ്റ് വർക്ക്, വോഡഫോൺ തുടങ്ങിയ സർവീസ് പ്രൊവൈഡർമാരിൽ നിന്നായി 17,876 കോടി രൂപയാണ് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് ലേലത്തിൽ ലഭിച്ചത്. ആഗസ്റ്റ് ഒന്നിന് അവസാനിച്ച 5ജി സ്‌പെക്ടട്രം ലേലത്തിൽ 1,50,173 കോടി രൂപയുടെ സ്‌പെക്ട്രം വിറ്റഴിച്ചു. ഇന്ത്യ കണ്ടതിൽ ഏറ്റവും വലിയ സ്‌പെക്ട്രം ലേലമായിരുന്നു ഏഴ് ദിവസങ്ങളിലായി നടന്നത്.
72097.85 മെഗാഹെർട്‌സ് സ്‌പെക്ട്രം ആണ് ലേലത്തിൽ വച്ചത്. 20 കൊല്ലത്തേക്കാണ് സ്‌പെക്ട്രം നൽകുക. 87946 കോടി രൂപയാണ് ജിയോ ചിലവാക്കിയത്. എയർടെൽ 43000 കോടിയും വോഡഫോൺ ഐഡിയ 19000 കോടി രൂപയും അദാനി എന്റർപ്രൈസസ് 215 കോടി രൂപയും ചിലവാക്കി.
ആഗസ്റ്റ് 29ന് നടക്കുന്ന റിലയൻസിന്റെ വാർഷിക പൊതുയോഗത്തിൽ ജിയോ 5ജി, ജിയോഫോൺ 5ജി എന്നിവയെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ.