'ഒരു റീൽസ് ബന്ധം നിങ്ങൾക്കുമില്ലേ?'; ഇൻസ്റ്റഗ്രാമിൽ മുൻഗണന ഷോർട്ട് വീഡിയോസിനെന്ന് ആദം മൊസേരി
2018ൽ ആരംഭിച്ച ഐജിടിവി റീൽസിന്റെ വരവോടെ 2022ൽ ഇൻസ്റ്റഗ്രാം നിർത്തിയിരുന്നു.
പരസ്‌പരം സംസാരിച്ചിട്ട് ദിവസങ്ങളും മാസങ്ങളും കഴിഞ്ഞിട്ടുണ്ടാകും, പക്ഷേ മുടങ്ങാതെ ഇൻസ്റ്റഗ്രാമിൽ റീൽസയക്കുന്ന ഒരു സുഹൃത്ത് നിങ്ങൾക്കുമില്ലേ! പങ്കാളികളാണെങ്കിലും പരസ്പരം സംസാരിക്കുന്നതിനേക്കാൾ കൂടുതൽ ഇപ്പോൾ റീൽസയച്ച് ആശയവിനിമയം ചെയ്യുന്നവരാനാകും കൂടുതൽ. 2020 ആഗസ്റ്റിലാണ് ഇൻസ്റ്റഗ്രാം റീൽസ് എന്നൊരു ആശയവുമായി കടന്നുവരുന്നത്. ടിക് ടോക്കിന്റെ കാലം കഴിഞ്ഞെന്ന് വിധിച്ചിരുന്ന സമയമായതിനാൽ ചിലർക്ക് ആശ്വാസവും മറ്റുചിലർക്ക് അരോചകവുമായിരുന്നു ഇൻസ്റ്റ കമ്യൂണിറ്റിയിലെ ഈ പുതിയ മാർഗം.
എന്നാൽ, ഇന്ന് എല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു 15-സെക്കൻഡിൽ തുടങ്ങിയ ചെറിയ വീഡിയോകൾ. ഇപ്പോൾ 30 സെക്കൻഡ് മുതൽ 1 മിനിറ്റ് വരെ വീഡിയോ ക്രിയേറ്റ് ചെയ്യാൻ സാധിക്കും. ചെറിയ സമയത്തിനുള്ളിൽ വളരെ ക്രിയേറ്റിവ് ആയ വീഡിയോകളാണ് ആളുകൾ കൊണ്ടുവരുന്നത്. വീഡിയോ ക്രിയേറ്റ് ചെയ്യുന്നതിനേക്കാൾ അത് ഷെയർ ചെയ്യുന്നതിലാണ് ആളുകൾക്ക് കൂടുതൽ താല്പര്യം. ഇൻസ്റ്റഗ്രാം മുൻഗണന നൽകുന്നതും ആളുകളെ തമ്മിൽ ഇങ്ങനെ കണക്ട് ചെയ്യിക്കുന്നതിലാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കമ്പനി മേധാവി ആദം മൊസേരി.
ആളുകളെ സുഹൃത്തുക്കളുമായി ബന്ധിപ്പിക്കുന്നതിനുള്ള കമ്പനിയുടെ “കോർ ഐഡൻ്റിറ്റി” യുടെ ഭാഗമാണിതെന്ന് ആദം പറയുന്നു. ലൈക്ക് ചെയ്യുന്നതനുസരിച്ച് ആളുകൾക്ക് അവരുടെ താല്പര്യത്തിന് അനുസരിച്ചുള്ള കണ്ടന്റുകളാണ് ഫീഡിൽ ലഭിക്കുക. ദൈർഘ്യമേറിയ വീഡിയോകൾ ഇപ്പോഴും പ്ലാറ്റ്‌ഫോമിൽ അപ്‌ലോഡ് ചെയ്യാനാകും. എങ്കിലും, ഹ്രസ്വ വീഡിയോകൾക്ക് മുൻഗണന നല്കുന്നതിലാണ് ഇൻസ്റ്റഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ആദം മൊസേരി പറഞ്ഞു.
ഉപഭോക്താക്കളോട് സംവദിക്കുന്നതിനിടെ ആയിരുന്നു മൊസേരി ഇക്കാര്യം വ്യക്തമാക്കിയത്. ഇൻസ്റ്റാഗ്രാം ദൈർഘ്യമേറിയ വീഡിയോകൾ ചെയ്യുമോ എന്നായിരുന്നു ചോദ്യം, ഇതിന് ഉത്തരം വിശദീകരിച്ചുകൊണ്ട് ഒരു വീഡിയോയും മൊസേരി പങ്കുവെച്ചിരുന്നു. കമ്പനിയുടെ ഈ തന്ത്രത്തിന് പിന്നിലുള്ള കാരണവും അദ്ദേഹം വ്യക്തമാക്കി.
ഇൻസ്റ്റഗ്രാം രണ്ടുജോലികളാണ് പ്രധാനമായും ചെയ്യുന്നത്. ഒന്ന്, ഉപയോക്താക്കളെ അവരുടെ സുഹൃത്തുക്കളുമായി കണക്റ്റു ചെയ്യാൻ സഹായിക്കുക. അവരുടെ താല്പര്യങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പര്യവേക്ഷണം ചെയ്യാൻ സഹായിക്കുക. ഒരു ഉപയോക്താവ് ഒരു റീൽസ് കാണുന്നു, അത് ഏതെങ്കിലും രീതിയിൽ അവരുമായി ബന്ധമുള്ളതാണെങ്കിൽ ഉറപ്പായും അവരത് തങ്ങളുടെ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യും.
ഇതിലൂടെ അവർ മാത്രമല്ല, വീഡിയോ പോസ്റ്റ് ചെയ്തയാളും അതിൽ കമന്റ് ചെയ്യുന്നവരും ഇങ്ങനെ ഒരുപാട് ആളുകളുമായാണ് കണക്ട് ആകുന്നത്. തുടർന്ന് ആളുകൾ ഇങ്ങനെയുള്ള ഉള്ളടക്കങ്ങൾ തിരയാൻ തുടങ്ങും. എന്നാൽ, ഒരു പത്ത് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുടെ സ്ഥിതി ഇതല്ല. ആളുകൾ അത് അധികനേരം കണ്ടിരിക്കില്ല. മാത്രമല്ല, സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുക പോലുമില്ല. അതുകൊണ്ട് ഇൻസ്റ്റഗ്രാമിന്റെ പ്രധാന ഐഡന്റിറ്റിയായ റീൽസുകൾക്ക് തുരങ്കം വെക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മൊസേരി പറഞ്ഞു. ദീർഘകാല വീഡിയോ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2018-ൽ സമാരംഭിച്ച ഐജിടിവി എന്ന ഒരു ലോങ് വീഡിയോ ഇൻസ്റ്റഗ്രാമിൽ മുൻപുണ്ടായിരുന്നു. റീലുകൾ ആരംഭിച്ചതോടെ 2022-ൽ ഇത് നിർത്തലാക്കി.