4ജിയേക്കാൾ പത്ത് ഇരട്ടി വേഗതയുമായി 5ജി വരുന്നു; നിങ്ങളുടെ ഫോണിൽ 5ജി ലഭിക്കുമോ എന്ന് എങ്ങനെ പരിശോധിക്കാം ?
ഇപ്പോൾ ഇറങ്ങുന്ന പല സ്മാർട്ട്‌ഫോണുകളിലും 5ജി കണക്ടിവിറ്റിയുണ്ട്
5ജി സേവനങ്ങൾ അധികം വൈകാതെ ഇന്ത്യയിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഈ മാസം അവസാനത്തോടെ എയർടെൽ 5ജി സേവനം തുടങ്ങുമെന്നാണ് റിപ്പോർട്ട്. 4ജിയേക്കാൾ പത്ത് ഇരട്ടി വേഗതയായിരുക്കും 5ജിക്ക് ഉണ്ടാകുക. 5ജി പിന്തുണയുള്ള ഉപകരണങ്ങളിൽ മാത്രമേ 5ജി നെറ്റ് വർക്ക് ആസ്വദിക്കാൻ സാധിക്കുകയുള്ളൂ. ഇപ്പോൾ ഇറങ്ങുന്ന പല സ്മാർട്ട്‌ഫോണുകളിലും 5ജി കണക്ടിവിറ്റിയുണ്ട്. എന്നാൽ, എല്ലാ ഫോണുകളിലും 5ജിയുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.
ഫോണിൽ 5ജി കണക്റ്റിവിറ്റി ഉണ്ടോയെന്ന് എങ്ങനെ പരിശോധിക്കാം?
ഫോണിൽ 5ജി സപ്പോർട്ട് ചെയ്യുമോ എന്നറിയാൻ എളുപ്പമാണ്. വാങ്ങിയ ഫോണിന്റെ സവിശേഷതകൾ ഓൺലൈനിൽ പരിശോധിക്കുന്നതാണ് ഏളുപ്പമുള്ള കാര്യം. വിശ്വസനീയമായ ടെക്ക് വെബ്സൈറ്റുകളിലോ ഫോൺ ബ്രാൻഡിന്റെ തന്നെ വെബ്സൈറ്റിലോ ഫോണിലെ കണക്റ്റവിറ്റി ഓപ്ഷനുകൾ എന്തെല്ലാം ആണെന്ന വിവരങ്ങൾ ഉണ്ടാവും.
ആൻഡ്രോയിഡ് ഫോൺ സെറ്റിങ്സിൽ സിം ആൻഡ് നെറ്റ്‌വർക്ക്‌സ് സൈറ്റിങ്സ് സന്ദർശിച്ചാൽ പ്രിഫേർഡ് നെറ്റ്‌വർക്ക് ടൈപ്പ് ഓപ്ഷനിൽ 2ജി, 3ജി, 4ജി, 5ജി, എന്നിങ്ങനെയുള്ള ഓപ്ഷനുകൾ കാണാം. ഫോണിൽ 5ജി കണക്റ്റിവിറ്റിയും കുറഞ്ഞത് 4ജി സിംകാർഡും ഉണ്ടെങ്കിൽ മാത്രമേ ഈ ലിസ്റ്റിൽ 5ജി കാണിക്കുകയുള്ളൂ. നിലവിൽ ലഭ്യമായ 4ജി സിമ്മുകൾ ഉപയോഗിച്ച് തന്നെ 5ജി നെറ്റ് വർക്ക് ഉപയോഗിക്കാൻ സാധിക്കും.