ഉപയോക്താക്കൾക്ക് മാത്രമല്ല ജീവനക്കാർക്കും രക്ഷയില്ല; മീഷോ സിഇഒ ചമഞ്ഞ് പണം തട്ടാൻ ശ്രമം
ക്ലൈന്റിന് സമ്മാനം നൽകാൻ പേ ടിഎം വഴി പണമയക്കമോ എന്നായിരുന്നു ചോദ്യം. അയച്ച പണം തിരികെ റീഫണ്ട് ചെയ്‌ത് തരാമെന്നും തട്ടിപ്പുകാരൻ പറഞ്ഞു.
പലതരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾ നാം നിരന്തരം വാർത്തകളിലൂടെ കാണാറുണ്ട്. പണം തട്ടാനായി പുത്തൻ വഴികളാണ് തട്ടിപ്പുകാർ തേടുന്നത്. എത്ര വാർത്തകൾ കണ്ടാലും വീണ്ടും ഇത്തരം തട്ടിപ്പുകളിൽ തലവെച്ച് കൊടുക്കുന്നവരുടെ എന്നതിൽ കുറവൊന്നും വന്നിട്ടില്ല. കൂടുതലും ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ വഴിയാണ് തട്ടിപ്പ് നടക്കുന്നത്. സാധാരണ ഉപയോക്താക്കൾക്കായാണ് ഇത്തരക്കാർ വലവിരിക്കുന്നതെങ്കിൽ ഇത്തവണ കമ്പനി ജീവനക്കാരെ തന്നെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
അങ്ങനെയൊരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇ-ഷോപ്പിംഗ് വെബ്‌സൈറ്റായ മീഷോയിലെ ഒരു ജീവനക്കാരൻ. ട്വിറ്ററിലൂടെയാണ് ഇദ്ദേഹം ഇക്കാര്യം പുറത്തുവിട്ടത്. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) വാട്സ്ആപ് വഴിയാണ് തട്ടിപ്പുകാരൻ എത്തിയത്. മീഷോ സിഇഒയുടെ ഔദ്യോഗിക ചിത്രം ഡിസ്‌പ്ലേ പ്രൊഫൈലായുള്ള അജ്ഞാത നമ്പറിൽ നിന്നാണ് തട്ടിപ്പുകാരൻ ചാറ്റ് ചെയ്തത്. സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ശിക്കാർ സക്‌സേനയോട് പണം ആവശ്യപ്പെട്ടായിരുന്നു വ്യാജ സിഇഒ എത്തിയത്.
വളരെ വിചിത്രമായൊരു ആവശ്യവുമായാണ് തട്ടിപ്പുകാരൻ എത്തിയത്. താനൊരു ക്ളൈന്റുമായി സംസാരിക്കുകയായിരുന്നു എന്നും ഷോപ്പ് ചെയ്‌തത് വഴി ഇദ്ദേഹം ഒരു സമ്മാനത്തിന് അർഹനായിരിക്കുകയാണ്. ക്ലൈന്റിന് സമ്മാനം നൽകാൻ പേ ടിഎം വഴി പണമയക്കമോ എന്നായിരുന്നു ചോദ്യം. അയച്ച പണം തിരികെ റീഫണ്ട് ചെയ്‌ത് തരാമെന്നും തട്ടിപ്പുകാരൻ പറഞ്ഞു.
സ്റ്റാർട്ട് അപ് ലോകത്തെ പുതിയ തട്ടിപ്പ് എന്ന തലക്കെട്ടോടെയാണ് ശിക്കാർ സക്‌സേന ചാറ്റിന്റെ സ്ക്രീൻഷോട്ട് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേർ പ്രതികരണവുമായി എത്തി. സ്‌നാപ്ഡീൽ സിഇഒ കുനാൽ ബഹൽ എന്ന വ്യാജേന ഒരാൾ തട്ടിപ്പിന് ശ്രമിച്ചതിന്റെ സ്ക്രീന്ഷോട് ഡൽഹി ആസ്ഥാനമായുള്ള സോഫ്‌റ്റ്‌വെയർ എഞ്ചിനീയറും പങ്കുവെച്ചിട്ടുണ്ട്.