വിന്‍ഡോസ് തന്നെയൊരു ഒന്നാംതരം മാല്‍വെയര്‍: റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍
അടിയന്തരമായി വിന്‍ഡോസ് അപ്ഡേറ്റ് ചെയ്യുക എന്നതാണ് ഇപ്പോള്‍ സ്വീകരിക്കുന്ന മുന്‍കരുതല്‍. എന്നാല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ സ്ഥാപകനും കമ്പ്യൂട്ടര്‍ വിദഗ്ദ്ധനുമായ റിച്ചാര്‍ഡ് സ്റ്റാള്‍മാന്റെ അഭിപ്രായത്തില്‍..
കേരളത്തില്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന റാന്‍സംവെയര്‍ സൈബര്‍ ആക്രമണങ്ങളെ തുടര്‍ന്ന് എടുക്കേണ്ടുന്ന മുന്‍കരുതലുകളെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച. ഇതില്‍ പ്രധാനമാണ്, മൈക്രോസോഫ്റ്റിന്റെ പഴയ ഓപറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ അടിയന്തരമായി അപ്ഡേറ്റ് ചെയ്യുക എന്നത്. അപ്ഡേറ്റ് ചെയ്യാത്ത ഓപ്പറേറ്റിംങ് സിസ്റ്റമുള്ള കമ്പ്യൂട്ടറുകളിൽ അപകടകാരികളായ വൈറസുകൾ വേഗം പ്രവർത്തിക്കാൻ സാധ്യതയുണ്ട് എന്നതാണ് കാരണം. അതേസമയം, വിന്‍ഡോസ് ഓപ്പറേറ്റിംങ് സിസ്റ്റം തന്നെ ഒരു ഒന്നാംതരം മാല്‍വെയറാണെന്നാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ സ്ഥാപകനും കമ്പ്യൂട്ടര്‍ വിദഗ്ദ്ധനുമായ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ പറയുന്നത്‍.
എന്താണ് ഈ മാല്‍വെയര്‍?
മാല്‍വെയര്‍ അഥവാ ക്ഷുദ്രവെയര്‍ എന്നത് ഉപയോക്താക്കളെ തന്നെ അപായപ്പെടുത്താന്‍ ഉദ്ദേശ്യമുള്ള ഒരു പ്രോഗ്രാമിന്റെ പേരാണ്. ഇത്തരത്തില്‍ വിന്‍ഡോസ് ഓപ്പറേറ്റിംങ് സിസ്റ്റം തന്നെ ഒരു മാല്‍വെയറാണെന്നാണ് റിച്ചാര്‍ഡ് സ്റ്റാള്‍മാന്റെ അഭിപ്രായം. കാരണം, സോഫ്റ്റ് വെയറുകളില്‍ മാറ്റം വരുത്തുവാന്‍ വിന്‍ഡോസില്‍ ഒരു സാർവത്രിക പിൻവാതിൽ ഉണ്ട്. ഇതുവഴി പലപ്പോഴും വിൻഡോസ് തന്നെ ഉപയോക്താക്കളിൽ അനാവശ്യമായ കൈകടത്തലുകള്‍ നടത്താറുമുണ്ട്. അതിനാല്‍, ഈ പിന്‍വാതിലുകള്‍ ആര്‍ക്കും വിവരങ്ങള്‍ ഹാക്ക് ചെയ്യുവാനുള്ള എളുപ്പവഴികളാണ്. ആപ്പിള്‍ സിസ്റ്റത്തിലും ആമസോണ്‍ കിന്‍ഡല്‍ ഇ-റീഡറില്‍ പോലും ഇത്തരം മാല്‍വെയറുണ്ടെന്നാണ് സ്റ്റാള്‍മാന്‍ പറയുന്നത്.
ഇതുകൊണ്ടെല്ലാം തന്നെ എങ്ങിനെയാണ് അദ്ദേഹം ഇന്റര്‍നെറ്റ് ഇപയോഗിക്കുന്നത് എന്നതും കൌതുകകരമാണ്. "എനിക്ക് പ്രത്യേക ബന്ധമുള്ള ചില സൈറ്റുകള്‍ മാത്രമാണ് ഞാന്‍ ഉപയോഗിക്കാറുള്ളത്. അല്ലാതെ, ഞാനെന്റെ സ്വന്തം ഉപകരണങ്ങളില്‍ നിന്നും ഒരിക്കലും ഇന്റര്‍നെറ്റ് ഉപയോഗിക്കാറില്ല. ഒരു പ്രത്യേക പ്രോഗ്രാമിലേക്ക് മെയിൽ അയച്ചുകൊണ്ടാണ് സാധാരണയായി മറ്റു സൈറ്റുകളിൽ നിന്നും വെബ് പേജുകൾ ലഭ്യമാക്കുന്നത്. പിന്നെ, ഇന്റര്‍നെറ്റ് ഇപയോഗിച്ച് സാധനങ്ങള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാറുമില്ല." സ്റ്റാള്‍മാന്‍ പറയുന്നു.
"IceCat, Tor എന്നിവ ഉപയോഗിച്ചാണ് ബ്രൌസ് ചെയ്യുക. ഇത് കൂടുതല്‍ സുരക്ഷിതമാണ്. കാരണം, ഇതിലൂടെ നമ്മള്‍ സന്ദര്‍ശിക്കുന്ന സൈറ്റുകള്‍ പുറമെ നിന്നുള്ള ഒരാള്‍ക്ക് ഒരിക്കലും അറിയുവാനാകില്ല. സന്ദർശിക്കുന്ന സൈറ്റുകള്‍ക്ക് പോലും നമ്മെ തിരിച്ചറിയാന്‍ സാധിക്കില്ല." അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്റര്‍നെറ്റിനെ ഒരിക്കലും വിശ്വസിക്കരുത് എന്നാണ് അദ്ദേഹത്തിന് പറയാനുള്ളത്. എന്നുകരുതി നിരാശരാകുകയല്ല, പ്രതിരോധിക്കുകയാണ് വേണ്ടതെന്ന് സ്റ്റാള്‍മാന്‍ വ്യക്തമാക്കുന്നു; "വ്യക്തിപരമായി, ഇത്തരം ട്രാക്ക് ചെയ്യുന്നതോ പിന്‍വാതിലുകള്‍ ഉള്ളതോ ആയ സോഫ്റ്റ് വെയറുകളും വെബ് സേവനങ്ങളും തിരസ്കരിക്കുകയാണ് വേണ്ടത്. ഉപയോക്താക്കളെ ട്രാക്ക് ചെയ്യാത്ത വിധത്തിലുള്ളവ നിര്‍മ്മിക്കുക എന്നതാണ് ഒരുമിച്ച് കൂട്ടമായി നമുക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യം. ജനാധിപത്യപരമായി ഇത്തരം കുറ്റകരമായ സോഫ്റ്റ് വെയറുകളും മറ്റും തടയുവാനുള്ള നിയമം കൊണ്ടുവരണം."