മടക്കി പോക്കറ്റിലിടാവുന്ന സ്മാര്‍ട്ട് ടാബ്
സാംസങും ഹാവേയും ഇത്തരം മടക്കാവുന്ന സ്മാര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഫ്ളെക്സ്പൈയുടെ വരവ്...
ഒരേസമയം ടാബായും മടക്കി സ്മാര്‍ട്ട്‌ഫോണായും ഉപയോഗിക്കാന്‍ കഴിയുന്ന 2 ഇന്‍ 1 സ്മാര്‍ട്ട് ഉപകരണം പുറത്തിറക്കി. ലോകത്തിലെ ആദ്യത്തെ മടക്കിവെക്കാവുന്ന ഫോണാണിതെന്നാണ് നിര്‍മ്മാതാക്കളായ റോയോള്‍ അവകാശപ്പെടുന്നത്. ഫ്‌ളെക്‌സ്‌പൈ എന്ന് പേരിട്ടിരിക്കുന്ന ഈ മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ പ്രീ ഓര്‍ഡറായി ഓണ്‍ലൈനില്‍ നിന്നും വാങ്ങാനാകും.
7.8 ഇഞ്ച് സ്‌ക്രീനുള്ള ഈ ഉപകരണം മടക്കി കഴിഞ്ഞാല്‍ നാല് ഇഞ്ച് ഡിസ്‌പ്ലേയുള്ള സ്മാര്‍ട്ട്‌ഫോണായി മാറും. മുന്നിലേയും പിന്നിലേയും ഡിസ്‌പ്ലേകള്‍ക്കൊപ്പം മടങ്ങുന്ന നടുഭാഗവും ചെറിയ ഡിസ്‌പ്ലേയായി ഉപയോഗിക്കാനാകും. കോളുകളും മെസേജുകളും മെയിലുകളും സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനുമാകും ഈ മൂന്നാം ഡിസ്‌പ്ലേ ഉപയോഗിക്കുക.
8,999 യുവാന്‍(ഏകദേശം 94,000 രൂപ) മുതല്‍ 12,999 യുവാന്‍(ഏകദേശം 1,37,000 രൂപ) വരെയാണ് ഫ്‌ളെക്‌സ്‌പൈയുടെ കണ്‍സ്യൂമര്‍, ഡെവലപ്പര്‍ മോഡലുകളുടെ ചൈനയിലെ വില. ചൈനക്ക് പുറത്ത് ഇവയുടെ വില വീണ്ടും വര്‍ധിക്കും. വെറും 320 ഗ്രാം മാത്രം ഭാരമുള്ള ഫ്‌ളെക്‌സ്‌പൈക്ക് 7.6 മില്ലിമീറ്റര്‍ മാത്രമാണ് കനമുള്ളത്.
റോയോള്‍ കമ്പനിയുടെ സി.ഇ.ഒ 35കാരനായ ബില്‍ ലിയുവാണ് ബെയ്ജിംങില്‍ വെച്ച് ഈ മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചത്. ചൈനീസ് സംരംഭകനായ ബില്‍ ലിയു സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും ഇലക്ട്രിക് എഞ്ചിനീയറിംങില്‍ ബിരുദം നേടിയിട്ടുണ്ട്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം ചൈനയിലും അമേരിക്കയിലും ഓഫീസുകളുമായി റോയോള്‍ ആരംഭിക്കുന്നത്.
മൂന്ന് വര്‍ഷത്തോളം നീണ്ട ഗവേഷണങ്ങള്‍ക്കൊടുവിലാണ് മടക്കാവുന്ന സ്‌ക്രീന്‍ കണ്ടെത്തിയതെന്നാണ് ബില്‍ ലിയു പറഞ്ഞത്. നിലവിലെ സ്മാര്‍ട്ട്ഫോണുകളിലെ ഗ്ലാസ് സ്‌ക്രീനുകളെ പോലെ കയ്യില്‍ നിന്നും വീണാല്‍ ഫ്‌ളെക്‌സ്‌പൈയുടെ സ്‌ക്രീന്‍ പൊട്ടില്ലെന്നാണ് നിര്‍മ്മാതാക്കളുടെ വാദം. ഇവക്ക് ഭാരം കുറവാണെന്നും നിര്‍മ്മാണം താരതമ്യേന ചിലവുകുറഞ്ഞതാണെന്നും വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.
ആവേശത്തോടെയും അത്ഭുതത്തോടെയുമാണ് ഫ്‌ളെക്‌സ്‌പൈയുടെ വരവിനെ സ്മാര്‍ട്ട്‌ഫോണ്‍ ലോകം കാണുന്നത്. വന്‍കിട സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങും ഹാവേയും ഇത്തരം മടക്കാവുന്ന സ്മാര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് താരതമ്യേന ചെറിയ കമ്പനിയായ റോയോള്‍ ആ ഫോണ്‍ അവതരിപ്പിച്ച് ടെക് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.