പ്രസ്സ് കോണ്‍ഫറന്‍സിനിടെ മാധ്യമ പ്രവര്‍ത്തകന്‍ ഉറങ്ങി; ചിരി പടര്‍ത്തി നദാല്‍
ആദ്യ ജയത്തോടൊപ്പം തന്നെ, വിജയ ശേഷമുള്ള നദാലിന്റെ വാർത്താ സമ്മേളനവും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയുണ്ടായി
ആസ്ത്രേലിയൻ ഓപ്പൺ വിജയത്തോടെ ആരംഭിച്ച് തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ് റാഫേൽ നദാൽ. ആസ്ത്രേലിയയുടെ വിഡ്കാർഡ് ജെയിംസ് ഡക്ക്‍വർത്തിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് നദാല്‍ രണ്ടാം റൗണ്ടിലേക്ക് കടന്നത്. സ്കോർ 6-4, 6-3, 7-5.
ആദ്യ ജയത്തോടൊപ്പം, വിജയ ശേഷമുള്ള നദാലിന്റെ വാർത്താ സമ്മേളനവും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയുണ്ടായി. മാധ്യമങ്ങളുമായുള്ള അഭിമുഖത്തിനിടെ, കൂട്ടത്തിലുള്ള ഒരാൾ ഉറങ്ങുന്നത് നദാലിന്റെ ശ്രദ്ധയിൽ പെടുകയായരുന്നു. എന്നാൽ ഇതു കണ്ട് ചിരിയടക്കാൻ നദാലിന് സാധിച്ചില്ല. എനിക്കറിയാം, എന്റെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുന്നതിന് കണ്ണടച്ച് പിടിച്ചിരിക്കുകയാണ് അദ്ദേഹം എന്ന കമന്റും നദാൽ പാസാക്കി. ഹാളിലാകെ ചിരിപടര്‍ത്തിയ നദാലിന്റെ ഈ വീഡിയോ, ആസ്ത്രേലിയൻ ഓപ്പണിന്റെ ഔദ്യോഗിക ട്വിറ്റർ വഴി ഷെയർ ചെയ്യുകയുമുണ്ടായി.
കാലിനേറ്റ പരിക്കിനെ തുടർന്ന് 2018ലെ മിക്ക കളികളിൽ നിന്നും പുറത്തിരുന്ന റാഫേൽ നദാലിന് വിജയത്തോടെ തന്നെ പുതിയ സീസൺ ആരംഭിക്കാൻ കഴിഞ്ഞു. ദീർഘ നാളത്തെ വിശ്രമത്തിന് ശേഷം പൂർണ്ണമായും തിരിച്ചു വരിക എന്നുള്ളത് ദുഷ്കരമാണ്, അതും ഓരോ പോയിന്റിലും അക്രമിച്ച് കളിക്കുന്ന ഒരു കളിക്കാരനെതിരെ പ്രത്യേകിച്ചും എന്ന് മത്സര ശേഷം റാഫേൽ നദാൽ പറഞ്ഞു.