ആസ്ട്രേലിയന്‍ ഓപ്പണില്‍ അടി പതറി വമ്പന്മാര്‍

ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാല്‍ ക്വാര്‍ട്ടറില്‍ കടന്നു.

Update: 2019-01-20 13:11 GMT
ആസ്ട്രേലിയന്‍ ഓപ്പണില്‍ അടി പതറി വമ്പന്മാര്‍
AddThis Website Tools
Advertising

ആട്രേലിയന്‍ ഓപ്പണില്‍ അടിപതറി മുന്‍ നിര താരങ്ങള്‍. നിലവിലെ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍, ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബര്‍, റഷ്യയുടെ മരിയ ഷറപ്പോവ, ക്രൊയേഷ്യന്‍ താരം മാരിന്‍ സിലിച്ച് എന്നിവര്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. അതേസമയം ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാല്‍ ക്വാര്‍ട്ടറില്‍ കടന്നു.

നിലവിലെ ചാമ്പ്യനും മൂന്നാം സീഡുമായ റോജര്‍ ഫെഡററെ പതിനാലാം സീഡായ സ്റ്റെഫാനോസ് സിസിപാസ് 6-7, 7-6, 7-5, 7-6 എന്ന സ്കോറിനാണ് നാലാം റൌണ്ടില്‍ പരാജയപ്പെടുത്തിയത്. ആവേശകരമായ മത്സരത്തില്‍ ആദ്യ സെറ്റ് നേടിയതിന് ശേഷമാണ് മൂന്ന് സെറ്റിന്‍റെ തോല്‍വി ഫെഡറര്‍ ഏറ്റുവാങ്ങിയത്. വനിതാ സിംഗിള്‍സില്‍ ക്വര്‍ട്ടര്‍ പ്രതീക്ഷയുമായി ഇറങ്ങിയ കെര്‍ബറിനെ അമേരിക്കയുടെ ഡാനിയേല്‍ കോളിന്‍സും മരിയ ഷറപ്പോവയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് ആഷ്‍ലി ബാര്‍ട്ടിയുമാണ് അട്ടിമറിച്ചത്.

പുരുഷ വിഭാഗത്തില്‍ ലോക രണ്ടാം നമ്പര്‍ റാഫേല്‍ നദാല്‍ ചെക്ക് റിപ്ലബ്ലിക്കിന്‍റെ തോമസ് ബെര്‍ഡിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് ക്വാര്‍ട്ടറില്‍ കടന്നു. രണ്ട് സെറ്റ് അനായാസം നേടിയെങ്കിലും മൂന്നാം സെറ്റില്‍ നദാല്‍ ശക്തമായ മത്സരം നേരിട്ടു. സ്കോര്‍ 6-0, 6-1, 7-6. ആറാം സീഡായ മാരിന്‍ സിലിച്ചിനെ ഇരുപത്തിരണ്ടാം സീഡായ റോബര്‍ട്ടോ ബോട്ടിസ്റ്റ അഗുട്ടാണ് പ്രീ ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയത്. സ്കോര്‍ 6-7, 6-3, 6-2, 4-6, 6-4.

Tags:    

Similar News