പെട്ര ക്വിറ്റോവ ആസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍

2016 ഡിസംബറില്‍ സ്വന്തം വീട്ടില്‍ വെച്ച് അക്രമിയുടെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ ക്വിറ്റോവക്ക് ടെന്നീസ് കളിക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ എഴുതി തള്ളിയതാണ്.

Update: 2019-01-24 07:21 GMT
Advertising

ചെക്ക് റിപ്പബ്ലിക്ക് താരം പെട്ര ക്വിറ്റോവ ആസ്‌ട്രേലിയന്‍ ഓപണ്‍ ഓപ്പണ്‍ ഫൈനലില്‍. ആസ്‌ട്രേലിയന്‍ ഓപണിന് മുമ്പ് ഗ്രാന്റ് സ്ലാമില്‍ ഒരു വിജയം പോലുമില്ലാതിരുന്ന സീഡില്ലാ താരം കോളിന്‍സിന്റെ സെമി വരെയെത്തിയ സ്വപ്‌ന കുതിപ്പ് അവസാനിപ്പിച്ചാണ് പെട്ര ക്വിറ്റോവ ഫൈനലിലെത്തിയിരിക്കുന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് 7-6(7-2), 6-0ത്തിനായിരുന്നു ക്വിറ്റോവയുടെ ജയം.

Full View

നിരവധി കാരണങ്ങളാല്‍ ഏറെ പ്രിയപ്പെട്ടതാണ് ക്വിറ്റോവക്ക് ഈ ഫൈനല്‍ പ്രവേശം. 2016 ഡിസംബറില്‍ സ്വന്തം വീട്ടില്‍ വെച്ച് അക്രമിയുടെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ ക്വിറ്റോവക്ക് ടെന്നീസ് കളിക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ എഴുതി തള്ളിയതാണ്. എന്നാല്‍ നിശ്ചയദാര്‍ഢ്യം കൈമുതലാക്കി രണ്ട് തവണ വിംബിള്‍ഡണ്‍ ചാമ്പ്യനായ ക്വിറ്റോവ ടെന്നീസ് മൈതാനത്തേക്ക് തിരിച്ചെത്തുകയായിരുന്നു.

'ഈ ഫൈനല്‍ എനിക്കേറെ പ്രിയപ്പെട്ടതാണ്. ഏറെ നാളത്തെ കഠിനാധ്വാനം ഇതിന് പിന്നിലുണ്ട്. ഫൈനലില്‍ എന്ത് സംഭവിച്ചാലും ഒരുപാട് സന്തോഷം മാത്രം' എന്ന മത്സരശേഷമുള്ള അഭിമുഖത്തിലെ ക്വിറ്റോവയുടെ വാക്കുകള്‍ തന്നെ അവര്‍ക്ക് ഈ ജയത്തിലുള്ള പ്രാധാന്യം വിളിച്ചുപറയുന്നതാണ്. ക്വിറ്റോവയുടെ പ്രഥമ ആസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലാണിത്. നവോമി ഒസാക- കരോളിന പ്ലിസ്‌കോവ രണ്ടാം സെമിയിലെ ജേതാവിനെയാണ് ക്വിറ്റോവ ഫൈനലില്‍ നേരിടുക.

Full View

നേരത്തെ ബ്രിസ്‌ബെയ്ന്‍ ഓപണില്‍ ക്വിറ്റോവയും കോളിന്‍സും ഏറ്റുമുട്ടിയപ്പോള്‍ മൂന്ന് മണിക്കൂര്‍ മത്സരം നീണ്ടിരുന്നു. അന്നത്തെ മൂന്ന് സെറ്റ് മാരത്തണ്‍ മത്സരത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു സെമിയിലെ പോരാട്ടത്തിലെ ആദ്യ സെറ്റ്. ഇരുവരും വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്നതോടെ ടൈബ്രേക്കറിലൂടെയാണ് ക്വിറ്റോവ സെറ്റ് നേടിയത്. എന്നാല്‍ രണ്ടാം സെറ്റില്‍ അമേരിക്കക്കാരി കോളിന്‍സിനെ നിഷ്പ്രഭയാക്കുന്ന പ്രകടനമാണ് പെട്ര ക്വിറ്റോവ പുറത്തെടുത്തത്. ഒരു പോയിന്റ് പോലും നല്‍കാതെ ഏകപക്ഷീയമായി 6-0ത്തിനായിരുന്നു ക്വിറ്റോവ സെറ്റും ഫൈനലിലേക്കുള്ള ടിക്കറ്റും നേടിയത്.

Tags:    

Similar News