ഇതെന്തൊരു വിനയമാണ് മിസ്റ്റര്‍ ജോക്കോവിച്ച് !
ആസ്ത്രേലിയൻ ഓപ്പണിന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ ഷെയർ ചെയ്ത വീഡിയോ പിന്നീട് വെെറലാവുകയായിരുന്നു
വിജയത്തിന്റെ നെറുകയിൽ നിൽക്കുമ്പോഴും അഹങ്കാരത്തിന്റെ തെല്ലൊരു അംശം തന്നിലില്ലെന്ന് പലവട്ടം പറയാതെ പറഞ്ഞ പ്രതിഭയാണ് നൊവാക്ക് ജോക്കോവിച്ച്. ഏറ്റവും ഒടുവിലായി ആസ്ത്രേലിയൻ ഓപ്പണിലെ തന്റെ റെക്കോർഡ് കിരീട നേട്ടത്തിന് ശേഷവും ഇത് തെളിയിക്കുന്ന വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്.
ആസ്ത്രേലിയൻ ഓപ്പണിൽ ലോക രണ്ടാം റാങ്കുകാരനായ റാഫേൽ നദാലിനെ മുട്ടു കുത്തിച്ച് ഏഴാം കിരീടം സ്വന്തമാക്കുകയുണ്ടായി ജോക്കോവിച്ച്. കുറച്ചു മാസങ്ങൾക്ക് മുമ്പ് റാങ്കിംഗിൽ 20നു കീഴെ വരെ എത്തിച്ചേർന്നിടത്തു നിന്നാണ് ഈ സെർബ് താരം മുൻ നിരയിലേക്ക് തിരിച്ചെത്തിയത്. 12 വർഷങ്ങൾക്കിടെ ആദ്യമായായിരുന്നു ജോക്കോവിച്ച് റാങ്കിംഗിൽ 20ന് താഴെ എത്തിയത്. ആസ്ത്രേലിയൻ ഓപ്പൺ നേടി ആരാധകർക്കിടയിലൂടെ നടന്ന് നീങ്ങുന്ന ജോക്കോവിച്ച് ആരാധകരോട് കാണിച്ച പെരുമാറ്റമാണ് സോഷ്യൽ മീഡിയയിൽ പ്രശംസക്ക് പാത്രമായത്.
ധൃതിയിൽ കടന്നു പോകുന്നതിനിടെ തന്റെ ജാക്കറ്റ് ആവശ്യപ്പെട്ട ആരാധകന് യാതൊരു സങ്കോചവും കൂടാതെ അത് ഊരി നൽകുകയായിരുന്നു ജോക്കോ. സെൽഫിയെടുക്കാൻ കാത്തു നിന്നവർക്ക് അതിനുള്ള അനുവാദവും ഈ 31കാരൻ നൽകി. ആസ്ത്രേലിയൻ ഓപ്പണിന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ ഷെയർ ചെയ്ത ഇതിന്റെ വീഡിയോ പിന്നീട് വെെറലാവുകയായിരുന്നു. ജോക്കോവിച്ചിനെ പ്രശംസകൊണ്ട് ചൊരിഞ്ഞാണ് ആരാധകർ വീഡിയോ ഏറ്റെടുത്തത്.
ലോക ഒന്നാം റാങ്കുകാരനായ ജോക്കോവിച്ച് 6-3, 6-2, 6-3 എന്ന സ്കോറിനാണ് നദാലിനെ പരാജയപ്പെടുത്തിയത്. ഇതോടെ 6 ആസ്ത്രേലിയൻ ഓപ്പൺ കിരീടം നേടിയ റോജർ ഫെഡററുടെയും റോയ് എമേർസന്റേയും റെക്കോർഡുകൾ പഴങ്കഥയാക്കുകയായിരുന്നു ജോക്കോ. അടുത്തായി വരാനിരിക്കുന്ന റോളണ്ട് ഗാരോസിലും വെന്നിക്കൊടി പാറിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ നമ്പർ വൺ താരം.