തോറ്റപ്പോള്‍ കരഞ്ഞ 15കാരിയെ ചേര്‍ത്തുപിടിച്ച് നവോമി ഒസാക

കഴിഞ്ഞ യു.എസ് ഓപണില്‍ കിരീടം നേടിയെങ്കിലും കരഞ്ഞാണ് ഒസാക കളം വിട്ടത്. ഒരു വര്‍ഷത്തിനിപ്പുറം അതേ യു.എസ് ഓപണില്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ മാതൃകയായിരിക്കുകയാണ് ഒസാക.  

Update: 2019-09-01 11:15 GMT
Advertising

അത്രയെളുപ്പത്തില്‍ യു.എസ് ഓപണ്‍ കിരീടം വിട്ടുകൊടുക്കാനാവില്ലെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു നവോമി ഒസാകയുടെ മൂന്നാം റൗണ്ടിലെ പ്രകടനം. 65 മിനുറ്റ് മാത്രം നീണ്ടമത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് 6-3, 6-0നായിരുന്നു ഒസാകയുടെ വിജയം. കളിക്കളത്തിലെ പ്രകടനത്തിനൊപ്പം എതിരാളിയെ ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത് കാണികളുടേയും മനം കവര്‍ന്നാണ് ഒസാക കളിക്കളം വിട്ടത്.

താന്‍ മികച്ച ഫോമിലാണെന്ന് തെളിയിക്കുന്ന കളിയായിരുന്നു ഒസാകയുടേത്. കഴിഞ്ഞ ആസ്‌ട്രേലിയന്‍ ഓപണ്‍ ഫൈനലിന് ശേഷം ഇത്രയേറെ ശ്രദ്ധയോടെ കളിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്ന് ഒസാക മത്സരശേഷം നടത്തിയ അഭിമുഖത്തില്‍ തുറന്നുപറയുകയും ചെയ്തു. എന്നാല്‍ ഒസാകയുടെ മിന്നുംഫോം തകര്‍ത്തത് ഒരു കൗമാരക്കാരിയുടെ ഗ്രാന്റ്സ്ലാം സ്വപ്‌നങ്ങളായിരുന്നു.

Full View

മത്സരശേഷം കരഞ്ഞുകൊണ്ടാണ് 15കാരിയായ കൊകോ ഗോഫ് നവോമിക് കൈ കൊടുത്തത്. ഇത് ശ്രദ്ധിച്ച നവോമി കാണികളെ അഭിവാദ്യം ചെയ്ത ശേഷം വീണ്ടും കൊകോയ്ക്ക് അരികിലെത്തി. വിജയിയുടെ അഭിമുഖത്തിനൊപ്പം പങ്കെടുക്കാന്‍ കൊകോയെ ക്ഷണിച്ചു. ആദ്യം സംശയിച്ചു നിന്നെങ്കിലും കൊകോ നവോമിക്കൊപ്പം ചെന്ന് സംസാരിക്കാന്‍ തയ്യാറായി.

'കളി തീര്‍ന്നപ്പോള്‍ എത്രയും പെട്ടെന്ന് കോര്‍ട്ടില്‍ നിന്ന് പോകാനാണ് തോന്നിയത്. എല്ലാവര്‍ക്കും മുന്നില്‍ വെച്ച് കരയാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഷവറിന് താഴെ നിന്ന് കരയുന്നതിനേക്കാള്‍ നല്ലത് കാണികള്‍ക്ക് മുന്നിലാണെന്നാണ് നവോമി പറഞ്ഞത്. ആദ്യം എതിര്‍ത്തെങ്കിലും തുടര്‍ച്ചയായി നവോമി നിര്‍ബന്ധിച്ചപ്പോള്‍ വഴങ്ങുകയായിരുന്നു' എന്നാണ് അഭിമുഖത്തിനിടെ കൊകോ പറഞ്ഞത്.

Full View

തനിക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ 21കാരിയായ ഒസാക കൊകോയുടെ മാതാപിതാക്കളെ അഭിനന്ദിക്കുകയും ചെയ്തു. അതിനിടെ ഒസാകക്കും കണ്ണീരടക്കാനായില്ല. മത്സരത്തിലുടനീളം കൊകോയെ പ്രോത്സാഹിപ്പിച്ച അമേരിക്കയിലെ കാണികള്‍ക്ക് നന്ദിപറയാന്‍ അവര്‍ക്ക് ഒരു അവസരം നല്‍കുന്നത് നല്ലതാണെന്ന് തോന്നിയതുകൊണ്ടാണ് താന്‍ അങ്ങനെ ചെയ്തതെന്നാണ് ഒസാക പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം യു.എസ് ഓപണ്‍ ഫൈനലിനിടയിലും നാടകീയമായ സംഭവവികാസങ്ങളും ഒസാകയുടെ കരച്ചിലും നടന്നിരുന്നു. അന്ന് കിരീടം നേടിയെങ്കിലും സെറീന വില്യംസിന്റെ രോക്ഷ പ്രകടനങ്ങളെ തുടര്‍ന്നായിരുന്നു ഫൈനല്‍ കുപ്രസിദ്ധമായത്. അമ്പയറുടെ തീരുമാനങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച സെറീനക്ക് ശിക്ഷയും ലഭിച്ചിരുന്നു. ഫൈനല്‍ ഇങ്ങനെ അവസാനിച്ചതില്‍ വിഷമമുണ്ടെന്നാണ് അന്ന് നവോമി ഒസാക കരഞ്ഞുകൊണ്ട് പറഞ്ഞത്. ഒരു വര്‍ഷത്തിനിപ്പുറം അതേ യു.എസ് ഓപണില്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ സുന്ദര കാഴ്ച്ച സമ്മാനിച്ചിരിക്കുകയാണ് ഒസാക.

Tags:    

Similar News