യു.എസ് ഓപ്പണ്‍: പരിക്ക് വില്ലനായി; ജോക്കോവിച്ച് പിന്‍മാറി
വേദന കടിച്ചമര്‍ത്തി കളിച്ച ജോക്കോവിച്ച് ഇഞ്ചോടിഞ്ച് പൊരുതിയെങ്കിലും കളിയില്‍ നിന്ന് പിന്‍മാറുകയല്ലാതെ മറ്റു വഴികളില്ലാതാവുകയായിരുന്നു.
യു.എസ് ഓപ്പണ്‍ ടെന്നീസില്‍ നിലവിലെ ചാമ്പ്യനായ നൊവാക് ജോക്കോവിച്ചിന് വില്ലനായി പരിക്ക്. പ്രീ ക്വാര്‍ട്ടറില്‍ സ്റ്റാന്‍ വാവ്‍റിങ്കക്കെതിരെ ആദ്യ രണ്ടു സെറ്റും നഷ്ടപ്പെട്ട് മൂന്നാം സെറ്റിലും പിന്നില്‍ നില്‍ക്കുന്നതിനിടെയാണ് കടുത്ത വേദനയെ തുടര്‍ന്ന് ജോക്കോവിച്ച് കളി മതിയാക്കിയത്.
ഇടതു തോളിനേറ്റ പരിക്കാണ് ജോക്കോവിച്ചിന് വില്ലനായത്. വേദന കടിച്ചമര്‍ത്തി കളിച്ച ജോക്കോവിച്ച് ഇഞ്ചോടിഞ്ച് പൊരുതിയെങ്കിലും കളിയില്‍ നിന്ന് പിന്‍മാറുകയല്ലാതെ മറ്റു വഴികളില്ലാതാവുകയായിരുന്നു. സ്കോര്‍ 6–4, 7–5, 2–1. നേരത്തെ പ്രീ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടറിലെത്തി. സമ്പൂര്‍ണ ആധിപത്യത്തോടെയായിരുന്നു ഫെഡററുടെ വിജയം. സ്കോര്‍ 6-2, 6-2, 6-0. വനിതാ സിംഗിള്‍സില്‍ സെറീന വില്യംസും ഉക്രൈന്റെ എലിന സ്വിറ്റോലിനയും ക്വാര്‍ട്ടറിലെത്തി.