ടെന്നീസ് താരത്തിന്റെ ദേഷ്യത്തില്‍ പിതാവിന് പരിക്കേറ്റു, മകനെ ചീത്തവിളിച്ച് അമ്മ
അടികൊണ്ട പിതാവ് വലതുകൈ മുട്ട് അമര്‍ത്തിപിടിച്ച് മകനെ രൂക്ഷമായി നോക്കിക്കൊണ്ട് എഴുന്നേറ്റുപോയി...
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ടെന്നീസ് താരങ്ങളിലൊരാളാണെന്ന് പറഞ്ഞിട്ടൊന്നും ഒരുകാര്യവുമില്ല, അമ്മയുടെ ചീത്തയില്‍ നിന്നും സിറ്റ്‌സിപാസിന് രക്ഷപ്പെടാനായില്ല. പിതാവിന് പരിക്കേല്‍ക്കുന്ന വിധത്തില്‍ ദേഷ്യം പ്രകടിപ്പിച്ചതുകൊണ്ടുതന്നെ സിറ്റ്‌സിപാക്കിന്റെ അമ്മക്ക് ദേഷ്യം വന്നതില്‍ കുറ്റം പറയാനും പറ്റില്ല. എ.ടി.പി കപ്പിനിടെയായിരുന്നു ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാക്കിന്റെ രോഷപ്രകടനം കൈവിട്ടുപോയത്.
ആസ്‌ട്രേലിയുടെ നിക് കിരിയോസിനെതിരായ ആദ്യ സെറ്റ് ടൈ ബ്രേക്കറില്‍ തോറ്റതിന് പിന്നാലെയായിരുന്നു ആറാം റാങ്കുകാരനായ സിറ്റ്‌സിപാക്കിന് നിയന്ത്രണം വിട്ടത്. കയ്യിലെ റാക്കറ്റ് അടിച്ച് പൊട്ടിക്കാന്‍ സിറ്റ്‌സിപാക്ക് ശ്രമിച്ചപ്പോഴാണ് പിതാവിന് പരിക്കേറ്റത്. കോര്‍ട്ടിലെ വശങ്ങളിലിട്ടിരുന്ന കസേരയിലും ബോര്‍ഡിലും അടിച്ച് റാക്കറ്റ് തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ തൊട്ടടുത്ത് ഇരിക്കുകയായിരുന്ന സിറ്റ്‌സിപാക്കിന്റെ പിതാവിന്റെ കയ്യിലാണ് കൊണ്ടത്.
ഇതോടെ വലതുകൈ മുട്ട് അമര്‍ത്തിപിടിച്ച് സിറ്റ്‌സിപാക്കിന്റെ പിതാവ് മകനെ രൂക്ഷമായി നോക്കികൊണ്ട് എഴുന്നേറ്റുപോയി. പിന്നാലെയാണ് ഗാലറിയില്‍ നിന്നും അമ്മ പടികളിറങ്ങിവന്ന് മകനെ ചീത്തവിളിച്ചത്. ഈ പ്രകടനത്തിന് സിറ്റ്‌സിപാക്കിന് അമ്പയറുടെ പക്കല്‍ നിന്നും അച്ചടക്കലംഘനത്തിന് മുന്നറിയിപ്പ് ലഭിക്കുകയും ചെയ്തു. രണ്ടാം സെറ്റില്‍ വീണ്ടും സിറ്റ്‌സിപാക്ക് അച്ചടക്കം ലംഘിച്ചതോടെ ഒരു പോയിന്റ് പിഴയായി എതിര്‍താരത്തിന് അനുവദിക്കുകയും ചെയ്തു.
രണ്ടാം സെറ്റില്‍ തുടര്‍ച്ചയായി രണ്ട് ബ്രേക്ക് പോയിന്റ് അവസരങ്ങള്‍ നഷ്ടമാക്കിയതാണ് സിറ്റ്‌സിപാക്കിനെ പ്രകോപിപ്പിച്ചത്. മത്സരത്തില്‍ 7-6(7-6), 6-7(3-7), 7-6(7-5)നായിരുന്നു കിരിയോസ് ജയിച്ചത്.