രണ്ട് വര്‍ഷത്തിന് ശേഷം സാനിയ മിര്‍സയുടെ ഗംഭീര തിരിച്ചുവരവ്

2017 ഒക്‌ടോബറില്‍ ചൈന ഓപ്പണിലാണ് സാനിയ അവസാനമായി കളിച്ചിരുന്നത്...

Update: 2020-01-14 07:29 GMT
Advertising

രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള ടെന്നീസ് കോര്‍ട്ടിലേക്കുള്ള തിരിച്ചുവരവ് ജയത്തോടെ ഗംഭീരമാക്കി ഇന്ത്യയുടെ സാനിയ മിര്‍സ. ഡബിള്‍സില്‍ മുന്‍ലോക ഒന്നാം നമ്പറായ സാനിയ മിര്‍സ ഹൊബാര്‍ട്ട് ഇന്റര്‍നാഷണല്‍ വനിതാ ഡബിള്‍സ് ടൂര്‍ണ്ണമെന്റിലൂടെയാണ് തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.

2017 ഒക്‌ടോബറില്‍ ചൈന ഓപ്പണിലാണ് സാനിയ അവസാനമായി കളിച്ചത്. പരിക്കും പ്രസവവും മൂലമാണ് സാനിയമിര്‍സ ടെന്നീസ് കോര്‍ട്ടില്‍ നിന്നും ദീര്‍ഘമായ ഇടവേളയെടുത്തത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച വനിതാ ടെന്നീസ് താരമായ സാനിയ മിര്‍സ പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. 2018 ഏപ്രിലില്‍ ഇവര്‍ക്ക് ഇസ്ഹാന്‍ എന്ന ആണ്‍കുഞ്ഞ് ജനിച്ചിരുന്നു. ഇസ്ഹാനും കുടുംബാഗങ്ങളും 33കാരിയായ സാനിയയുടെ തിരിച്ചുവരവ് മത്സരം കാണാനെത്തിയിരുന്നു.

ആദ്യ റൗണ്ടില്‍ കാറ്റോ-കലാഷ്‌നിക്കോവ സഖ്യത്തെയാണ് സാനിയ കിച്ചെനോക്ക് സഖ്യം തോല്‍പിച്ചത്. ആദ്യ സെറ്റ് നഷ്ടമായതിന് ശേഷമായിരുന്നു സാനിയ സഖ്യത്തിന്റെ തിരിച്ചുവരവ്. സ്‌കോര്‍: 2-6, 7-6(3), 10-3. ഒരു മണിക്കൂറും 41 മിനുറ്റും നീണ്ടതായിരുന്നു മത്സരം. ഇന്തോ ഉക്രെയിന്‍ സഖ്യം അടുത്ത മത്സരത്തില്‍ അമേരിക്കയുടെ വനൈയ്‌ന കിംങിനേയും ക്രിസ്റ്റിയാന മെക്കേലിനേയും നേരിടും.

ആറ് ഗ്രാന്റ് സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള ഇന്ത്യയുടെ അഭിമാന താരമാണ് സാനിയ മിര്‍സ. 2013 ല്‍ സിംഗിള്‍സില്‍ നിന്നും സാനിയ വിരമിച്ചിരുന്നു.

Tags:    

Similar News