അമ്മയായ ശേഷം കളിച്ച ആദ്യ ടൂര്‍ണമെന്റില്‍ കിരീടം നേടി സാനിയ

ഹോബര്‍ട്ട് ഇന്റര്‍നാഷണലിലാണ് സാനിയ നാദിയ സഖ്യം വനിതാ ഡബിള്‍സില്‍ കിരീടം നേടിയത്...

Update: 2020-01-18 06:34 GMT
Advertising

രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള ടെന്നീസ് കോര്‍ട്ടിലേക്കുള്ള തിരിച്ചുവരവ് കിരീടനേട്ടത്തോടെ ഗംഭീരമാക്കി ഇന്ത്യയുടെ സാനിയമിര്‍സ. ഹോബര്‍ട്ട് ഇന്‍ര്‍നാഷണല്‍ ടൂര്‍ണമെന്റിലാണ് സാനിയ മിര്‍സ ഉക്രെയിന്റെ നാദിയ കിച്ചെനോക്ക് സഖ്യം കിരീടം നേടിയത്. ചൈനയുടെ പെങ് ഷുവായ്- സങ് ഷുവായ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചായിരുന്നു സാനിയ സഖ്യത്തിന്റെ കിരീട നേട്ടം.

6-4, 6-4ന് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സാനിയ നാദിയ സഖ്യം കലാശപോരാട്ടത്തില്‍ വിജയിച്ചത്. സാനിയയുടെ 42ആമത് ഡബ്ല്യു.ടി.എ കിരീടനേട്ടമാണിത്. 2017 ഒക്‌ടോബറില്‍ ചൈന ഓപ്പണിലാണ് സാനിയ അവസാനമായി കളിച്ചത്. പരിക്കും പ്രസവവും മൂലമാണ് സാനിയമിര്‍സ ടെന്നീസ് കോര്‍ട്ടില്‍ നിന്നും ദീര്‍ഘമായ ഇടവേളയെടുത്തത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച വനിതാ ടെന്നീസ് താരമായ സാനിയ മിര്‍സ പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. 2018 ഏപ്രിലില്‍ ഇവര്‍ക്ക് ഇസ്ഹാന്‍ എന്ന ആണ്‍കുഞ്ഞ് ജനിച്ചിരുന്നു.

ആറ് ഗ്രാന്റ് സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള ഇന്ത്യയുടെ അഭിമാന താരമാണ് സാനിയ മിര്‍സ. മൂന്നെണ്ണം ഡബിള്‍സിലും മൂന്നെണ്ണം മിക്‌സഡ് ഡബിള്‍സിലുമായിരുന്നു. 2013 ല്‍ സിംഗിള്‍സില്‍ നിന്നും സാനിയ വിരമിച്ചിരുന്നു. 2007ല്‍ 27ആം റാങ്കിലെത്തിയതാണ് സിംഗിള്‍സ് കരിയറിലെ സാനിയയുടെ ഉയര്‍ന്ന നേട്ടം.

Tags:    

Similar News