പ്രായം തളര്‍ത്തിയിട്ടില്ല, ഇനിയും ഗ്രാന്റ്സ്ലാം നേടുമെന്ന് ഫെഡറര്‍

ആസ്‌ട്രേലിയന്‍ ഓപണ്‍ സെമി ഫൈനലില്‍ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റാണ് പരിക്ക് വലച്ച ഫെഡറര്‍ പുറത്തായത്...

Update: 2020-01-31 03:27 GMT
Advertising

ഒരു ഘട്ടം കഴിഞ്ഞാല്‍ എല്ലാകായികതാരങ്ങളുടേയും പ്രധാന എതിരാളി പ്രായമാണ്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് റോജര്‍ ഫെഡറര്‍ ആദ്യമായി ആസ്‌ട്രേലിയന്‍ ഓപണില്‍ കളിക്കാനിറങ്ങിയത്. ഇക്കുറി പരിക്ക് വലച്ചിട്ടും സെമിയില്‍ ജോക്കോവിച്ചിനോട് തോറ്റ് പുറത്തായിട്ടും പ്രായം തന്നെ തളര്‍ത്തിയിട്ടില്ലെന്നാണ് 38കാരന്‍ റോജര്‍ ഫെഡറര്‍ മത്സരശേഷം പ്രതികരിച്ചത്.

ആസ്‌ട്രേലിയന്‍ ഓപണ്‍ സെമിയില്‍ ഫെഡറര്‍ക്കെതിരെ 7-6(1), 6-4, 6-3നായിരുന്നു ജോകോവിച്ചിന്റെ ജയം. ആസ്‌ട്രേലിയന്‍ ഓപണില്‍ അവസാന നാലില്‍ പുറത്തായെങ്കിലും ഫെഡററുടെ ആത്മവിശ്വാസത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ആസ്‌ട്രേലിയന്‍ ഓപണില്‍ സെമി വരെ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷവാനാണെന്നും മില്‍മാനും സാന്റ്ഗ്രനുമെതിരായ കളികളില്‍ ജയിക്കാനായത് നേട്ടമാണെന്നുമായിരുന്നു ഫെഡറര്‍ പ്രതികരിച്ചത്. വിരമിക്കലിനെകുറിച്ച് തല്‍കാലം ചിന്തിക്കുന്നില്ലെന്നും ഫെഡ് എക്‌സ്പ്രസ് കൂട്ടിച്ചേര്‍ത്തു.

20 ഗ്രാന്റ് സ്ലാമുകള്‍ നേടി റെക്കോഡിട്ടിട്ടുള്ള റോജര്‍ ഫെഡറര്‍ തനിക്ക് ഇനിയുമൊരു ഗ്രാന്റ് സ്ലാം കൂടി നേടാന്‍ ബാല്യമുണ്ടെന്ന് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ആറ് മാസങ്ങള്‍ക്ക് മുമ്പാണ് ഒമ്പതാം വിംബിള്‍ഡണും 21ആം ഗ്രാന്റ്സ്ലാമും നേടാനുള്ള സുവര്‍ണ്ണാവസരം ഫെഡറര്‍ക്ക് നഷ്ടമായത്. രണ്ട് മാച്ച് പോയിന്റുകള്‍ തകര്‍ത്ത് അന്ന് ഫെഡററെ തോല്‍പിച്ചതും സെര്‍ബിയന്‍ താരം ജോക്കോവിച്ച് തന്നെ. 17 ഗ്രാന്റ്സ്ലാം കിരീടങ്ങള്‍ സ്വന്തമായുള്ള ജോക്കോവിച്ചും ഫെഡററുടെ റെക്കോഡിന് പിന്നാലെയുണ്ട്.

സമകാലിക ടെന്നീസിലെ മൂവര്‍ സംഘത്തിലെ മറ്റൊരു താരമായ റാഫേല്‍ നദാലാണ് ഗ്രാന്റ്സ്ലാം കിരീടങ്ങളുടെ എണ്ണത്തില്‍ ഫെഡറര്‍ക്ക് തൊട്ടുപിന്നിലുള്ളത്. നദാലിന് 19 ഗ്രാന്റ്സ്ലാമുകളുണ്ട്. ടെന്നീസില്‍ പകരംവെക്കാനില്ലാത്ത ഈ മൂവര്‍ സംഘം മത്സരിച്ചു കളിക്കുമ്പോള്‍ പ്രായവും വര്‍ഷവും മാത്രമല്ല റെക്കോഡുകളും കൊഴിഞ്ഞു വീഴുന്നത് സ്വാഭാവികം മാത്രം.

Tags:    

Similar News