ഷറപോവ ടെന്നീസില്‍ നിന്നും വിരമിച്ചു
അഞ്ച് ഗ്രാന്റ്സ്ലാമുകള്‍ നേടിയ ഷറപോവ 17ആം വയസില്‍ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയിട്ടുണ്ട്...
അഞ്ച് തവണ ഗ്രാന്റ് സ്ലാം നേടിയിട്ടുള്ള മരിയ ഷറപോവ ടെന്നീസില്‍ നിന്നും വിരമിച്ചു. വോഗ് ആന്റ് വാനിറ്റി ഫെയറില്‍ എഴുതുന്ന കോളത്തിലൂടെയാണ് ഷറപോവ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2014ലെ ഫ്രഞ്ച് ഓപണാണ് 32കാരിയായ ഷറപോവ അവസാനമായി നേടിയ ഗ്രാന്റ്സ്ലാം.
1994ല്‍ ഏഴ് വയസുള്ളപ്പോഴാണ് ഷറപോവ ടെന്നീസ് പരിശീലനത്തിനായി റഷ്യയില്‍ നിന്നും അമേരിക്കയിലേക്കെത്തുന്നത്. 2004ല്‍ പതിനേഴ് വയസുള്ളപ്പോള്‍ വിംബിള്‍ഡണ്‍ നേടി ഷറപോവ ടെന്നീസിലെ കൗമാരവിസ്മയമായി. ലോക ഒന്നാം റാങ്ക് സെറീന വില്യംസിനെയായിരുന്നു ഷറപോവ തോല്‍പിച്ചത്. അത് വനിതാ ടെന്നീസിലെ പുതിയൊരു വൈരത്തിന്റെ തുടക്കമായിരുന്നു. പിന്നീട് മൂന്ന് ഗ്രാന്റ് സ്ലാം ഫൈനലുകളില്‍ സെറീനക്ക് മുന്നില്‍ ഷറപോവക്ക് അടിയറവ് പറയേണ്ടി വന്നുവെന്നതും ചരിത്രം.
രണ്ട് ഫ്രഞ്ച് ഓപണും ഒന്നുവീതം ആസ്‌ട്രേലിയന്‍, യു.എസ് ഓപണുകളും വിംബിള്‍ഡണുമാണ് ഷറപോവ നേടിയത്. 2012ല്‍ ലണ്ടന്‍ ഒളിംപിക്‌സില്‍ പങ്കെടുത്ത ഷറപോവ വെള്ളിമെഡല്‍ നേടിയിരുന്നു. അന്ന് ഫൈനലില്‍ ഷറപോവയെ തോല്‍പിച്ചതും സെറീന വില്യംസായിരുന്നു.
2016ല്‍ ആസ്‌ട്രേലിയന്‍ ഓപണിന് മുന്നോടിയായി നടന്ന ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടത് ഷറപോവക്ക് കരിയറിലെ ഏറ്റവും വലിയ തിരിച്ചടിയായി. രണ്ട് വര്‍ഷത്തെ വിലക്കാണ് ആദ്യം പ്രഖ്യാപിച്ചതെങ്കിലും ഷറപോവയുടെ അപ്പീലിനെ തുടര്‍ന്ന് വിലക്ക് 15 മാസമാക്കി ചുരുക്കി. ടെന്നീസ് കോര്‍ട്ടില്‍ മടങ്ങിയെത്തിയെങ്കിലും ഷറപോവക്ക് പിന്നീടൊരിക്കലും പഴയ പ്രതാപത്തിന്റെ പരിസരത്ത് പോലുമെത്താനായിരുന്നില്ല. കഴിഞ്ഞ ആസ്‌ട്രേലിയന്‍ ഓപണില്‍ ഒന്നാം റൗണ്ടില്‍ ഷറപോവ പരാജയപ്പെട്ടിരുന്നു.