കോവിഡ് 19 ദുരിതത്തിലായവര്‍ക്ക് ഏഴര കോടിയിലേറെ നല്‍കുമെന്ന് ഫെഡറര്‍
ഈ ദുരന്തത്തെ നമുക്ക് ഒന്നിച്ച് നേരിടാമെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ സ്വിസ് ടെന്നീസ് ഇതിഹാസം പറഞ്ഞിരിക്കുന്നത്...
കൊറോണ വൈറസ് ലോകം മുഴുവന്‍ മനുഷ്യരില്‍ ഭീതി പടര്‍ത്തുകയാണ്. വിഷമം പിടിച്ച ഈ അവസ്ഥയില്‍ ദുരിതത്തിലായവരെ സഹായിക്കാന്‍ കായികതാരങ്ങള്‍ അടക്കം നിരവധി പേരാണ് മുന്നോട്ടുവന്നിരിക്കുന്നത്. സ്വിസ് ടെന്നീസ് താരം റോജര്‍ ഫെഡററും ഭാര്യയും ഏഴ് കോടി രൂപയിലേറെയാണ് സംഭാവനയായി നല്‍കിയിരിക്കുന്നത്.
ഒട്ടുമിക്ക ലോകരാജ്യങ്ങളും ലോക്ഡൗണ്‍ നടപടികളുമായി മുന്നോട്ടുപോവുകയാണ്. ഇതിനിടെ ആരാധകര്‍ക്ക് ബോധവല്‍ക്കരണ സന്ദേശങ്ങളും സഹായങ്ങളുമായി കായികതാരങ്ങള്‍ രംഗത്തെത്തിയിരുന്നു. ടെന്നീസ് ലോകത്തെ സൂപ്പര്‍താരമായ റോജര്‍ ഫെഡറര്‍ 7.71 കോടിയിലേറെ രൂപ സ്വിറ്റ്‌സര്‍ലണ്ടിലെ കൊറോണ വൈറസില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
എല്ലാവര്‍ക്കും നിരവധി വെല്ലുവിളികളാണ് ഈ ദുരിതകാലത്ത് അനുഭവിക്കേണ്ടി വരുന്നത്. ഒരു ദശലക്ഷം സ്വിസ് ഫ്രാന്‍ക്(ഏകദേശം 7.71 കോടിരൂപ) സ്വിറ്റ്‌സര്‍ലണ്ടിലെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് നല്‍കാനാണ് എന്റെയും ഭാര്യ മിര്‍കയുടേയും തീരുമാനം. ഇതൊരു തുടക്കം മാത്രമാണ്. മറ്റുള്ളവരും ഇത് പിന്തുടരുമെന്നാണ് പ്രതീക്ഷ. ഒത്തൊരുമിച്ച് നമുക്ക് ഈ പ്രതിസന്ധി മറികടക്കാം- എന്നാണ് ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ ഫെഡറര്‍ അറിയിച്ചത്.