കൊച്ചിയില്‍ കനത്ത പുക; ബ്രഹ്മപുരം തീപിടിത്തത്തില്‍ അന്വേഷണം ഉടന്‍

സി.പി.എം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് തീപിടിത്തമെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം

Update: 2023-03-05 00:58 GMT
Advertising

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ തീപിടിത്തത്തിന് പിന്നാലെ നാലാം ദിവസവും കൊച്ചിയിൽ കനത്ത പുക. കലൂർ, പാലാരിവട്ടം, വൈറ്റില ഭാഗങ്ങളിൽ കാഴ്ച മറയ്ക്കുന്ന രീതിയിൽ കനത്ത പുകയാണ് അനുഭവപ്പെടുന്നത്. അത്യാവശ്യമുള്ളപ്പോൾ മാത്രമേ പരിസരവാസികൾ പുറത്തിറങ്ങാവൂ എന്ന് ജില്ലാ കലക്ടർ നിർദേശം നൽകി. മാലിന്യ പ്ലാന്‍റിലെ തീ പൂർണമായും അണയ്ക്കാൻ സാധിച്ചിട്ടില്ല.

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഉടന്‍ ആരംഭിക്കും. അതിനിടെ രാഷ്ട്രീയ ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. സി.പി.എം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് തീപിടിത്തമെന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം.

ബ്രഹ്മപുരത്തെ തീ കെടുത്താനുളള ശ്രമങ്ങള്‍ക്കിടെയാണ് പുതിയ രാഷ്ട്രീയ വിവാദം കോണ്‍ഗ്രസ് ആളിക്കത്തിക്കുന്നത്. സോറ്റ ഇൻഫ്രാ ടെക് എന്ന കമ്പനിക്ക് നഷ്ടം നികത്താന്‍ സി.പി.എം ആസൂത്രണം ചെയ്തതാണ് തീപിടിത്തമെന്ന ആരോപണമാണ് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉന്നയിക്കുന്നത്. മുന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്റെ മകളുടെ ഭര്‍ത്താവിന്റെ കമ്പനിയാണിത്. ബ്രഹ്മപുരത്തെ ബയോമൈനിങ് പ്ലാന്റില്‍ നിന്ന് സംസ്കരിച്ച് പുറന്തളളുന്ന അവശിഷ്ടം പ്ലാന്റില്‍ നിന്ന് നീക്കാനുളള കരാര്‍ നല്‍കിയത് ഈ കമ്പനിക്കാണ്. ഇത് സാധ്യമാകാതെ വന്നപ്പോള്‍ ഈ അവശിഷ്ടങ്ങള്‍ക്ക് തീയിട്ടു എന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.

തീപിടിത്തവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണവും ഉടന്‍ ആരംഭിക്കും. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറോട് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയിരുന്നു. ബ്രഹ്മപുരത്തെ 70 ഏക്കറോളം സ്ഥലത്താണ് തീപിടിത്തമുണ്ടായത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News