കേരളത്തിലെ പഴങ്ങൾക്കും പച്ചക്കറിക്കുമുള്ള നിരോധം യു.എ.ഇ പിൻവലിച്ചു

നിപാ വൈറസ്​ നിയന്ത്രണ വിധേയമായതിനെ തുടർന്നാണ്​ തീരുമാനം. എന്നാൽ കേരളത്തിൽ നിന്നുള്ള ചരക്കുകളിൽ വൈറസ്​ ബാധ ഇല്ല എന്ന സാക്ഷ്യപത്രം നിര്‍ബന്ധമാണ്.

Update: 2018-07-05 06:24 GMT
Advertising

കേരളത്തിൽ നിന്നുള്ള പഴങ്ങൾക്കും പച്ചക്കറിക്കും ഏർപ്പെടുത്തിയിരുന്ന നിരോധം യു.എ.ഇ പിൻവലിച്ചു. നിപാ വൈറസ് നിയന്ത്രണ വിധേയമായതിനെ തുടർന്നാണ് തീരുമാനം. എന്നാൽ കേരളത്തിൽ നിന്നുള്ള ചരക്കുകളിൽ വൈറസ് ബാധ ഇല്ല എന്ന സാക്ഷ്യപത്രം നിര്‍ബന്ധമാണ്. യു.എ.ഇ കാലാവസ്ഥാമാറ്റ പരിസ്ഥിതി മന്ത്രാലയം സാമൂഹിക മാധ്യമങ്ങൾ വഴിയാണ് വിലക്ക് നീക്കിയ വിവരം പരസ്യപ്പെടുത്തിയത്.

നിപാ പടർന്ന ഘട്ടത്തിൽ ലോകാരോഗ്യ സംഘടന നൽകിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് യു.എ.ഇയും മറ്റ് ഗൾഫ് രാജ്യങ്ങളും കേരള ഉൽപന്നങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. മെയ് 29നാണ് യു.എ.ഇയിൽ വിലക്ക് പ്രാബല്യത്തിൽ വന്നത്. ഗൾഫിലെ പച്ചക്കറി വിപണിയിലേക്ക് മുഖ്യപങ്ക് ഉൽപന്നങ്ങളും എത്തിയിരുന്ന കേരളത്തിൽ നിന്നുള്ള കയറ്റുമതി തടഞ്ഞതോടെ പല ആഹാര വിഭവങ്ങൾക്കും വലിയ ക്ഷാമം നേരിട്ടിരുന്നു.

നിരോധം ഏര്‍പ്പെടുത്തിയത് കേരളത്തിലെ കയറ്റുമതി, കര്‍ഷികമേഖലക്ക് വലിയ തിരിച്ചടിയായിരുന്നു. യു.എ.ഇയിലേക്ക് മാത്രം കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് ദിവസം 50ടണ്ണിലേറെ പഴം പച്ചക്കറി ഉല്‍പന്നങ്ങളാണ് എത്തുന്നത്. 23 ടണ്ണോളം ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് മാത്രമെത്തുന്നു. കേരളത്തില്‍ നിന്ന് പുറപ്പെടുന്നു എങ്കിലും ഇവയില്‍ നല്ലൊരു പങ്ക് തമിഴ്നാട്ടില്‍ ഉല്‍പാദിപ്പിച്ചവയാണ്.

നിപാരഹിത ജില്ലകളായി മലപ്പുറം, കോഴിക്കോട് എന്നിവയെ പ്രഖ്യാപിച്ചതിനെ തുടർന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം, ലോകാരോഗ്യ സംഘടന എന്നിവയുടെ കൂടി നിർദേശം കണക്കിലെടുത്താണ് വിലക്ക് പിൻവലിക്കാനുള്ള യു.എ.ഇ തീരുമാനം. സൗദി അറേബ്യ ഉൾപ്പെടെ മറ്റ് ഗൾഫ് രാജ്യങ്ങളും ഇറക്കുമതി വിലക്ക് ഉടൻ പിൻവലിച്ചേക്കും.

Full View
Tags:    

Similar News