അബൂദബി ക്ഷേത്രനിർമാണം; രൂപകൽപനക്ക് കരാറായി
ഇന്ത്യയോടുള്ള യു.എ.ഇയുടെ ഉദാരതയുടെ മികച്ച ദർശനമാണ് ക്ഷേത്രാനുമതിയെന്ന് ചടങ്ങിൽ സംബന്ധിച്ച പ്രമുഖർ അഭിപ്രായപ്പെട്ടു.
അബൂദബിയിൽ ഉയരുന്ന ഹിന്ദു ക്ഷേത്ര സാംസ്കാരിക സമുച്ചയത്തിന്റെ നിർമാണ പ്രവർത്തനം ഉടൻ ആരംഭിക്കും. ക്ഷേത്രത്തിന്റെ രൂപകൽപന ചുമതല സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റഗ്ലാൻസ്ക്വയിർ ആൻറ് പാർട്ണേഴ്സ് ഏറ്റെടുത്തു.
രൂപകൽപന സംബന്ധിച്ച ധാരണാ പത്രം ഇന്ത്യൻ അംബാസഡർ നവ്ദീപ് സിങ് സുരി, സിംഗപ്പൂർ അംബാസഡർ സാമുവൽ താൻ ചി സേ എന്നിവരുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ചു. ഇന്ത്യയോടുള്ള യു.എ.ഇയുടെ ഉദാരതയുടെ മികച്ച ദർശനമാണ് ക്ഷേത്രാനുമതിയെന്ന് ചടങ്ങിൽ സംബന്ധിച്ച പ്രമുഖർ അഭിപ്രായപ്പെട്ടു. മന്ദിർ ലിമിറ്റഡ് ചെയർമാൻ ഡോ. ബി.ആർ ഷെട്ടി, ആർ.എസ്.പി ആർക്കിടെക്റ്റ്സ് ഗ്ലോബൽ എം.ഡി ലൈ ഹുആൻ പോ എന്നിവരാണ് കരാർ ഒപ്പിട്ടത്. സാധു ബ്രഹ്മവി ഹരിദാസ്, യോഗേഷ് മേത്ത, ജസ്ബീർ സിങ് സാഹ്നി തുടങ്ങിയവരും സംബന്ധിച്ചു.
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സമ്മാനമായി അൽ റഹ്ബയിൽ അനുവദിച്ച ഭൂമിയിൽ അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്ഥ നേതൃത്വത്തിലാണ് ക്ഷേത്ര കോംപ്ലക്സ് നിർമിക്കുക. ഇൗ വർഷം ആദ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ക്ഷേത്രത്തിന്റെ പ്രതീകാത്മക ശിലാസ്ഥാപനം നിർവഹിച്ചത്. തുടർന്ന് സന്യാസിമാരുടെ നേതൃത്വത്തിൽ ഭൂമിപൂജയും നടന്നു. മന്ദിർ ലിമിറ്റഡ് എന്ന നോൺപ്രോഫിറ്റ് കമ്പനിയാണ് സാക്ഷാൽക്കാരം നിർവഹിക്കുക. എക്സ്പോ2020യോടനുബന്ധിച്ച് പ്രധാന ഭാഗത്തിെൻറ ഉദ്ഘാടനം നടക്കും.