സൈബർ കുറ്റകൃത്യനിയമം ഭേദഗതി ചെയ്ത് യു.എ.ഇ
സൈബർ കുറ്റകൃത്യത്തിന് 25 വർഷം വരെ തടവും 40 ലക്ഷം ദിർഹം വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന ഭേദഗതിയാണ് പ്രഖ്യാപിച്ചത്
യു.എ.ഇ സൈബർ കുറ്റകൃത്യനിയമം ഭേദഗതി ചെയ്ത് പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഉത്തരവിട്ടു. ഭീകര സംഘടനകൾ, അനധികൃത സംഘങ്ങൾ, അവയിലെ അംഗങ്ങൾ എന്നിവർക്ക് പൊതുജനങ്ങളുമായി ആശയവിനിമയം നടത്താൻ സൗകര്യം ചെയ്യുന്നത് 10 മുതൽ 25 വർഷം വരെ ജയിൽശിക്ഷയും 20 ലക്ഷം മുതൽ 40 ലക്ഷം വരെ ദിർഹം പിഴയും ലഭിക്കുന്ന കുറ്റമാണെന്ന് നിയമം വ്യക്തമാക്കുന്നു. ഇത്തരം അനധികൃത സംഘങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കുക, അവയെ പ്രശംസിക്കുക, സംഘങ്ങളുടെ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുക, സ്ഫോടക സാമഗ്രികളോ ഭീകരപ്രവൃത്തികൾക്ക് ഉപയോഗിക്കുന്ന മറ്റു വസ്തുക്കളുടെയോ നിർമാണത്തിന് സൗകര്യമൊരുക്കുക എന്നീ കുറ്റങ്ങൾക്കും ഇതേ ശിക്ഷകൾ ബാധകമാണ്.
വെറുപ്പ് പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വെബ്സൈറ്റ് സ്ഥാപിക്കുക, കൈകാര്യം ചെയ്യുക, ഒാൺലൈൻ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുക, ഇൻറർനെറ്റ് ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങൾക്കുള്ള ശിക്ഷ അഞ്ച് വർഷം തടവും അഞ്ച് ലക്ഷം മുതൽ പത്ത് ലക്ഷം വരെ ദിർഹം പിഴയുമാക്കി മാറ്റം വരുത്തി. ഇത്തരത്തിലുള്ള കുറ്റം ആദ്യമായി ചെയ്യുന്നവരെ നിരീക്ഷണത്തിന് കീഴിൽ കൊണ്ടുവരികയും ശിക്ഷാകാലയളവിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് അവരെ തടയുകയും ചെയ്യും.
ദേശീയ സുരക്ഷയെയും രാജ്യത്തിെൻറ ഉന്നത താൽപര്യങ്ങളെയും അപകടപ്പെടുത്തുന്ന വാർത്തകേളാ കാർട്ടൂണുകളോ മറ്റു തരത്തിലുള്ള ചിത്രങ്ങളോ ഉൾെക്കാള്ളുന്ന വെബ്സൈറ്റുകൾ കൈാര്യം ചെയ്യുന്നവർക്ക് താൽക്കാലിക തടവും പത്ത് ലക്ഷം ദിർഹം പിഴയും ലഭിക്കും. ജുഡീഷ്യൽ കോടതി അംഗങ്ങളെ ഭീഷണിപ്പെടുത്തുന്നവർക്കും സമാന ശിക്ഷയായിരിക്കും. കുറ്റകൃത്യം ചെയ്യുന്ന വിദേശികളെ ശിക്ഷകൾക്ക് ശേഷം നാടുകടത്തുമെന്നും നിയമം വ്യക്തമാക്കുന്നു. ഒൗദ്യോഗിക വിജ്ഞാപനത്തിൽ പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും.