സ്കൈപിനുള്ള നിരോധനം യു.എ.ഇ നീക്കുമെന്ന പ്രതീക്ഷയില്‍ മൈക്രോസോഫ്റ്റ്
ഇൻറർനെറ്റ് പ്രോട്ടോകോൾ സേവനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ യു.എ.ഇയിൽ സജീവം. ഇതിന്റെ ഭാഗമായി സ്കൈപിനുള്ള നിരോധനം യു.എ.ഇ അധികൃതർ നീക്കുമെന്ന പ്രതീക്ഷയിലാണ് മൈക്രോസോഫ്റ്റ് അധികൃതർ.
സ്കൈപിന്റെ ഉടമസ്ഥതയുള്ള മൈക്രോസോഫ്റ്റ്, ഫേസ്ടൈമിന്റെ ഉടമസ്ഥതയിലുള്ള ആപ്പിൾ എന്നിവയുമായി നേരത്തെ യു.എ.ഇ ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി ചർച്ച നടത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. സൗജന്യ വീഡിയോ സംസാര സേവനം ലഭ്യമാക്കുന്നവയാണ് സ്കൈപും ഫേസ് ടൈമും. 2017 ജൂണിലാണ് ഇവയ്ക്ക് നിരോധനം വന്നത്. വാട്ട്സാപ്, ഫേസ്ബുക്, വൈബർ, സ്നാപ്ചാറ്റ് എന്നിവ ലഭ്യമാക്കുന്ന കോളിങ് സേവനങ്ങളും യു.എ.ഇയിൽ നിയന്ത്രിക്കപ്പെടുന്നുണ്ട്. ഇത്തിസലാത്ത്, ഡു എന്നിവ മുഖേന പണമടച്ചാൽ ലഭ്യമാകുന്ന ബദൽ വിഡിയോ കോളിങ് സേവനങ്ങളാണ് ട്രാ എടുത്തുകാട്ടുന്നത്. ഇവയുടെ ഉപയോഗം വർധിച്ചതായും അതോറിറ്റി വ്യക്തമാക്കുന്നു. ഏതായാലും സ്കൈപ്പിനുള്ള വിലക്ക് അധികം വൈകാതെ നീങ്ങും എന്ന പ്രതീക്ഷയിൽ തന്നെയാണ് ഉപയോക്താക്കൾ.