ഹലാൽ ടൂറിസത്തിനായി കൂടുതൽ തുക ചെലവഴിച്ച് യു.എ.ഇ
ദുബൈ ചേംബർ ഒാഫ് കോമേഴ്സ് ഇൻഡസ്ട്രിയാണ് ഇതു സംബന്ധിച്ച വിശകലനം പുറത്തുവിട്ടത്
കഴിഞ്ഞ വർഷം ഹലാൽ ടൂറിസത്തിനായി കൂടുതൽ തുക ചെലവഴിച്ചത് യു.എ.ഇക്കാർ. 1760 കോടി ഡോളറാണ് യു.എ.ഇയിലെ താമസക്കാർ 2017ൽ രാജ്യത്തിന് പുറത്ത് ഇൗയിനത്തിൽ ചെലവഴിച്ചത്. ദുബൈ ചേംബർ ഒാഫ് കോമേഴ്സ് ഇൻഡസ്ട്രിയാണ് ഇതു സംബന്ധിച്ച വിശകലനം പുറത്തുവിട്ടത്.
വേൾഡ് ട്രാവൽ ടൂറിസം കൗൺസിൽ മാസ്റ്റർ കാർഡ് എന്നിവയുടെ കണക്കുകളെ അടിസ്ഥാനമാക്കിയാണ് വിശകലനം.
രണ്ടാം സ്ഥാനത്ത് സൗദി അറേബ്യയും മൂന്നാം സ്ഥാനത്ത് കുവൈത്തുമാണ്. സൗദി വിനോദസഞ്ചാരികൾ 1610 കോടി ഡോളറും കുവൈത്തികൾ 1040 കോടി ഡോളറുമാണ് 2017ൽ ഹലാൽ ടൂറിസം മേഖലയിൽ ചെലവഴിച്ചതെന്ന് വിശകലനത്തിൽ വ്യക്തമാക്കുന്നു. ദുബൈയിൽ ഒക്ടോബർ 30, 31 തീയതികളിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ആഗോള ഇസ്ലാമിക സാമ്പത്തിക സമ്മേളനത്തിെൻറ മുന്നോടിയായാണ് വിശകലനം തയാറാക്കിയത്.
ആഗോള മുസ്ലിം സഞ്ചാര മേഖല നിലവിൽ 18000 കോടി ഡോളറിേൻറതാണ്. 2020ഒാടെ ഇത് 22000 കോടിഡോളറിലെത്തുമെന്നാണ് കണക്കാക്കുന്നത്. മുസ്ലിം സഞ്ചാരികൾ 13.1 കോടിയിൽനിന്ന് 15.6 കോടിയായും വർധിക്കും.
2017ൽ ആളോഹരി 1374 ഡോളറാണ് മുസ്ലിം സഞ്ചാരികളുടെ ശരാശരി ചെലവ്. 2020ഒാടെ ഇത് 1410 ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വളർന്നുകൊണ്ടിരിക്കുന്ന ആഗോള ഇസ്ലാമിക സമ്പദ് വ്യവസ്ഥയെ പിന്തുണക്കുന്ന മുഖ്യ ഘടകങ്ങളിലൊന്നാണ് ഹലാൽ ടൂറിസമെന്ന് ദുബൈ ചേംബർ ചെയർമാൻ മാജിദ് സെയ്ഫ് ആൽ ഗുറൈർ പറഞ്ഞു.