ഇന്ത്യ-യു.എ.ഇ വാണിജ്യ ഉച്ചകോടി അടുത്ത ഒക്ടോബറില്‍
പ്രളയാനന്തര കേരളത്തിെൻറ പുനർനിർമാണ വികസന സാധ്യതകളും ഉച്ചകോടി ചർച്ച ചെയ്യുമെന്ന് ഇന്ത്യൻ അംബാസഡർ നവ്ദീപ് സിങ് സുരി അറിയിച്ചു
വാണിജ്യ മേഖലയിലെ പരസ്പര സഹകരണം ലക്ഷ്യമിടുന്ന ഇന്ത്യ-യു.എ.ഇ പങ്കാളിത്ത ഉച്ചകോടിയുടെ രണ്ടാം എഡീഷൻ ഒക്ടോബറിൽ ദുബൈയിൽ നടക്കും. വിദ്യാഭ്യാസം, ചെറുകിട-ഇടത്തരം സംരംഭങ്ങൾ, നൈപുണ്യവികസനം, മാനവശേഷി വളർച്ച എന്നീ മേഖലകൾക്ക് ഉൗന്നൽ നൽകി ഒരുക്കുന്ന ഉച്ചകോടിയിൽ ഇരു രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിതല സംഘങ്ങൾ, വ്യവസായ പ്രമുഖർ, സാമ്പത്തിക വിദഗ്ധർ തുടങ്ങിയവർ പങ്കുചേരും.
കേരളം, അസം, പുതുച്ചേരി, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളാണ് പരിപാടിയിൽ അണിനിരക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ. ഷാർജ, അബൂദബി എമിറേറ്റുകളുടെ വ്യാപാര വികസന നിക്ഷേപ സാധ്യതകളും പ്രാമുഖ്യത്തോടെ ചർച്ച ചെയ്യും. പ്രളയാനന്തര കേരളത്തിെൻറ പുനർനിർമാണ വികസന സാധ്യതകളും ഉച്ചകോടി ചർച്ച ചെയ്യുമെന്ന് ഇന്ത്യൻ അംബാസഡർ നവ്ദീപ് സിങ് സുരി പറഞ്ഞു.
ഇന്ത്യൻ സമൂഹം കാണുന്നതിനേക്കാൾ വ്യക്തതയോടെയാണ് യു.എ.ഇയിലെ വ്യവസായ നായകർ ഇന്ത്യയുടെ വളർച്ചയും സാധ്യതകളും കാണുന്നതെന്നും അബൂദബിയിലെ പ്രമുഖ സ്ഥാപനങ്ങൾ വൻതോതിലുള്ള നിക്ഷേപമാണ് അടുത്ത കാലയളവിലായി ഇന്ത്യയിൽ നടത്തിയതെന്നും അംബാസഡർ പറഞ്ഞു. ഒക്ടോബർ 30, 31 തീയതികളിൽ ദുബൈ അറ്റ്ലാന്റിസ് ഹോട്ടലിലാണ് ഉച്ചകോടി നടക്കുക.
പ്രധാന വ്യവസായ പങ്കാളിയായ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ യു.എ.ഇക്ക് അതീവ താൽപര്യമുണ്ടെന്ന് യു.എ.ഇ സാമ്പത്തിക മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി ജുമ അൽ കൈത് പറഞ്ഞു.
ദുബൈ കോൺസുൽ ജനറൽ വിപുൽ, ബിസിനസ് ലീഡേഴ്സ് ഫോറം പ്രസിഡൻറ് ഡോ. രാം ബുക്സാനി, ബോർഡ് അംഗം സുധേഷ് അഗ്രവാൾ, സെക്രട്ടറി ജനറൽ ശ്രീപ്രിയ കുമാരിയ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.