കേരളത്തില്‍ നിക്ഷേപമിറക്കാന്‍ ദുബെെ പോര്‍ട്ട്; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി
നിലവിൽ വല്ലാർപാടം കണ്ടെയിനർ ടെർമിനലിന്റെ നടത്തിപ്പ് ചുമതലയുള്ള ഡി.പി വേൾഡിന് കേരളത്തിൽ കൂടുതൽ മുതൽ മുടക്കാൻ പദ്ധതിയുള്ളതായി കമ്പനി അറിയിച്ചു.
എറണാകുളത്തു ലോജിസ്റ്റിക് പാർക്ക് നിർമിക്കാൻ ‘ദുബൈ പോർട്ട് വേൾഡ്’ സന്നദ്ധത അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ദുബായില്‍ നടത്തിയ ചർച്ചക്ക് ശേഷമണ് ഡി.പി വേൾഡ് ഇക്കാര്യം അറിയിച്ചത്.
നിലവിൽ വല്ലാർപാടം കണ്ടെയിനർ ടെർമിനലിന്റെ നടത്തിപ്പ് ചുമതലയുള്ള ഡി.പി വേൾഡിന് കേരളത്തിൽ കൂടുതൽ മുതൽ മുടക്കാൻ പദ്ധതിയുള്ളതായി ചെയർമാൻ സുൽത്താൻ ബിൻ സുലൈമാണ് മുഖ്യമന്ത്രിയെ അറിയിച്ചത്. ലോജിസ്റ്റിക് പാർക്ക്, വെയർഹൌസ് സംവിധാനങ്ങൾ കേരളത്തിൽ വേണമെന്ന് ദുബൈ വേൾഡിന് ആഗ്രഹമുണ്ട്. നടപടിക്രമങ്ങൾ വേഗത്തിൽ ലഭ്യമാകുന്ന സാഹചര്യം കേരളത്തിലുണ്ട് എന്നാണ് തങ്ങളുടെ അനുഭവമെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
ഉൾനാടൻ ജലഗതാത വികസനത്തിലും തങ്ങൾക്ക് താത്പര്യമുണ്ടെന്ന് സുലൈം പറഞ്ഞു. ഈ സംരംഭങ്ങളിൽ ഡി.പി വേൾഡിന് കേരളത്തിന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നോർക്ക വൈസ് ചെയര്മാൻ എം.എ യൂസഫലി, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവൻ തുടങ്ങിയവർ സന്നിഹിതരായിന്നു.