യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് തീരാന്‍ ഇനി അഞ്ചുനാള്‍ മാത്രം  

അനധികൃത താമസക്കാര്‍ നിയമത്തിന് വഴങ്ങണമെന്ന് യു.എ.ഇ

Update: 2018-10-27 01:56 GMT
Advertising

അനധികൃത താമസക്കാർക്കായി യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പിന് ഇനി അഞ്ചു നാളുകൾ കൂടി. നിയമനടപടി പൂർത്തിയാക്കി എല്ലാ അനധികൃത കുടിയേറ്റക്കാരും ഇൗ മാസം 31നു മുമ്പ് രാജ്യം വിടണമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.

മൂന്നു മാസത്തേക്ക് യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പാണ് ഇൗ മാസം 31 ഒാടെ അവസാനിക്കുന്നത്. നിയമലംഘകരായി യു.എ.ഇയിൽ കഴിയുന്നവർക്ക് രാജ്യം വിട്ടുപോകാനുള്ള അവസാനത്തെ അവസരമാണിതെന്നും ‌രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യാത്തവർക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് അതോറിറ്റി അറിയിച്ചു.

പൊതുമാപ്പ് കാലാവധിനീട്ടില്ലെന്നും നിയമലംഘകർ എത്രയും വേഗം പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ മുന്നോട്ടുവരണമെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്. വിവിധ കാരണങ്ങളാൽ അനധികൃതമായി രാജ്യത്ത് തങ്ങിയവരുടെ ലക്ഷക്കണക്കിന് തുക വേണ്ടെന്നു വെച്ചാണ് യു.എ.ഇ പൊതുമാപ്പിന്റെ ആനുകൂല്യം അനുവദിച്ചിരിക്കുന്നത്.

പുതിയ ജോലി കണ്ടെത്താനായി ആറു മാസത്തെ താൽക്കാലിക വീസയും നൽകുന്നു എന്നതാണ് ഇത്തവണ പൊതുമാപ്പിന്റെ പ്രത്യേകത. മറ്റു ജോലികളിലേക്ക് മാറാനും സൗകര്യം ഒരുക്കിയത് ആയിരങ്ങൾക്ക് തുണയായി. ആയിരങ്ങൾ പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ‌‌നിയമലംഘകർക്ക് ജോലിയോ അഭയമോ നൽകുന്നവർക്കും കടുത്ത ശിക്ഷയാകും കാത്തിരിക്കുന്നത്.

Full View

ഓഗസ്റ്റ് 1 മുതൽ കഴിഞ്ഞ ദിവസം വരെ അബുദാബി ഇന്ത്യൻ എംബസി 559 ഔട്ട്പാസും 249 പാസ്പോർട്ടുകളും അനുവദിച്ചിട്ടുണ്ട്. എംബസിയുടെ നേതൃത്വത്തിൽ പൊതുമാപ്പ് അപേക്ഷകർക്കായി തൊഴിൽ മേളയും സംഘടിപ്പിച്ചിരുന്നു.

Tags:    

Similar News