ലോക ബാങ്ക് തയാറാക്കിയ ബിസിനസ് സുഗമ രാജ്യങ്ങളുടെ വാർഷിക പട്ടികയിൽ യു.എ.ഇക്ക് വൻ മുന്നേറ്റം
ബിസിനസ് ആരംഭിക്കൽ, വൈദ്യുതി ലഭ്യമാക്കൽ, റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ, വായ്പ എന്നിവക്കുള്ള നടപടികളാണ് യു.എ.ഇ സുഗമമാക്കിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
ലോക ബാങ്ക് തയാറാക്കിയ ബിസിനസ് സുഗമ രാജ്യങ്ങളുടെ വാർഷിക പട്ടികയിൽ യു.എ.ഇക്ക് വൻ മുന്നേറ്റം. 10 റാങ്കുകൾ മുന്നേറി യു.എ.ഇ പതിനൊന്നാം സ്ഥാനത്തെത്തി. രാജ്യം സാമ്പത്തികമായി മുന്നേറിയതായി വേൾഡ് ബാങ്ക് റിപ്പോർട്ടിൽ വ്യക്തമാക്കി. യു.എ.ഇയും മലേഷ്യയുമാണ് ഏറ്റവും മികച്ച 20 രാജ്യങ്ങളിൽ പുതുതായി ഉള്‍പ്പെട്ടത്.
കഴിഞ്ഞ വർഷം നാല് പ്രധാന പരിഷ്കാരങ്ങളാണ് യു.എ.ഇ നടപ്പാക്കിയത്. ബിസിനസ് ആരംഭിക്കൽ, വൈദ്യുതി ലഭ്യമാക്കൽ, റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ, വായ്പ എന്നിവക്കുള്ള നടപടികളാണ് യു.എ.ഇ സുഗമമാക്കിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
മിന മേഖലയിൽനിന്ന് ആദ്യമായാണ് ഒരു രാജ്യം മികച്ച 20 രാജ്യങ്ങളിൽ ഉൾപ്പെടുന്നത്. സ്വീഡൻ, കാനഡ, ജർമനി, സ്പെയിൻ, ഫ്രാൻസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളെയാണ് യു.എ.ഇ പിന്നിലാക്കിയത്.
150 കിലോവോൾട്ട് ആമ്പിയർ വരെയുള്ള വാണിജ്യവ്യവസായ വൈദ്യുതി കണക്ഷന് എല്ലാ വിധ ചെലവുകളും ഒഴിവാക്കി നടപടികൾ വളരെ സുതാര്യമാക്കിയതായി വേൾഡ് ബാക് റിപ്പോർട്ടിൽ വ്യക്തമാക്കി. ബിസിനസ് സ്റ്റാർട്ടപ്പുകൾക്ക് പരിഷ്കരിച്ച ഓൺലൈൻ നടപടികൾ അവതരിപ്പിച്ചു. ഇതു വഴി കൂടുതൽ സുതാര്യതയോ ലാൻഡ് അഡ്മിനിസ്ട്രേഷൻ സിസ്റ്റത്തിൽ വസ്തു രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നു. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാവുന്ന വസ്തുക്കളുടെ രജിസ്റ്റർ ഉണ്ടാക്കി വായ്പ സംവിധാനത്തെ ശക്തമാക്കുകയും ബിസിനസിന് പണം വായ്പ നൽകൽ ബാങ്കുകൾക്ക് സുരക്ഷിതവുമാക്കി.
കൂടാതെ ജഡ്ജിമാർക്ക് മികച്ച പരിശീലനം നൽകിയും പ്രത്യേക വാണിജ്യ കോടതികൾ സ്ഥാപിച്ചും ഇലക്ട്രോണിക് കേസ് മാനേജ്മെനറ് സംവിധാനമൊരുക്കിയും ജുഡീഷ്യറിയെ ആധുനികവത്കരിച്ചു.
വൈദ്യുതി ലഭ്യത, നികുതിയടവ്, നിർമാണ പെർമിറ്റ് കൈകാര്യം ചെയ്യൽ, കരാർ നടപ്പാക്കൽ, ന്യൂനപക്ഷ താൽപര്യ സംരക്ഷണം, വായ്പ ലഭ്യത തുടങ്ങി പത്ത് കാര്യങ്ങളിലെ സ്കോർ കണക്കാക്കി മൊത്തം 190 രാജ്യങ്ങളുടെ പട്ടികയാണ് ലോകബാങ്ക് തയാറാക്കിയത്. പട്ടികയിൽ ഒന്നാം സ്ഥാനത്ത് ന്യൂസിലൻഡാണ്. സിംഗപ്പൂർ രണ്ടാം സ്ഥാനത്തും ഡെന്മാർക്ക് മൂന്നാം സ്ഥാനത്തമെത്തി.