യു.എ.ഇയില്‍ പ്രമേഹ രോഗികളുടെ എണ്ണം കുറഞ്ഞ് വരുന്നതായി റിപ്പോര്‍ട്ട്
പുകവലി ശീലമുള്ളവരുടെ എണ്ണം 11.1 ശതമാനത്തില്‍ നിന്ന് 9.1 ആയും കുറഞ്ഞിട്ടുണ്ട്
യു.എ.ഇയില്‍ പ്രമേഹരോഗികളുടെ എണ്ണം കുറഞ്ഞുവരുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ആരോഗ്യമന്ത്രാലയം നടത്തിയ സര്‍വേ അനുസരിച്ച് കൊളസ്ട്രോള്‍ പ്രശ്നമുള്ളവരുടെ എണ്ണത്തിലും പുകവലിക്കാരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
യു.എ.ഇ സ്വദേശികളും പ്രവാസികളുമായ പതിനായിരം കുടുംബങ്ങളില്‍ ആരോഗ്യമന്ത്രാലയം നടത്തിയ സര്‍വേയുടെ വിവരങ്ങളാണ് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സര്‍വേ പ്രകാരം പ്രായപൂര്‍ത്തിയായ പ്രമേഹരോഗികളുടെ എണ്ണം 18.9 ശതമാനത്തില്‍ നിന്ന് 11.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 2010ലാണ് നേരത്തേ സമാനമായ സര്‍വേ നടത്തിയിരുന്നത്.
ഉയര്‍ന്ന കൊളസ്ട്രോള്‍ പ്രശ്നം അനുഭവിക്കുന്നവരുടെ എണ്ണം 57.6 ശതമാനത്തില്‍ നിന്ന് 43.7 ശതമാനമായി കുറഞ്ഞു. അമിതവണ്ണമുള്ള എണ്ണം 27.8 ശതമാനമായി. നേരത്തേ ഇത് 37.2 ശതമാനമായിരുന്നു.
പുകവലി ശീലമുള്ളവരുടെ എണ്ണം 11.1 ശതമാനത്തില്‍ നിന്ന് 9.1 ആയി കുറഞ്ഞിട്ടുണ്ട്. മുലയൂട്ടലിന്റെ നിരക്ക് 25.7 ശതമാനമായി ഉയര്‍ന്നതായും സര്‍വേ വ്യക്തമാക്കുന്നു. മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഹുസൈന്‍ അബ്ദുറഹ്മാന്‍ അല്‍ റന്ദ് ആണ് സര്‍വേഫലം പുറത്തുവിട്ടത്.