പ്രവാസികൾക്ക് 100 % ഓഹരി പങ്കാളിത്തം; നിയമഭേദഗതി പ്രഖ്യാപിച്ച് യു എ ഇ
സ്വദേശിയുടെ പങ്കാളിത്തം ഇനി നിർബന്ധമല്ല
യു എ ഇയിൽ ഇനി പ്രവാസികളുടെ സമ്പൂർണ ഉടസ്ഥതയിൽ വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങാം. മുഖ്യ ഓഹരി പങ്കാളിത്തം സ്വദേശിക്ക് ആയിരക്കണമെന്ന നിബന്ധന ഒഴിവാക്കി. കമ്പനി ഉടമസ്ഥാവകാശ നിയമത്തിൽ പ്രസിഡന്റാണ് ഭേദഗതി വരുത്തി ഉത്തരവിറക്കിയത്. നിലവിൽ ഫ്രീസോണുകളിലാണ് പ്രവാസികൾക്ക് സമ്പൂർണ ഉടമസ്ഥാവകാശത്തിന് അനുമതിയുള്ളത്.
കമ്പനി ഉടസ്ഥവകാശ നിയമത്തിൽ വലിയ മാറ്റങ്ങളാണ് യു എ ഇ പ്രഖ്യാപിച്ചത്. ഭേദഗതികളിൽ പലതും ഡിസംബർ ഒന്ന് മുതൽ നിലവിൽ വരും. ചിലത് ആറ് മാസത്തിന് ശേഷവും പ്രാബല്യത്തിലാകും. നേരത്തേ ഫ്രീസോണിന് പുറത്ത് ലിമിറ്റഡ് കമ്പനികൾ തുടങ്ങുന്നതിന് 51 ശതമാനം ഓഹരി പങ്കാളിത്തം സ്വദേശിക്ക് ആയിരിക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു. ഇത് ഒഴിവാക്കി പൂർണമായും പ്രവാസികളുടെ ഓഹരിപങ്കാളിത്തത്തിൽ ഓൺഷോറിൽ സ്ഥാപനങ്ങൾ തുടങ്ങാം. എണ്ണഖനനം, ഊർജോൽൽപാദനം, പൊതുഗതാഗതം, സർക്കാർ സ്ഥാപനം തുടങ്ങി തന്ത്രപ്രധാന മേഖലകളിൽ പക്ഷെ, വിദേശ നിക്ഷേപത്തിന് നിയന്ത്രണങ്ങൾ തുടരും. കമ്പനികളുടെ 70 ശതമാനം ഷെയറുകളും ഇനി ഓഹിരി വിപണികളിലൂടെ പൊതുജനങ്ങൾക്ക് വിൽക്കാം. നേരത്തേ 30 ശതമാനം ഷെയറുകൾ മാത്രമാണ് അനുവദിച്ചിരുന്നത്. വീഴ്ചകളുണ്ടായാൽ കമ്പനികളുടെ ചെയർമാനും സീനിയർ ഉദ്യോഗസ്ഥർക്കും എതിരെ ഓഹരി ഉടമകൾക്ക് സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്യാനും പുതിയ നിയമം അനുമതി നൽകുന്നുണ്ട്. പുതിയ നിയമം കൂടുതൽ വിദേശനിക്ഷേപം യു എ ഇയിലെത്തിക്കും എന്നാണ് കണക്കാക്കുന്നത്.