ലിംഗ സമത്വ റിപ്പോര്‍ട്ടില്‍ കുതിപ്പുമായി യു.എ.ഇ
കഴിഞ്ഞ വർഷത്തെ റിപ്പോർട്ടിൽ 120ാം സ്ഥാനത്തായിരുന്ന യു.എ.ഇക്ക് 72ാം സ്ഥാനത്തേക്ക് മുന്നേറാനും സാധിച്ചു.
ലോക സാമ്പത്തിക ഫോറത്തിന്റെ ലിംഗസമത്വ റിപ്പോർട്ടില്‍ അറബ് ലോകത്ത് യു.എ.ഇ മുന്നില്‍. എല്ലാ തുറകളിലും സ്ത്രീ ശാക്തീകരണം ഉറപ്പാക്കുന്നതിൽ യു.എ.ഇ ലോകരാജ്യങ്ങൾക്കു തന്നെ മാതൃകയാണെന്ന് റിപ്പോർട്ടിലുണ്ട്.
2021ലെ ജെൻഡർ ഗ്യാപ് റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. പാർലമെൻറ് പങ്കാളിത്തം, ജനനത്തിലെ ലിംഗനിരക്ക്, സാക്ഷരത, പ്രാഥമിക വിദ്യഭ്യാസ പ്രവേശനം എന്നീ സൂചികകളിൽ ലോകത്തെ ഒന്നാം സ്ഥാനം യു.എ.ഇക്ക് ലഭിച്ചു. ലിംഗസമത്വത്തെ കുറിച്ച ആഗോള സൂചികകൾ വിശദമാക്കുന്ന റിപ്പോർട്ടിൽ 70 ശതമാനത്തിലേറെ ലിംഗവ്യത്യാസം മറികടക്കാൻ രാജ്യത്തിന് സാധിച്ചതായും റിപ്പോർട്ട് വിലയിരുത്തുന്നു.
കഴിഞ്ഞ വർഷത്തെ റിപ്പോർട്ടിൽ ലോകത്ത് 120ാം സ്ഥാനമായിരുന്നു യു.എ.ഇക്ക്. ഇത്തവണ അതിൽ നിന്ന് 72ാം സ്ഥാനത്തേക്ക് മുന്നേറാനും സാധിച്ചു.
മിന്നുന്ന നേട്ടം ഉറപ്പാക്കിയതിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സംതൃപ്തി രേഖപ്പെടുത്തി. ശൈഖ ഫാത്തിമ ബിൻത് മുബാറകിനെ ശൈഖ് മുഹമ്മദ് പ്രത്യേകം അഭിനന്ദിച്ചു.